ഇത്തവണ ഫിഫ വിമന്‍സ് വേള്‍ഡ് കപ്പ് വളരെയേറെ പ്രത്യേകതകളോടെ കൊണ്ടാടിയപ്പോള്‍ അതിലെ ചില പ്രധാന സംഭവ വികാസങ്ങളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം. 1991ല്‍ ആരംഭിച്ച വിമന്‍സ് വേള്‍ഡ് കപ്പ് ആദ്യമായാണ് ഇരട്ട ആതിഥേയത്വം വഹിക്കുന്നത്. പുരുഷ വേള്‍ഡ് കപ്പിന് സമാനമായി 32 ടീമുകള്‍ ഉള്‍കൊണ്ട ഒരു വനിതാ ലോകകപ്പും ഇതാദ്യമാണെന്നതും പ്രത്യേകതയാണ്.
2015ല്‍ 16 ടീമുകളില്‍ നിന്ന് 24 ആക്കി ഉയര്‍ത്തിയതിന് ശേഷം ഇതിന് മുന്‍പ് നടന്ന എട്ട് ടൂര്‍ണമെന്റുകളില്‍ പകുതിയോളം തന്നെ ചാമ്പ്യന്മാരായത് യു.എസ്.എ ആയിരുന്നു. രണ്ട് തവണ ജര്‍മനിയും ജപ്പാന്‍, നോര്‍വേ എന്നീ ടീമുകള്‍ ഓരോ തവണയും കപ്പുയര്‍ത്തി. തീര്‍ന്നില്ല അമേരിക്കന്‍ ആധിപത്യം, നേരത്തെ രണ്ട് തവണ ആതിഥേയത്വം വഹിച്ചും, ടൂര്‍മെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളുകളടിച്ചും (138) എക്കാലവും ടൂര്‍ണമെന്റ് ഫേവറിറ്റുകളായി അവര്‍ നിന്നു. വ്യക്തിഗത സ്‌കോറര്‍മാരെ പരിശോധിക്കുമ്പോള്‍ അത് തന്റെ കരിയറിലെ ആറാം ലോകകപ്പിനായി ബൂട്ട് കെട്ടുന്ന ബ്രസീലിയന്‍ ഇതിഹാസം മാര്‍ത്തയുമാണ് (17).
ലോക വനിതാ ഫുട്‌ബോളിന്റെ വളര്‍ച്ചയെ സാക്ഷ്യപ്പെടുത്തുന്ന വിപുലീകരണങ്ങള്‍ തന്നെ ഇവിടെയും സാധ്യമായി. 24 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ നിന്ന് 31ല്‍ എത്താന്‍ പുരുഷ ലോകകപ്പിന് നാല് ടൂര്‍ണമെന്റുകള്‍ വേണ്ടി വന്നപ്പോള്‍ വനിതകള്‍ക്കത് രണ്ട് ലോകകപ്പുകൊണ്ട് സാധിച്ചു. രണ്ട് രാജ്യങ്ങളിലെ വേദികളിലായി ആദ്യമായി സംഘടിപ്പിച്ചു എന്നത് കൂടാതെ ഇതുവരെ സംഘടിപ്പിച്ചതിന് വിപരീതമായി സൗത്തേണ്‍ ഹെമിസ്ഫിയറിലേക്കും ലോക പോരാട്ടം എത്തുന്നത് ഇതാദ്യം.
തീര്‍ന്നില്ല, ലോകമെമ്പാടുമുള്ള വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ നടത്തിയ വലിയ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി 2019നെക്കാള്‍ മൂന്ന് മടങ്ങ് സമ്മാനത്തുകയും (110M USD), വ്യക്തികള്‍ക്കുള്ള പ്രതിഫലം 2022 ഖത്തര്‍ ലോകകപ്പിലെ പുരുഷന്മാരേതിന് തുല്യമായി 30000USD ആയും ഉയര്‍ത്തിയ ലോകകപ്പ് കൂടിയാണിത്.
32 അംഗ വര്‍ധനവോടുകൂടി ടോപ്-20 ടീമിലെ 17 ടീമുകള്‍ക്കും നിരവധി പുതുമുഖ ടീമുകള്‍ക്കും മാറ്റുരക്കാനുള്ള വേദി ലഭ്യമായി. ടൂര്‍ണമെന്റിലെ നാലില്‍ ഒന്നും ലോകകപ്പ് പുത്തനനുഭവമായിരുന്നു. ഹെയ്തി, ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം, മൊറോക്കോ, സാംബിയ, പനാമ, പോര്‍ച്ചുഗല്‍, റിപ്പബ്ലിക് ഓഫ് അയര്‍ലാന്‍ഡ് എന്നീ ടീമുകളാണത്. 32ല്‍ രണ്ട് ടീമുകള്‍ ആതിഥേയത്വം വഹിച്ചും, 27 ടീമുകള്‍ കോണ്‍ഫെഡറേഷന്‍ വഴിയും, മൂന്ന് ടീമുകള്‍ ഇന്റര്‍-കോണ്ടിനെന്റല്‍ പ്ലേ ഓഫ് കളിച്ചുമാണ് യോഗ്യത നേടിയത്.
ഇതില്‍ യോഗ്യതക്കായി പ്രത്യേക മത്സരങ്ങള്‍ നടത്തിയത് യൂറോപ്പ്യന്‍ കോണ്ടിനെന്റ് ആണ്. മറ്റ് ടീമുകള്‍ക്ക് കോണ്ടിനെന്റല്‍ ചാമ്പ്യന്‍ഷിപ്പുകളിലൂടെ അവരുടെ സ്ഥാനം നേടാന്‍ കഴിയും. യുവേഫ വിമന്‍സ് ചാമ്പ്യന്‍സ് ലീഗിലെ ശരാശരി അറ്റന്‍ഡന്‍സ് കൂടുന്നുണ്ടെങ്കിലും, കഴിഞ്ഞ നാല് FWWC പതിപ്പുകളിലെ ശരാശരി അറ്റന്‍ഡന്‍സ് കുറഞ്ഞ് വരുന്ന രീതിയായിരുന്നെങ്കിലും ഇത്തവണ അതിന് മാറ്റം സംഭവിച്ചിരുന്നു. ഓസ്ട്രേലിയയിലെ ശരാശരി കാണികളുടെ എണ്ണത്തില്‍ വര്‍ധനവുകള്‍ ഉണ്ടെങ്കിലും ന്യൂസ്ലാന്‍ഡില്‍ സ്ഥിതി വ്യത്യസ്തമാണ്.
നിക്ഷേപത്തിന്റെ കാര്യത്തില്‍ വലിയ പിന്തുണയാണ് ഇത്തവണ ഫിഫയില്‍ നിന്നുണ്ടായിട്ടുള്ളത്. ചില സന്ദര്‍ഭങ്ങളില്‍ ഈ രാജ്യങ്ങളുടെ വളരെ ചെറിയ ഫെഡറേഷനുകള്‍ വനിതാ ഫുട്‌ബോളിന് ചെലവാക്കിയ തുക പൂര്‍ണമായും ബാങ്ക് ലോണ്‍ ആയിരുന്നു. ഫിഫയുടെ വികസനത്തിനുള്ള മുഴുവന്‍ പണവും ലഭിക്കാന്‍ ഈ ഫെഡറേഷനുകള്‍ക്ക് വനിതാ വിഷയങ്ങളില്‍ കൂടി ഇടപെടലുകള്‍ നടത്തേണ്ടത് അത്യാവശ്യമായിരുന്നു എന്നതാണ് കാരണം. ആ നിക്ഷേപം കൃത്യമായി നടന്നിട്ടുമുണ്ട്. അത് മികച്ച പരിശീലനത്തിനും പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അവരുടെ രാജ്യങ്ങളിലെ ഫുട്‌ബോള്‍ പ്രോഗ്രാമുകളിലേക്ക് എത്തിപ്പെടാനും കാരണമായി.
ഗ്രൂപ്പ് എ :
ഉദ്ഘാടന മത്സരത്തില്‍ തന്നെ ചരിത്രം പിറവികൊള്ളുകയായിരുന്നു. നോര്‍വേയുടെ പിഴവുകള്‍ മുതലെടുത്ത ന്യൂസിലാന്‍ഡ്, തങ്ങളുടെ ഹോം ആരാധകരുടെ പരിപൂര്‍ണ്ണ പിന്തുണയോടെ മത്സരം 1-0ത്തിന് സ്വന്തമാക്കി. കഴിഞ്ഞ ആറ് ലോകകപ്പ് പങ്കാളിത്തത്തിലെ ആദ്യ വിജയം. ടൂര്‍ണമെന്റില്‍ അധികം മുന്നോട്ട് പോവില്ല എന്നും, ആതിഥേയത്വം കാരണം മാത്രം പങ്കെടുക്കാനുള്ള അവസരം നേടി എന്ന ചീത്തപ്പേരാണ് ഇതോടെ കിവിപ്പടക്ക് മാറ്റിയെടുക്കാനായത്.
എന്നാല്‍ യാത്ര അധികം മുന്നോട്ട് പോയില്ല. നാല് ടീമുകള്‍ക്കും ഓരോ ജയം മാത്രം കൈമുതലായുള്ളപ്പോള്‍ യൂറോപ്പില്‍ നിന്ന് വണ്ടി കയറിയ സ്വിറ്റ്‌സര്‍ലന്റും നോര്‍വെയും നോക്ക് ഔട്ട് സ്റ്റേജിലേക്ക് കടന്നു. നോര്‍വേ-ഫിലിപ്പൈന്‍സ് മത്സരത്തിലെ 6-0ത്തിന്റെ ഏകപക്ഷീയ വിജയമാണ് ഒരേ പോയിന്റുള്ള ന്യൂസിലാന്‍ഡിനെ ഗോള്‍ ഡിഫറന്‍സ് വ്യത്യാസത്തില്‍ മറികടക്കാന്‍ 1995ലെ ലോകചാമ്പ്യന്മാരായ നോര്‍വെയെ സഹായിച്ചത്.
ഗ്രൂപ്പ് ബി:
ആതിഥേയരും, പുതുമുഖവും, ടൈറ്റില്‍ കോണ്ടസ്റ്റും, അടങ്ങിയതാണ് ഗ്രൂപ്പ് ബി. മറ്റില്‍ദാസ് എന്ന് വിളിപ്പേരുള്ള ഓസ്ട്രേലിയ വെറുതെ പങ്കെടുത്ത് പോയേക്കാമെന്ന മോഹമായല്ല ആതിഥേയത്വം വഹിച്ചത്. മെഡലുകളിലൊന്ന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ വെച്ച് തന്നെയണിയണം എന്നാഗ്രഹം പ്രകടിപ്പിച്ചാല്‍ പോലും അഹങ്കാരമാവില്ല.
പരിക്കിന്റെ പിടിയിലുള്ള ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സാം കെര്‍ ഒരു ഇന്റര്‍നാഷണല്‍ സൂപ്പര്‍സ്റ്റാറും ഈ ടൂര്‍ണമെന്റിലെ പോസ്റ്റര്‍ ഗേളുമാണ്. പക്ഷെ ഗ്രൂപ്പ് ഘട്ടത്തിലെ ഒരു മാച്ചിലും അവര്‍ക്ക് ബൂട്ട് കെട്ടാനായില്ല. ഫിഫ വീഡിയോ ഗെയ്മിന്റെ കവര്‍ ഫ്രെയിമില്‍ വന്ന ആദ്യ വനിത, അമേരിക്കന്‍, ഓസ്‌ട്രേലിയന്‍, ഇംഗ്ലീഷ് ലീഗുകളിലെ ടോപ് സ്‌കോറര്‍ പട്ടം ചൂടിയ വനിത തുടങ്ങി ഒരുപാട് പ്രത്യേകതയുള്ളവരാണ് സാം കെര്‍. പക്ഷെ അതിന്റെ സ്റ്റാര്‍ഡം വാല്യൂ ഒന്നും പ്രകടിപ്പിക്കാത്ത ഓസ്ട്രേലിയയുടെ പ്രിയപ്പെട്ടവളാണ് സാം.
ഇതുപോലെ തന്നെ കാനഡയുടെ വളര്‍ത്തുപുത്രിയായ, തന്റെ ആറാം വേള്‍ഡ് കപ്പ് ലക്ഷ്യമിട്ടെത്തിയ ക്രിസ്റ്റീന്‍ സിന്‍ക്ലെയറിന് പക്ഷെ ആദ്യ കളിയില്‍ ഒരു റെക്കോഡ് നഷ്ടപ്പെട്ടു. ആറ് ലോകകപ്പില്‍ സ്‌കോര്‍ ചെയ്യുന്ന താരമെന്ന റെക്കോഡ്. വനിതാ ഫുട്‌ബോളിലെ മാത്രമല്ല, ലോക ഫുട്‌ബോളിലെ തന്നെ ഒരു അതുല്യ പ്രതിഭയാണ് സിന്‍ക്ലെയര്‍. 324 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 190 ഗോളുകളാണ് അവര്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്.
പക്ഷെ നഷ്ടപ്പെടുത്തിയ പെനാല്‍ട്ടിക്ക് വലിയ വില നല്‍കേണ്ടി വന്നു. ഒളിമ്പിക് ഗോള്‍ഡ് മെഡലിസ്റ്റായ കാനഡക്ക് നോക്ക്-ഔട്ട് സ്റ്റേജിലേക്കുള്ള ടിക്കറ്റ് നഷ്ടമായി. ഗോള്‍ സേവ് നടത്തിയത് നൈജീരിയയുടെ 40 വയസുകാരി കീപ്പര്‍ ചിയമാക്ക നഡോസീ. എതിരാളികള്‍ക്ക് ഒന്നും എളുപ്പമാക്കാന്‍ ഉദ്ദേശമില്ലായിരുന്ന നൈജീരിയയാണ് ഗ്രൂപ്പിലെ മറ്റ് പ്രതിഭാശാലികള്‍. ലോ-ബ്ലോക്ക് ഡിഫന്‍സീവ് രീതി സ്വീകരിച്ച നൈജീരിയ തങ്ങളുടെ വാതിലുകള്‍ കൊട്ടിയടച്ചുകൊണ്ടുള്ള മത്സരരീതിയാണ് പരീക്ഷിച്ചത്. അതിലവര്‍ വിജയം കണ്ടു.
ഗ്രൂപ്പ് സി:
പൊതുവില്‍ ഗോള്‍ മഴ പെയ്യിച്ച ടീമാണ് ഗ്രൂപ്പ് സി. യൂറോപ്യന്‍ പ്രതാപികളായ ബാഴ്സലോണയില്‍ നിന്നുള്ള നിരവധി താരങ്ങള്‍ അടങ്ങുന്ന സ്പെയ്ന്‍, ഗോളടിച്ചുകൂട്ടിയിട്ടും അടങ്ങാത്ത ദാഹവുമായാണ് ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയാക്കിയത്. മുന്‍പ് രണ്ട് തവണ ബാലണ്‍ ഡി ഓര്‍ നേടിയ ബാഴ്‌സലോണ ക്യാപ്റ്റന്‍ അലെക്‌സിയ പുട്ടയ്യയായിരുന്നു കുന്തമുന. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഒരേയൊരു തവണ മാത്രം തോല്‍വിയുടെ കൈപ്പനുഭവിച്ച സ്പെയ്ന്‍ പക്ഷെ രണ്ട് വലിയ വിജയങ്ങള്‍ക്ക് ശേഷം ഏഷ്യന്‍ വമ്പന്മാരായ ജപ്പാനോട് ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് അടിപതറി.
ജപ്പാനാകട്ടെ തങ്ങളുടെ പ്രതാപകാലം അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള അസാമാന്യ പ്രകടനവും മൂന്ന് ക്‌ളീന്‍ഷിറ്റും 11 ഗോളുകളുമായാണ് ജപ്പാന്‍ ഗ്രൂപ്പ് ഘട്ടം ചാമ്പ്യന്മാരായി നോക്ക് ഔട്ട് സ്റ്റേജിലേക്ക് കടന്നത്. തന്ത്രപരമായ മെയ് വഴക്കവും ഉറച്ച ഡിഫന്‍സും ടിക്കി-ടാക്കയെ അനുസ്മരിപ്പിക്കുന്ന കുഞ്ഞന്‍ പാസുകളുമായി ജപ്പാന്‍ കളം നിറഞ്ഞാടി എന്ന് തന്നെ പറയാം. ഈ ഗോള്‍ മഴക്ക് പിഴയൊടുക്കേണ്ടി വന്നതാകട്ടെ സാംബിയയും കോസ്റ്ററിക്കയും. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞപ്പോള്‍ 19 ഗോളുകളാണ് ഇവര്‍ക്ക് വലയില്‍ നിന്ന് പെറുക്കേണ്ടി വന്നത്. ലോകകപ്പ് സന്നാഹ മത്സരത്തില്‍ ജര്‍മനിയെ തോല്‍പ്പിച്ച സാംബിയക്ക് പക്ഷെ പ്രഥമ ടൂര്‍ണമെന്റ് അത്രക്ക് മികച്ചതായിരുന്നില്ല.
ഗ്രൂപ്പ് ഡി:
ടൂര്‍ണമെന്റിലെ ഏറ്റവും പോരാട്ട വീര്യം നിറഞ്ഞ, കടുത്ത പ്രതിരോധ ശേഷിയുള്ള അണ്ടര്‍ ഡോഗ്‌സായിരുന്നു ഹെയ്തി. ലെസ് ഗ്രനേഡിയേഴ്‌സ് എന്നും ദ സോള്‍ജിയേഴ്‌സ് എന്നും സ്‌നേഹപൂര്‍വം അവരെ വിളിക്കപ്പെടുന്നു. രാജ്യത്തെ അരക്ഷിതാവസ്ഥ മുഴുവന്‍ താണ്ടി, പതിറ്റാണ്ടുകളായുള്ള കൊളോണിയല്‍ ഭരണത്തിന്റെയും അടിമത്വത്തിന്റെയും കെടുതികളില്‍ നിന്നും കുതിര്‍ന്നെഴുന്നേറ്റാണ് പ്രഥമ ലോകകപ്പിന് ഹെയ്തിയെത്തിയത്. യൂറോ ചാമ്പ്യന്മാരെ തളക്കാന്‍ പോന്ന പ്രകടനമായാണ് ഹെയ്തി ക്യാമ്പെയ്ന്‍ ആരംഭിക്കുന്നത്.
ഗ്രൂപ്പിലെ ഏഷ്യന്‍ സാന്നിധ്യമാണ് ചൈന. 2022 ഏഷ്യന്‍ കപ്പ് ചാമ്പ്യന്മാരായാണ് ചൈനയെത്തുന്നത്. പക്ഷെ അതിന്റെ നിഴല്‍ മാത്രമാണ് ലോകകപ്പില്‍ കണ്ടത്. ഇന്ത്യയില്‍ വെച്ച് നടന്ന 2022 AFC ഏഷ്യന്‍ കപ്പ് ഫൈനലില്‍ കൊറിയക്കെതിരെ രണ്ട് ഗോളുകള്‍ക്ക് പിറകെ നിന്ന ശേഷം മൂന്ന് ഗോളുകളടിച്ച് കപ്പെടുത്ത ആവേശമൊന്നും പുറത്തെടുക്കാന്‍ ചൈനക്കായില്ല. സെറീന വിയേഗ്മാന് കീഴില്‍ ഗ്രൂപ്പില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയവരാണ് ഇംഗ്ലണ്ട്.
യൂറോ ചാമ്പ്യന്‍ പട്ടം നെറുകയില്‍ ചൂടിയ മേനി കൂടിയുണ്ട് കയ്യില്‍. മൂന്ന് കളിയില്‍ നിന്ന് ഒമ്പത് പോയിന്റ് സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് അപായ സൂചന നാട്ടിയത്. ലോകകപ്പില്‍ മൂന്നാം സ്ഥാനത്തിനപ്പുറം ഇതുവരെ നേടിയിട്ടില്ല എന്നത് ഇക്കുറി തിരുത്തും എന്ന് പ്രവചിച്ചവര്‍ ഏറെയാണ്. ലോകകപ്പ് വേദിയില്‍ വളരെക്കാലമായി പ്രത്യക്ഷപ്പെടാന്‍ കഴിയാതിരുന്ന ഡെന്മാര്‍ക്കില്‍ പക്ഷെ യൂറോപ്പിലെ തന്നെ ടോപ് ഡിവിഷന്‍ ക്ലബ്ബുകളില്‍ കളിക്കുന്ന കളിക്കാരുടെ പ്രാതിനിധ്യം തന്നെയായായിരുന്നു കരുത്ത്.
ഗ്രൂപ്പ് ഇ:
യു.എസ്. ടീമില്‍ മുന്‍ ചാമ്പ്യന്‍മാരും തുല്യ വേതന പോരാട്ടത്തിലെ പ്രബലര്‍ക്കൊപ്പം ആദ്യ ലോകക്കപ്പിന് ചുവട് വെക്കുന്ന 14 കളിക്കാരും കൂടെ ഉള്‍പ്പെടുന്നു. ഇങ്ങനെ അനുഭവസമ്പത്തും യുവത്വവും ചേര്‍ന്ന ടീമുമായാണ് യു.എസ് ടൂര്‍ണമെന്റിനെത്തുന്നത്. ഹൈ സ്‌കൂള്‍ ഗ്രാജുവേഷന്‍ വിദ്യാര്‍ത്ഥിയായ അലീസ തോംസണ്‍ മുതല്‍ മാതൃത്വം സ്വീകരിച്ച മോര്‍ഗന്‍ വരെയുള്ള ടീം. ടൂര്‍ണമെന്റ് ഫേവറിറ്റുകള്‍ എന്ന് നേരത്തെ പ്രവചിക്കുകയും ആദ്യ മത്സരത്തില്‍ വിയറ്റ്‌നാമുമായി 3-0 എന്ന ജയത്തോടെ തെളിയിക്കുകയും ചെയ്തു.
എന്നാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്ത മുന്‍ ചാമ്പ്യന്മാരെയാണ് നാം കണ്ടത്. ഗ്രൂപ്പിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 2019 വേള്‍ഡ് കപ്പ് ഫൈനലിസ്റ്റുകള്‍ രണ്ട് പേരും ഇവിടെ വീണ്ടും കൊമ്പുകോര്‍ത്തു. തീ പാറിയ പരുക്കന്‍ കളിയുടെ ഫലവും സമനിലയിലായിരുന്നു (1-1). പക്ഷേ പ്രഥമ ലോകകപ്പിനെത്തുന്ന പോര്‍ച്ചുഗലിനെ 1-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയും വിയറ്റ്‌നാമിനെ 7-0ത്തിന് വെള്ളം കുടിപ്പിച്ചും ഓറഞ്ച് പട ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നേറി.
ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ നന്നായി വിയര്‍ത്തവരാണ് പോര്‍ച്ചുഗീസുകാര്‍, കാമറൂണുമായുള്ള ഇന്റര്‍-കോണ്ടിനെന്റല്‍ പ്ലേ ഓഫിന്റെ അവസാന നിമിഷം വരെയെടുത്തു ആ സ്വപ്നസാക്ഷാത്കാരത്തിന്. ലോകകപ്പ് തയ്യാറെടുപ്പ് മത്സരത്തില്‍ ഉക്രെയ്‌നിനെ തോല്‍പ്പിച്ചതും ഇംഗ്ലണ്ടുമായി സമനില നേടിയതും ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കാം. എന്നാല്‍ ആ കുതിപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ അമേരിക്കയുമായി ഒരു പോയിന്റ് വ്യത്യാസത്തില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിയടയേണ്ടി വന്നു.
വിയറ്റ്‌നാമാകട്ടെ 1990ല്‍ മാത്രം രൂപീകരിച്ച ടീമുമായി വളരെ കുറഞ്ഞ പരിചയസമ്പത്തുമായി എത്തിയവരാണ്. വലിയ മാര്‍ജിനില്‍ തോല്‍ക്കാതിരിക്കാന്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച വിയറ്റ്‌നാമിന് പക്ഷെ 12 ഗോളുകള്‍ വഴങ്ങേണ്ടി വന്നു. ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ പോലും സ്‌കോര്‍ ചെയ്യാനാവാത്ത രണ്ട് ടീമുകളില്‍ ഒന്നായി അവര്‍ മാറി. പക്ഷേ തുടരെത്തുടരെ 32 റാങ്കുകള്‍ മെച്ചപ്പെടുത്തി ലോകകപ്പിനെത്തിയ വിയറ്റ്‌നാം ഭാവിയിലേക്ക് പലതും ഓങ്ങി വെക്കുന്നുണ്ട്.
ഗ്രൂപ്പ് എഫ്:
രാജ്യത്തിനായി ആദ്യ ലോകകിരീടം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാകണം ബ്രസീലിയന്‍ ഇതിഹാസം മാര്‍ത്ത തന്റെ ആറാമത്തേയും അവസാനത്തെയും ലോകകപ്പിനിറങ്ങിയത്. മികച്ച ഫിഫ വനിതാ താരത്തിനുള്ള അവാര്‍ഡ് ആറ് തവണ നേടിയ താരത്തിന് പക്ഷേ പേരിലുള്ളത് 2002ലെ കോപ്പ അമേരിക്ക മാത്രം. ആദ്യ കളിയിലെ ആരി ബോര്‍ജസിന്റെ ഹാട്രിക് അകമ്പടിയോടെ 4-0ത്തിന്റെ വിജയം നേടിയെങ്കിലും പിന്നീടുള്ള പാത ദുര്‍ഘടമായിത്തീര്‍ന്നു.
മുന്‍ ലോകകപ്പില്‍ ഒരു പോയിന്റ് പോലും നേടിയിട്ടില്ലാത്ത ജമൈക്ക, വനിതാ ഫുട്‌ബോളിലെത്തന്നെ മുന്‍നിര ടീമുകളിലൊന്നായ ഫ്രാന്‍സുമായി ഗോള്‍രഹിത സമനില നേടിക്കൊണ്ടാണ് വരവറിയിച്ചത്. ഫ്രാന്‍സ് ടൂര്‍ണമെന്റിന് തൊട്ട് മുന്‍പ് പുറത്താക്കപ്പെട്ട കൊറീന്‍ ദിയാക്കറിന് പകരം വന്നതാകട്ടെ 2023 ഖത്തര്‍ വേള്‍ഡ് കപ്പില്‍ അര്‍ജന്റീനയുടെ അപരാജിത വരവിന് വിലങ്ങുതടിയായ സൗദി അറേബ്യയുടെ കോച്ച് ഹെര്‍വി റെണാര്‍ഡ്.
രസകരമായ വസ്തുതയെന്തെന്നാല്‍ ഫ്രാന്‍സ് ഗ്രൂപ്പ് ചാമ്പ്യന്മാരായും, ഒരേയൊരു ഗോള്‍ മാത്രം സ്‌കോര്‍ ചെയ്ത ജമൈക്ക രണ്ടാമതായി ഫിനിഷ് ചെയ്ത് ബ്രസീലിന് നാട്ടിലേക്കുള്ള പെട്ടി റെഡിയാക്കാനുള്ള അവസരവും ഒരുക്കി കൊടുത്തു. കന്നിക്കാരായ പനാമയാകട്ടെ കിട്ടിയതെല്ലാം വാങ്ങിക്കൂട്ടി നാട്ടിലേക്ക് വളരെ പെട്ടെന്ന് തന്നെ മടങ്ങി. മടക്കയാത്രക്ക് മുന്‍പേ വാലറ്റത്തുനിന്ന് ഫ്രാന്‍സിന്റെ വലയില്‍ മൂന്ന് ഗോളുകളും കൊണ്ടിട്ടു.
ഗ്രൂപ്പ് ജി:
ലോക റാങ്കിങ്ങില്‍ മൂന്നാമതാണ് സ്വീഡന്‍. 2016ന് ശേഷമുള്ള കണക്ക് പരിശോധിച്ചാല്‍ വളരെ കണ്‍സിസ്റ്റന്‍സിയുള്ളവരായാണ് സ്വീഡനെ നോക്കിക്കാണുന്നത്. 2016ന് ശേഷം രണ്ട് തവണ ഒളിമ്പിക്‌സ് ഫൈനലിലും 2019 ലോകകപ്പില്‍ സെമിഫൈനലിലും 2022 യൂറോയില്‍ സെമിഫൈനലിലും സ്വീഡിഷ് സാന്നിധ്യം ഉണ്ടായിരുന്നു. ബാഴ്‌സ താരം ഫ്രിഡെലീന റോള്‍ഫോയെയും ആഴ്സണല്‍ സ്ട്രൈക്കര്‍ സ്റ്റീന ബ്ലാക്സ്റ്റീനിയസിനെയും മുന്‍നിര്‍ത്തി വന്ന സ്വീഡന്‍ അതേ കണ്‍സിസ്റ്റന്‍സി ഗ്രൂപ്പ് ഘട്ടത്തിലും നിലനിര്‍ത്തി എന്ന് തന്നെ പറയാം.
എല്ലാ മത്സരങ്ങളും വിജയിച്ച് ഒമ്പത് ഗോളടിച്ച് ഒമ്പത് പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 16ലേക്ക്. ഗ്രൂപ്പിലെ മറ്റ് അംഗങ്ങളായ ഇറ്റലിയും അര്‍ജന്റീനയും പ്രസിദ്ധമായ ഫുട്‌ബോള്‍ പാരമ്പര്യമുള്ള രാജ്യങ്ങളാണെങ്കിലും ഇവര്‍ രണ്ടും ഇതുവരെ വനിതാ ഗെയ്മില്‍ തങ്ങളുടേതായ മുദ്ര പതിപ്പിച്ചിട്ടില്ല. സൗത്ത് ആഫ്രിക്കയാകട്ടെ 2022 ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് ഫൈനലില്‍ 2-1 സ്‌കോറിന് മൊറോക്കോയെ പരാജയപ്പെടുത്തിയാണ് വരവ്. അതായത് തങ്ങളുടെ രണ്ടാം ലോകകപ്പിന് വരുന്ന ആഫ്രിക്കന്‍ കൊമ്പന്മാര്‍ ഇപ്രാവശ്യം വര്‍ധിച്ച ആത്മവിശ്വാസത്തിലാണ്. അതവര്‍ക്ക് നോക്ക് ഔട്ട് റൗണ്ടിലേക്കുള്ള വഴിയും തുറന്നു
ഗ്രൂപ്പ് എച്ച്:
വനിതാ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യത്തെ വടക്കേ ആഫ്രിക്കന്‍ രാജ്യവും ഭൂരിപക്ഷ അറബ് രാജ്യവുമാണ് മൊറോക്കോ. ഖത്തറില്‍ പുരുഷ ടീം നേടിയ അസാമാന്യ വിജയത്തിന്റെ ബാറ്റണ്‍ വനിതകള്‍ ഏറ്റെടുക്കുമെന്ന പ്രതീക്ഷയുള്ളവരും ഉണ്ടായിരുന്നു. കൊളംബിയ, ജര്‍മനി, സൗത്ത് കൊറിയ, എന്നിവരടങ്ങിയ മരണ ഗ്രൂപ്പില്‍ എത്തിയപ്പോള്‍ കഥ കഴിഞ്ഞെന്ന് കരുതിയിടത്ത് നിന്നാണ് തുടരെ തുടരെ മത്സരങ്ങള്‍ വിജയിച്ച് മുന്‍ ചാമ്പ്യന്മാരായ ജര്‍മനിയെ മൂന്നാമതാക്കി മൊറോക്കോ നോക്ക്-ഔട്ട് സ്റ്റേജിലേക്ക് പ്രവേശിച്ചത്. ജര്‍മനിയാകട്ടെ തങ്ങളുടെ സ്ട്രൈക്കര്‍ അലക്സ് പോപ്പിന്റെ 2022 യൂറോയിലെ എല്ലാ മത്സരങ്ങളിലും സ്‌കോര്‍ ചെയ്ത് മിന്നും ഫോമില്‍ പ്രതീക്ഷ വെച്ച് വണ്ടി കയറുകയും ചെയ്തു. പ്രഥമ കളിയില്‍ അത് പ്രതിഫലിക്കുകയും ചെയ്തു. പക്ഷേ ജര്‍മനിയെ ഭാഗ്യം തുണച്ചില്ല.
2018ല്‍ പുരുഷ ടീമിന് കൊറിയ കൊടുത്ത ഷോക്ക് പോലെ കൊറിയന്‍ വിമന്‍സ് ടീമും അവസാന ഗ്രൂപ്പ് മത്സരത്തില്‍ ജര്‍മനിയുടെ അന്നം മുട്ടിച്ചു. തൊട്ടു മുന്‍പുള്ള മത്സരത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിലെ തന്റെ മൂന്നാം ലോകകപ്പ് കളിക്കുന്ന ലിന്‍ഡ കൈസെഡോയുടെ മുന്നിലും ജര്‍മനി അടി പതറിയിരുന്നത് ആദ്യമായി ക്വാര്‍ട്ടര്‍ ഫൈനല്‍ എത്താതെയുള്ള മടക്കത്തിന് വഴി തുറന്നിട്ടിരുന്നു.
U-17 ലോകകപ്പില്‍ ആറ് കളികളില്‍ നിന്ന് നാല് ഗോളുകളും, u-20 ലോകകപ്പില്‍ നാല് കളികളില്‍ നിന്ന് രണ്ട് ഗോളുകളുമായാണ് കൈസെഡോയുടെ വരവ്. ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ രണ്ട് ഗോളടിച്ച് അത് ടാലിയാക്കുകയും ചെയ്തു. ജര്‍മനിക്ക് പുറമേ സാധ്യത കല്‍പിച്ച മറ്റൊരു ടീമാണ് ചെല്‍സി സ്റ്റാര്‍ ജീ-സോയൂനിന്റെ അകമ്പടിയില്‍ വന്ന സൗത്ത് കൊറിയ. പക്ഷേ ടൂര്‍ണമെന്റില്‍ ഒരേയൊരു ഗോള്‍ മാത്രം സ്‌കോര്‍ ചെയ്ത് ഗ്രൂപ്പില്‍ നാലാമത് ഫിനിഷ് ചെയ്ത നാണക്കേടുമായി തിരികെ പോരേണ്ടി വന്നു. മരണ ഗ്രൂപ്പ് തന്നെ അട്ടിമറി ഗ്രൂപ്പായി മാറി. കൊളംബിയയും മൊറോക്കോയും നോക്ക് ഔട്ട് റൗണ്ടിലേക്ക്.
ജപ്പാന് VS നോര്‍വേ
ഈ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും മികച്ച ടീമായികൊണ്ടാണ് ജപ്പാന്‍ പ്രീ ക്വാര്‍ട്ടര്‍ മാച്ചിനെത്തുന്നത്. 1995ലെ ചാമ്പ്യന്മാരും 2011ലെ ചാമ്പ്യന്മാരും ഏറ്റുമുട്ടിയപ്പോള്‍ ഇക്കുറിയും വിജയം ഏഷ്യന്‍ ശക്തികള്‍ക്ക് തന്നെ. വെല്ലിങ്ടണില്‍ നടന്ന മത്സരത്തില്‍ സ്‌കോര്‍ ചെയ്ത മൂന്ന് ഗോളുകളില്‍ ആദ്യ രണ്ടിലും നോര്‍വേയുടെ കൈ സഹായം കൂടെയുണ്ട്. ഒരു ഗോള്‍ പോലും വാങ്ങാതെ മൂന്ന് മാച്ചില്‍ മൂന്ന് വിജയവുമായെത്തിയ ജപ്പാന്റെ പോസ്റ്റിലേക്ക് വീഴുന്ന ടൂര്‍ണമെന്റിലെ ആദ്യ ഗോളായിരുന്നു നോര്‍വേയുടെ ആദ്യ പകുതിയിലെ സമനില ഗോള്‍. ജപ്പാന്റെ ഇതുവരെയുള്ള പ്രകടനം 2015ലെ റണ്ണേഴ്സ് അപ്പ് പട്ടത്തിന് ശേഷം ലോകവേദിയിലേക്കുള്ള തിരിച്ച് വരവായും വിലയിരുത്തപ്പെട്ടു. .
സ്‌പെയ്ന്‍ VS സ്വിറ്റ്‌സര്‍ലാന്‍ഡ്
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ജപ്പാനോട് 4-0ത്തിന് ഏറ്റുവാങ്ങേണ്ടി വന്ന വലിയ തോല്‍വിയുടെ ഭീതിയോടെയാണ് സ്‌പെയ്ന്‍ റൗണ്ട് ഓഫ് സിക്സ്റ്റീന് ഇറങ്ങിയത്. പക്ഷേ കളിയില്‍ അത് പ്രതിഫലിച്ചില്ല. A ഗ്രൂപ്പ് ചാമ്പ്യന്മാരെ 5-1ന് തകര്‍ത്തെറിഞ്ഞു. തിരികെ ട്രാക്കിലേക്കെത്തിയതായി പ്രഖ്യാപിക്കുകയായിരുന്നു എസ്പാന. അഞ്ചാം മിനിട്ടില്‍ അടി തുടങ്ങിയ സ്പെയ്ന്‍ മധ്യനിര താരം ഐത്തന ബോന്മാറ്റി രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുമായാണ് 77ാം മിനിട്ടില്‍ പിച്ച് വിടുന്നത്. കളം നിറഞ്ഞാടിയ ബാഴ്സ താരം ലയ കോഡിന രണ്ട് പോസ്റ്റിലും ഗോള് കൊണ്ടിട്ടു. ഇടവേളക്ക് ശേഷം സ്‌പെയ്ന്‍ തങ്ങളുടെ പ്രഹരങ്ങള്‍ക്ക് ആക്കം കുറച്ചു.
യു.എസ്.എ VS സ്വീഡന്‍
മൂന്നാം സ്ഥാനത്തേക്കാള്‍ മോശമായി ഇതുവരെ ഫിനിഷ് ചെയ്തിട്ടില്ലാത്ത യു.എസ്.എക്ക് ഇത്തവണ വലിയ പ്രഹരമാണ് ഏല്‍ക്കേണ്ടി വന്നത്. തന്റെ മൂന്ന് വയസുകാരി ചാര്‍ളിയുടെ കണ്‍മുന്നില്‍ സ്വീഡനോട് അടിപതറുമെന്ന് അലക്‌സ് മോര്‍ഗാനോ, തന്റെ അവസാന ലോകകപ്പില്‍ ഇത്തരത്തിലൊരു റിസള്‍ട്ട് മേഗന്‍ റാപ്പിനോ ഗണിച്ചു കാണില്ല. സ്വീഡനോട് അടിപതറിയപ്പോള്‍ 2015ന് ശേഷം ലോകകപ്പ് വേദിയിലെ ആദ്യ പരാജയമേറ്റ് അമേരിക്കന്‍ ആധിപത്യത്തിന് വിരാമമിട്ടു.
ലോകകപ്പ് ചരിത്രത്തില്‍ യു.എസിന് ആദ്യമായി ഗ്രൂപ്പ് മത്സരത്തില്‍ രണ്ട് വിജയം നേടാനാവാതെ പോയപ്പോള്‍ തന്നെ വിധിയെഴുതിയവരുണ്ട്. സ്വീഡിഷ് വനിതകള്‍ക്ക് മുന്‍പില്‍ മുഴുവന്‍ സമയത്തേക്ക് പിടിച്ചുനില്‍ക്കാനായെങ്കിലും പെനാല്‍ട്ടിയില്‍ തോല്‍വി പിണയാനായിരുന്നു വിധി. സ്വീഡിഷ് ഗോള്‍കീപ്പര്‍ സെക്കീറ മുസോവിച്ചിന് നേരെ പത്തോളം ഷോട്ടുകള്‍ നിറയൊഴിച്ചെങ്കിലും കീഴടക്കാനായില്ല. ഡിഫന്‍ഡിങ് ചാമ്പ്യന്മാര്‍ ക്വാര്‍ട്ടര്‍ ഫൈനലിന് മുന്‍പേ പുറത്താവുന്നതും ചരിത്രത്തിലാദ്യം. ഇത് ശരിക്കും അവരുടെ ഫെഡറേഷനെ തന്നെ ചോദ്യമുനയില്‍ നിര്‍ത്തുന്നു.
ഇംഗ്ലണ്ട് VS നൈജീരിയ
നൈജീരിയയെ തളക്കാന്‍ ഇംഗ്ലണ്ടിന് 120 മിനിട്ടും പെനാല്‍ട്ടിയും വേണ്ടി വന്നു. അത്രക്ക് ദൃഢമായിരുന്നു നൈജീരിയന്‍ ഡിഫന്‍സ്. പന്തടക്കം കയ്യിലാണെങ്കിലും അറ്റാക്കിങ് തേര്‍ഡില്‍ ഒന്നും ചെയ്യാനാവാത്ത അവസ്ഥ. ഇതിന് പുറമെ ഇതുവരെയുള്ള കളികളിലെല്ലാം മിന്നും ഫോമിലുള്ള ചെല്‍സി താരം ലോറന്‍ ജെയിംസിന്റെ അനാവശ്യ ചുവപ്പ് കാര്‍ഡ് വാങ്ങലും. 1998ലെ ബെക്കാമിന്റെയും 2006ലെ റൂണിയുടെയും പിന്തുടര്‍ച്ച. പക്ഷെ ഇതിലൊന്നും പതറാതെ കളിച്ചതിന് പ്രതിഫലം നേടാനായി പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍. കോളി കെല്ലിയുടെ അവസാന മിസൈലും വലയില്‍ പതിച്ചതോടെ ഇംഗ്ലണ്ട് ക്വാര്‍ട്ടറിലേക്ക്.
കന്നി ലോകകപ്പിനായുള്ള ദൂരം ഒന്നു കൂടെ കുറച്ചു. തുടര്‍ച്ചയായ മൂന്നാം തവണയാണ് സൂപ്പര്‍ ഫാല്‍ക്കണ്‍സ് എന്ന വിളിപ്പേരിലറിയപ്പെടുന്ന നൈജീരിയ പ്രീക്വാര്‍ട്ടര്‍ റൗണ്ടില്‍ പുറത്താകുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഫിഫയുടെ ബെസ്‌ററ് കീപ്പറിനുള്ള അവാര്‍ഡ് നേടിയ മാരി ഏര്‍പ്സിന്റെ പ്രകടനവും എടുത്ത് പറയേണ്ടത് തന്നെയായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ അത്ര രസത്തിലല്ലാത്ത മേരിക്ക് പക്ഷേ ദേശീയ കുപ്പായത്തില്‍ നല്ല രാശിയാണ്. യുണൈറ്റഡില്‍ മൂന്നാം കീപ്പറാണെങ്കിലും ഇംഗ്ലണ്ട് കോച്ച് സെറീന വിയെഗ്മാന്‍ നാഷണല്‍ ടീമില്‍ ഒന്നാം കീപ്പറായാണ് നിയമിച്ചത്. ആ വിശ്വാസം മാരി ഏര്‍പ്‌സ് കാക്കുകയും ചെയ്തു.
ഓസ്‌ട്രേലിയ VS ഡെന്മാര്‍ക്ക്
ഗ്രൂപ്പ് ഘട്ടത്തില്‍ ഏറെക്കുറെ തുല്യത പാലിച്ചവരാണ് ലോക റാങ്കിങ്ങിലെ 10ാം സ്ഥാനക്കാരായ ഓസ്ട്രേലിയയും 13ാം സ്ഥാനക്കാരായ ഡെന്മാര്‍ക്കും. ആ നേരിയ മുന്‍തൂക്കം ഓസ്ട്രേലിയ പിച്ചില്‍ പ്രകടമാക്കി. ക്ലീന്‍ഷീറ്റോട് കൂടി രണ്ട് ഗോള്‍ സ്‌കോര്‍ ചെയ്‌തെന്നത് മാത്രമാവില്ല കങ്കാരുപ്പടയെ സന്തോഷിപ്പിച്ചത്. അത് സാമന്ത കെറിന്റെ തിരിച്ച് വരവുകൂടിയാണ്.
കളിശൈലിക്ക് വിപരീതമായി ഇരുപകുതികളിലും കൗണ്ടര്‍ അറ്റാക്കിലൂടെ ആധിപത്യം സ്ഥാപിക്കാനുള്ള മറ്റില്‍ദാസ് തന്ത്രം വിജയിച്ചു. സിഡ്നിയിലെ ഒളിമ്പിക് സ്റ്റേഡിയത്തിലെ നിറഞ്ഞ് തുളുമ്പിയ കാണികള്‍ക്ക് രണ്ട് ഗോളുകള്‍ പിറന്ന ആവേശത്തിനൊപ്പം പോന്നതായിരുന്നു സാം കെറിന്റെ വരവിനുള്ള സ്വീകരണവും. കഴിഞ്ഞ അഞ്ച് ലോകകപ്പ് എഡിഷനില്‍ ഓസ്ട്രേലിയയുടെ നാലാം ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം.
ലോക റാങ്കിങ്ങില്‍ അഞ്ചാം റാങ്കുകാരായ ഫ്രാന്‍സ് 2022ല്‍ യൂറോ സെമിയിലെത്തിയെങ്കിലും, ലോകകപ്പില്‍ ഇതുവരെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തിപ്പെടാനായിട്ടേയില്ല. മൊറോക്കോ എന്ന കന്നി മത്സരാര്‍ത്ഥികളെ വെള്ളം കുടിപ്പിക്കാന്‍ തന്നെയായിരുന്നു ഫ്രഞ്ച് പടയുടെ തീരുമാനം. പൂര്‍ണ പന്തടക്കം കൈവരിച്ചുകൊണ്ട് കളിയില്‍ വ്യക്തമായ മേധാവിത്വം പുലര്‍ത്തി ഫ്രാന്‍സ് തങ്ങളുടെ ഓരോ അസ്ത്രങ്ങളും തൊടുത്തുകൊണ്ടിരുന്നു. ലോക റാങ്കിങ്ങില്‍ 70 പേരെയെണ്ണിയാല്‍ പോലും മൊറോക്കോ അതിലുണ്ടാകില്ല.
പക്ഷേ രണ്ടാം റൗണ്ടില്‍ കടന്ന ഏക പുതുമുഖക്കാര്‍ അവരായിരുന്നു. കൊറിയയും ജര്‍മനിയും കടക്കാത്ത ഗ്രൂപ്പാണ് മൊറോക്കോ കടന്നത്. അതൊരു വലിയ അംഗീകാരവും നേട്ടവും തന്നെയായിരുന്നു. ജര്‍മനി തങ്ങളുടെ സ്ട്രൈക്കര്‍മാരായ ലെ സൊമ്മറിനെയും, ദിയാനിയെയും വെച്ച് മൊറോക്കന്‍ ഗോള്‍മുഖത്ത് ആക്രമണം അഴിച്ചു വിട്ടുകൊണ്ടേയിരുന്നു.
കൊളംബിയ VS ജമൈക്ക
റെഗ്ഗി ഗേള്‍സ് എന്ന വിളിപ്പേരിലറിയപ്പെടുന്ന കരീബിയന്‍ സംഘമാണ് ജമൈക്ക. ബ്രസീലിനെ സമനിലയില്‍ തളച്ചാണ് യോഗ്യതയുറപ്പിച്ചതെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത് മരണ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കൊളംബിയ വരുന്നത്. അറ്റാക്ക്-ഡിഫന്‍സ് ട്രാന്‍സിഷന്‍ ഇത്രക്ക് സ്മൂത്തായുള്ള മറ്റൊരു ടീമുണ്ടോ എന്നത് സംശയമാണ്.
കുറച്ചുകൂടി പരുക്കന്‍ കളി പുറത്തെടുത്ത ജമൈക്കക്ക് പക്ഷെ തുടരെത്തുടരെയുള്ള അറ്റാക്കുകള്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. കൊളംബിയന്‍ ക്യാപ്റ്റന്‍ കാറ്റലീന ഉസ്‌മെയുടെ ഗോളായതിനാല്‍ തന്നെ കളിയുടെ ഒഴുക്കിനെതിരെയെന്നൊന്നും പറയാനാവില്ല. തുടര്‍ച്ചയായ നാലാം മത്സരത്തില്‍ ഇതാദ്യമായാണ് ജമൈക്കന്‍ കീപ്പര്‍ റബേക്ക സ്‌പെന്‍സറിന്റെ പോസ്റ്റിലേക്ക് ഒരു ഗോള്‍ വീഴുന്നത്.
ജപ്പാന് VS സ്വീഡന്‍
തുല്യ ശക്തികളുടെ പോരാട്ടം എന്ന് തന്നെ പറയാം. 2023 ലോകകപ്പ് എഡിഷനില്‍ എല്ലാ മത്സരങ്ങളും വിജയിച്ച് തന്നെ വന്ന മൂന്ന് ടീമുകളില്‍ രണ്ട് പേരും മുഖാമുഖം ഏറ്റുമുട്ടിയ മത്സരം. ആദ്യമായി സ്‌കോര്‍ബോര്‍ഡില്‍ ജപ്പാന്‍ പിറകിലായതും ഈയൊരു മാച്ചിലായിരുന്നു. ആദ്യപകുതിയില്‍ ഗോളിന് പുറമെ രണ്ടാം പകുതിയില്‍ സ്വീഡന് ഒരു പെനാല്‍ട്ടി കൂടി ലഭിച്ചു. കിട്ടിയ അവസരങ്ങള്‍ മുതലെടുത്ത് കൊണ്ട് സ്‌കാന്‍ഡിനേവിയന്‍ പട മുന്നേറുമ്പോള്‍ കളിയില്‍ തിരിച്ച് വരാന്‍ ശക്തമായി ജപ്പാന്‍ ശ്രമിച്ച് കൊണ്ടേയിരുന്നു.
ഇതിനുതകുന്ന ഒരവസരം പെനാല്‍ട്ടിയായി ലഭിക്കുകയും ചെയ്തു. പക്ഷെ 2010 പുരുഷ ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ മത്സരത്തിലെ പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ ജപ്പാന്‍ ക്രോസ് ബാറിനടിച്ച് കളഞ്ഞതിന് സമാനമായി ഇവിടെയും ജപ്പാന്‍ വനിതാ താരം റിക്കോ ഉവേകിയും ക്രോസ് ബാറിനടിച്ചു കളഞ്ഞു. തങ്ങളുടെ മുന്നില്‍പെട്ട എല്ലാവരേയും തൂക്കിയടിച്ച ജപ്പാന് പക്ഷെ ഇക്കുറി പിഴച്ചു.
സ്‌പെയ്ന്‍ VS നെതര്‍ലാന്‍ഡ്‌സ്
80ാം മിനിട്ട് വരെ വല കുലുങ്ങാത്ത മാച്ചിന്റെ മുഴുവന്‍ സമയവും കഴിഞ്ഞ് എക്‌സ്ട്രാ ടൈം അവസാനിക്കുമ്പോള്‍ മൂന്ന് ഗോളുകള്‍ പിറന്നിരുന്നു. കിക്കോഫ് മുതല്‍ തന്നെ കളിയുടെ ഗതി നിയന്ത്രിച്ചത് സ്‌പെയ്ന്‍ തന്നെയായിരുന്നു. നിര്‍ഭാഗ്യം കൊണ്ടൊന്ന് മാത്രം ഗോളകന്നു പോയി. രണ്ട് മണിക്കൂര്‍ നേരം ചോര നീരാക്കിയതിന്റെ പ്രതിഫലം.
അര്‍ഹിക്കപ്പെട്ട വിജയം. ജപ്പാനോടേറ്റ കനത്ത പ്രഹരത്തില്‍ നിന്നും സ്വിറ്റ്‌സര്‍ലന്‍ഡ് മാച്ചിലൂടെ മോക്ഷം നേടിയ എസ്പാന സകലതും മറന്ന് കളിക്കുകയായിരുന്നു. ഫുട്‌ബോള്‍ പാരമ്പര്യത്തിന്റെ ചരിത്ര ഭാരങ്ങളൊന്നും ഇല്ലാത്തതു കൊണ്ടുതന്നെ കിട്ടിയതെന്തും ലാഭം. മിഡ്ഫീല്‍ഡ് അടക്കി ഭരിക്കുന്ന കളിശൈലിയില്‍ പേരുകേട്ട സ്പാനിഷ് പുരുഷ ടീമിനെ പോലെ പിച്ചിന്റെ മധ്യഭാഗത്തിന്റെ ഭരണം എപ്പോഴും സ്പാനിഷ് താരങ്ങളുടെ പക്കലായിരുന്നു. അത്യന്തം നാടകം നിറഞ്ഞ മാച്ചില്‍ എക്‌സ്ട്രാ ടൈമിലെ ബാഴ്‌സലോണ യുവതാരം പരലുവേലോയുടെ ഗോളില്‍ 2-1ന്റെ വിജയത്തേരില്‍ തങ്ങളുടെ ആദ്യ സെമിയിലേക്ക്.
ഫ്രാന്‍സ് VS ഓസ്‌ട്രേലിയ
ലോകകപ്പിന് തൊട്ട് മുന്നേ നടന്ന ഫ്രാന്‍സ്-ഓസ്ട്രേലിയ ഫ്രണ്ട്ലി മാച്ചില്‍ വിജയം ഫ്രഞ്ച് പടക്കൊപ്പമായിരുന്നു. പക്ഷേ കാര്യങ്ങള്‍ ഇക്കുറി മാറി. ലോകവേദിയില്‍ പോരാട്ടത്തിന്റെ പോര്‍വീഥി തുറക്കാന്‍ ഓസ്ട്രേലിയ ഒരുക്കമായിരുന്നു. നിശ്ചലമായ ആദ്യ പകുതിയില്‍ നിന്ന് മാറി ഫ്രാന്‍സ് അറ്റാക്കിങ്ങിന് ആരംഭം കുറിച്ചപ്പോള്‍ വളരെ പെട്ടെന്ന് തന്നെ സാം കെറിനെ ഇറക്കിവിട്ട് പ്രത്യാക്രമണത്തിന് ശ്രമിക്കുകയായിരുന്നു ഓസ്ട്രേലിയ. 120 മിനിട്ടിലും വിജയിയെ കണ്ടെത്താനാവാതെ വന്നപ്പോള്‍ പെനാല്‍ട്ടിയിലേക്ക് നീങ്ങുന്നത് കണ്ട് തങ്ങളുടെ പെനാല്‍ട്ടി എക്‌സ്‌പെര്‍ട്ടിനെ പിച്ചിലിറക്കിയെങ്കിലും കാര്യങ്ങള്‍ ഫ്രാന്‍സിനനുകൂലമായി വന്നില്ല.
വിജയിയെ കണ്ടെത്താന്‍ ഒരു നീണ്ട ഷൂട്ട് ഔട്ട് തന്നെ വേണ്ടി വന്നു. 20ാമത്തെ പെനാല്‍ട്ടി കിക്കിലാണ് സെമി ഫൈനല്‍ മത്സരാര്‍ത്ഥിയെ കണ്ടെത്തുന്നത്. അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ഓസീസ് 7-6 എന്ന സ്‌കോറിന് ലോകകപ്പെന്ന സ്വപ്നം നിലനിര്‍ത്തി. 2003ന് ശേഷം ആദ്യമായാണ് ആതിഥേയത്വം വഹിക്കുന്ന രാജ്യം അവസാന നാലിലേക്കെത്തുന്നത്. രണ്ടര മണിക്കൂര്‍ നീണ്ട കളി സന്ധ്യയോടടുത്തപ്പോഴേക്കും സ്റ്റേഡിയത്തിലെ ആരവം ആകാശം മുട്ടെ ഉയര്‍ന്നിരുന്നു. ആനുപാതികമായി ഗ്രൗണ്ടിലെ ആവേശവും. 50000ത്തിലധികം വരുന്ന ആരാധകരെ സാക്ഷിയാക്കി വേള്‍ഡ് കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും നീണ്ട പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ ഓസ്ട്രേലിയ അവസാന നാലിലേക്ക്.
ഇംഗ്ലണ്ട് VS കൊളംബിയ
അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലും നാടകീയതക്ക് തെല്ലും കുറവുണ്ടായിരുന്നില്ല. കളിയുടെ ദിശക്ക് വിപരീതമായി ആദ്യ പകുതിയില്‍ തന്നെ സ്‌കോര്‍ ചെയ്തുകൊണ്ട് കൊളംബിയ ഇംഗ്ലണ്ടിനെ ഭീതിയിലേക്ക് തള്ളിവിട്ടെങ്കിലും, രണ്ടാം പകുതിയില്‍ അലസിയ റൂസോയുടെ വിജയഗോളിലൂടെ ഇംഗ്ലണ്ട് സെമിഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചു. മുന്നേറ്റത്തില്‍ ഏറെക്കുറെ ഒറ്റക്ക് പോരാടിയ റൂസോയുടെ മിന്നും പ്രകടനം ഇംഗ്ലണ്ടിനെ തുണച്ചു. ടൂര്‍ണമെന്റിന്റെ സര്‍പ്രൈസ് പാക്കേജായ കൊളംബിയക്ക് ഇതോടെ പുറത്തേക്കുള്ള വഴി തുറക്കപ്പെട്ടു.
ഓസ്ട്രേലിയ VS ഇംഗ്ലണ്ട്
അര്‍ഹിക്കുന്ന അംഗീകാരത്തേക്കാള്‍ കുറഞ്ഞതൊന്നും സ്വീകരിച്ച് മുന്നോട്ട് പോവാനോ വേണ്ടത് ചോദിച്ച് വാങ്ങാതിരിക്കാനോ ഓസ്ട്രേലിയയുടെ പെണ്‍പട ഒരുക്കമായിരുന്നില്ല. ആരാണ് സാം കെര്‍ എന്നും ആരാണ് മക്കെന്‍സി അര്‍നോള്‍ഡ്സ് എന്നും സംശയലേശമന്യേ ലോകത്തെ അറിയിച്ച് കൊടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. പോരാട്ട വീര്യം ഏതെങ്കിലുമൊരു ലിംഗത്തിന്റെ കുത്തകയല്ലെന്നും ഇതിനോടകം പ്രസ്താവിച്ചു കഴിഞ്ഞ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം ചരിത്രപരമായി വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
ഓസ്ട്രേലിയ തങ്ങളുടെ പൂര്‍വിക കൊളോണിയല്‍ ഭരണാധികാരികള്‍ക്കെതിരെയാണ് ബൂട്ട് കെട്ടുന്നത്. ടെറാനല്ലീസ് എന്ന ചരിത്രപരമായ കളവിലൂടെ തങ്ങളുടെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്തിടത്തു നിന്ന് ഇപ്പോള്‍ നേര്‍ക്ക് നേര്‍ ഒരു ലോകവേദിയില്‍ ഇരുവരും പോരിനിറങ്ങുന്നു. പക്ഷേ ഇരുരാജ്യങ്ങളും വളരെ സ്പോര്‍ട്ടി സ്പിരിറ്റോട് കൂടിയുള്ള സൗഹൃദപരമായ ഒരങ്കത്തിനേ ഇറങ്ങിയിരുന്നുള്ളൂ. പല ഘടകങ്ങളും പലരീതിയില്‍ സ്വാധീനിക്കാറുള്ള ഒരു ഫുട്‌ബോള്‍ മാച്ചില്‍ ഇവിടെ പക്ഷെ സെറീന വിയെഗ്മാന്റെ തന്ത്രങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം.
2019ല്‍ നെതര്‍ലാന്‍ഡ്സിനെ ഫൈനലിലേക്ക് കൈപിടിച്ചുയര്‍ത്തിയ അതേ വിയേഗ്മാന് ഇവിടെ ചരിത്രത്തിലാദ്യമായി ഇംഗ്‌ളണ്ടിനേയും ഫൈനലിലേക്കെത്തിച്ചിരിക്കുന്നു. ആദ്യമായി രണ്ട് വ്യത്യസ്ത വനിതാ ടീമുകളെ ലോകകപ്പ് ഫൈനലിലേക്കെത്തിച്ച കോച്ചെന്ന റെക്കോഡും ഡച്ചുകാരിയുടെ പോക്കറ്റില്‍. തീര്‍ന്നില്ല മറ്റൊരു മധുരപ്രതികാരം കൂടെയുണ്ട് താളില്‍. വിയേഗ്മാന്‍ ഇംഗ്ലണ്ട് ദേശീയ ടീമിന്റെ ചാര്‍ജെടുത്ത ശേഷം രുചിച്ച ഏക തോല്‍വി ഓസ്ട്രേലിയയോടായിരുന്നു.
ആ കടം കൂടെ മറ്റൊരു വലിയ വേദിയില്‍ വീടുകയാണ്. ബിഗ് സ്റ്റേജുകളില്‍ ഉഗ്ര രൂപിയായി മാറുന്ന സാം കെറിന് പക്ഷേ തന്റെ ഗോളിലൂടെ ടീമിനെ കര കയറ്റാനായില്ല. ആ ഗോളൊരു ആശ്വാസ ഗോളായി മാത്രം നിലനിന്നു. ഇംഗ്ലണ്ടിനായി അവരുടെ മൂന്ന് സ്‌ട്രൈക്കേഴ്സും സ്‌കോര്‍ ചെയ്തത് മെഗാ ഫിനാലയിലേക്കുള്ള ആത്മവിശ്വാസവും തെല്ലൊന്നു വര്‍ധിപ്പിച്ചു. കേവലം 11 പേരോട് മാത്രമല്ല ഇംഗ്ലണ്ട് വിജയിച്ചു കയറിയത്. ആതിഥേയരായ ഓസ്ട്രേലിയക്ക് പിന്തുണയേകാനെത്തിയ 75000ത്തില്‍ പരം റെക്കോഡ് കാണികളോട് കൂടെ കിട പിടിക്കേണ്ടിയിരുന്നു.
സ്‌പെയ്ന്‍ VS സ്വീഡന്‍
കളി അന്ത്യത്തോട് അടുക്കുമ്പോള്‍ നാടകീയത കൂടുന്നത് ഈ ലോകകപ്പിന്റെ ഒരു പ്രത്യേകതയായിരുന്നു. ആദ്യ സെമിഫൈനലിലും അതേ ചര്യ തുടര്‍ന്ന് 80 മിനിട്ടോളം ഗോളുകളൊന്നും സ്‌കോര്‍ ചെയ്യപ്പെടാത്ത മത്സരത്തില്‍ മുഴുവന്‍ സമയം വിസിലടിഞ്ഞപ്പോഴേക്കും മൂന്ന് ഗോളുകള്‍ പിറന്നിരുന്നു. 43000ത്തിലധികം വരുന്ന കാണികളെ സാക്ഷിയാക്കി 2-1 എന്ന സ്‌കോറിന്റെ പിന്‍ബലത്തില്‍ ലാ റോജ എന്ന സ്പാനിഷ് സംഘം സ്വീഡനെ കടത്തിവെട്ടി.
കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ സ്പാനിഷ് ക്യാപ്റ്റന്‍ ഒള്‍ഗ കാര്‍ണയാണ് ആ ചരിത്രം രച്ചിച്ചത്. സ്വീഡന് പക്ഷെ കളിച്ച അഞ്ച് ലോകകപ്പ് സെമിഫൈനലുകളില്‍ നാലെണ്ണത്തിലും തോല്‍ക്കേണ്ടി വന്നു എന്ന ഖ്യാതിയുമായി നാട്ടിലേക്ക് വണ്ടി കയറേണ്ട സ്ഥിതിയായി. 4-4-2 ഫോര്‍മേഷനില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന സ്വീഡിഷ് ടീമിനെതിരെ പൊസിഷണല്‍ ഫുട്‌ബോള്‍ തന്ത്രം ആവര്‍ത്തിച്ച സ്‌പെയിനിന് അവസാന മിനിട്ടുകള്‍ വരെ സ്വീഡിഷ് പ്രതിരോധം ഭേദിക്കാനായില്ല. എന്നാല്‍ പതിയെപ്പതിയെ നീക്കങ്ങള്‍ അറ്റാക്കിങ് തേര്‍ഡിലേക്കും പെനാല്‍ട്ടി ബോക്‌സിലേക്കും എത്തിത്തുടങ്ങി.
ദ ബ്ലാഗുല്‍ട്ട് എന്ന നാമത്തില്‍ അറിയപ്പെടുന്ന സ്വീഡിഷ് ടീമിന്റെ കൗണ്ടര്‍ അറ്റാക്കിങ്ങും ഈ ലോകകപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഒരു സിനിമയുടെ ക്ലൈമാക്‌സെന്നോണം കളിയുടെ അവസാന നിമിഷത്തില്‍ ഇതെല്ലാം മൂര്‍ധന്യാവസ്ഥയിലെത്തി. ക്വാര്‍ട്ടറില്‍ സൂപ്പര്‍ സബ്ബായി വന്ന് കളി ജയിപ്പിച്ച പരലുവെലോ വീണ്ടും അവതരിച്ചു. സ്‌കോര്‍ ബോര്‍ഡിന്റെ നിശ്ചലാവസ്ഥക്ക് മാറ്റം വന്നു. പക്ഷേ തങ്ങളുടെ ഫോര്‍വേഡ് കളിക്കാരെ മുഴുവന്‍ അറ്റാക്കിങ്ങിലേക്ക് ഇറക്കിവിട്ടുകൊണ്ട് സ്വീഡന്‍ തിരിച്ചടിക്കാന്‍ നിര്‍ബന്ധിതരായി.
അവരതിന് പ്രാപ്തരുമാണ്. ഫലമെന്തെന്ന് വെച്ചാല്‍ 88ാം മിനിട്ടില്‍ സ്‌കോര്‍ 1-1. കളി അധിക സമയത്തേക്ക് നീങ്ങും എന്ന് തോന്നിച്ചിടത്ത് നിന്നാണ് റയല്‍ മാഡ്രിഡ് താരം ഒല്‍ഗാ കര്‍മോണയുടെ വിജയഗോള്‍ കൂടെ വന്നത്. ഈയൊരു ഗോളോട് കൂടി അടുത്ത ഒരാഴ്ച്ച ഓസ്ട്രേലിയയില്‍ ആര് തങ്ങും എന്ന ചോദ്യത്തിനുള്ള ഉത്തരമായി. ഇതുവരെ ലോകകപ്പില്‍ ഒരു നോക്ക് ഔട്ട് മാച്ച് പോലും വിജയിക്കാത്ത ചരിത്രം അവര്‍ മാറ്റിയെഴുതി. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ വിജയാഹ്ലാദത്തില്‍ ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ സ്പാനിഷ് ടീമിന് നടുവില്‍ നിന്നും തല കുനിച്ച് സ്വീഡന്‍ ലോകപ്പ് വേദിയില്‍ നിന്ന് വിടവാങ്ങി.
12 മാസങ്ങള്‍ക്ക് മുമ്പ് ആടിയുലഞ്ഞ നിലയിലായിരുന്നു സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍. കോച്ച് ജോര്‍ജ് വില്‍ഡയോടുള്ള എതിര്‍പ്പ് സ്പാനിഷ് താരങ്ങള്‍ പരസ്യമാക്കുകയും ചില താരങ്ങള്‍ ഫെഡറേഷനുമായോ കോച്ചുമായോ സഹകരിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിരുന്നു. 15 താരങ്ങളാണ് തങ്ങളെ ഇനി ടീം സെലക്ഷനില്‍ പരിഗണിക്കേണ്ടതില്ല എന്ന് വ്യക്തമാക്കി ഒരേ സമയം സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന് (RFEF) കത്തയച്ചത്. സംഭവം വലിയ വിവാാദമായെങ്കിലും ഫെഡറേഷനോ പരിശീലകനോ കുലുങ്ങിയില്ല. 15 പേരില്‍ മൂന്ന് പേരെ മാത്രം പരിഗണിച്ച് ബാക്കിയുള്ളവരെ പൂര്‍ണ്ണമായും തഴഞ്ഞ ഫെഡറേഷന്‍, വില്‍ഡക്ക് പിന്തുണ പ്രഖ്യാപിച്ച് ടീം സെലക്ഷനുമായി മുന്നോട്ട് പോയി.
ഇതൊരു തരത്തില്‍ ടീമിനും ഫാന്‍സിനുമിടയില്‍ വിഭാഗീയത ഉടലെടുക്കാന്‍ കാരണമായി. പക്ഷേ ലോകകപ്പിന്റെ ചൂടില്‍ പ്രശ്‌നങ്ങള്‍ ഓരോന്നായി ഉരുകി തീരുകയാണുണ്ടായത്. അന്ന് ഫെഡറേഷന്‍ വില്‍ഡയിലര്‍പ്പിച്ച വിശ്വാസത്തിന് ഫലം കാണുന്നേ ഉണ്ടായിരുന്നുള്ളൂ. സിഡ്നി അതിന് സാക്ഷ്യം വഹിച്ചു. ലോകഫുട്ബാളിലെ കനകകിരീടം യൂറോപ്യന്‍ ബദ്ധവൈരികളായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് സ്‌പെയ്ന്‍ സ്വന്തമാക്കി.
ഒള്‍ഗ കൊര്‍മോണയുടെ ഏക ഗോളാണ് കളിയുടെ വിധി പ്രസ്താവിച്ചത്. മേരി എര്‍പ്‌സിന്റെ കിടിലന്‍ സേവുകളാണ് ഇംഗ്ലണ്ടിനെ വലിയ മാര്‍ജിന്റെ തോല്‍വിയിലേക്ക് തള്ളിവിടാഞ്ഞത്. മുഴുവന്‍ ഫുട്‌ബോളിന്റെ വക്താവായ ജോര്‍ജ് വില്‍ഡയുടെ സ്‌പെയ്‌നിനെ തളക്കാനുള്ള അസ്ത്രങ്ങളും തന്ത്രങ്ങളും സെറീന വിയെഗ്മാന്റെ പക്കല്‍ പോരാതെ വന്നു.
ഒരു മാച്ച് എങ്ങനെ ഇത്ര ഭംഗിയായി കളിക്കാം എന്ന് മാത്രമല്ല ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റ് എങ്ങനെ നേടണമെന്ന് കൂടെ സ്പാനിഷ് ടീം കാട്ടിത്തരികയായിരുന്നു. രണ്ടാം പകുതിയില്‍ സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയ ചെല്‍സി താരം ലോറന്‍ ജെയിംസിനെ കളിയിലെത്തിച്ചെങ്കിലും മൂന്ന് ഗോള്‍ മൂന്ന് അസിസ്റ്റ് എന്ന ഗ്രൂപ്പ് ഫോമൊന്നും എസ്പാനയുടെ മുമ്പില്‍ വിലപോയില്ല.
ബാഴ്‌സലോണ കൗമാര താരം പരലുവെലോയെ കളത്തിലിറക്കാന്‍ ബാലണ്‍ ഡി ഓര്‍ ജേതാവ് അലെക്‌സിയ പുട്ടല്ലാസിനെ വില്‍ഡ ബെഞ്ചിലിരുത്തി. ടൂര്‍ണമെന്റിന്റെ ബെസ്റ്റ് യങ് പ്ലെയര്‍ക്കുള്ള അവാര്‍ഡ് നേടിയ പരലുവേലുവിനെ ഹൈ പ്രെസിങ്ങിനുപയോഗിച്ച് ബോള്‍ റാഞ്ചാനായിരുന്നു നിയോഗിച്ചത്. ഇംഗ്ലണ്ട് താളം കണ്ടെത്തുമ്പോഴെല്ലാം സ്പാനിഷ് നീക്കങ്ങള്‍ ഇടങ്കോലായി നിന്നു. ഇതിനൊരു പരിഹാരമെന്നോണം രണ്ടാം പകുതിയില്‍ കെല്ലിയെയും, ലോറന്‍ ജെയിംസിനെയും ഇറക്കി 4-2-3-1 പരീക്ഷിച്ചു നോക്കി.
ഇത് ആക്രമണങ്ങള്‍ക്ക് ആക്കം കൂട്ടിയെങ്കിലും സ്‌കോറിങ്ങിന് പരിഹാരമായില്ല. മറു വശത്ത് സ്‌പെയ്‌നിന് ലഭിച്ച പെനാല്‍ട്ടി തടുത്തിട്ട് ഗോള്‍കീപ്പര്‍ മാരി ഏറാപ്‌സ് തന്നാലാവുന്നതിന് കിണഞ്ഞ് പരിശ്രമിച്ചു. പക്ഷെ എസ്പാന സംഘത്തിന്റെ കയ്യില്‍ നിന്ന് ഗെയിം പിടിച്ചെടുക്കുന്നത് സംഭവ്യമല്ലായിരുന്നു. സമനില ഗോള്‍ അകന്ന് നിന്നു. ഇഞ്ച്വറി ടൈമായി അനുവദിച്ച 13 മിനിട്ടും അവസാനിക്കുമ്പോള്‍ ലോക കിരീടത്തിന് പുതിയൊരു അവകാശി ജനിച്ചിരുന്നു. ലാ റോജ എന്ന സ്പാനിഷ് സംഘം ലോകം കാല്‍ക്കീഴിലാക്കിയിരുന്നു. ആഹ്ലാദത്തേരില്‍ 750000ത്തില്‍ പരം വരുന്ന സിഡ്നിയിലെ കാണികളെ സാക്ഷിയാക്കി അവര്‍ ആനന്ദനൃത്തം ചവിട്ടി.
Content Highlights: The journey of Women’s World Cup