ന്യൂയോര്‍ക്ക്: ഗസയിലെ ഇസ്രഈലിന്റെ സൈനിക നടപടികള്‍ വംശഹത്യക്ക് സമാനമാണെന്ന് യു.എസിലെ ജൂത ഗ്രൂപ്പായ ജൂവിഷ് വോയ്‌സ് ഫോര്‍ പീസ്. സയണിസ്റ്റ് വിരുദ്ധ സംഘടനയായ ജെ.വി.പി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് നെതന്യാഹു ഭരണകൂടത്തിനെതിരായ വിമര്‍ശനം.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി വടക്കന്‍ ഗസയുടെ ഏതാനും ഭാഗങ്ങളില്‍ ഇസ്രഈല്‍ ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ജൂത സംഘടന രംഗത്തെത്തിയിരിക്കുന്നത്.
അമേരിക്ക നല്‍കുന്ന ആയുധങ്ങള്‍ ഉപയോഗിച്ച് നെതന്യാഹു ഭരണകൂടം ഗസയില്‍ കൂട്ടക്കൊല നടത്തുകയാണെന്നും ജെ.വി.പി ചൂണ്ടിക്കാട്ടി. ഫലസ്തീനികളെ ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ നീക്കമാണിതെന്നും ജൂത സംഘടന പറഞ്ഞു.
‘ഞങ്ങള്‍ ഞങ്ങളുടെ പൂര്‍വികര്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. ഞങ്ങളുടെ ഫലസ്തീന്‍ സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. ഉടനടി ഗസയിലെ വംശഹത്യ അവസാനിപ്പിക്കാനും വെടിനിര്‍ത്തല്‍ സാധ്യമാക്കാനും ആവശ്യപ്പെടുന്നു,’ എന്നും സംഘടന വ്യക്തമാക്കി.
ഇസ്രഈല്‍ നടപടികളെ ഉദ്ധരിച്ച്, തങ്ങളെല്ലാം നാസി ഹോളോകോസ്റ്റിന്റെ നിഴലിലാണ് വളര്‍ന്നതെന്ന് ജെ.വി.പി പറയുന്നു. ആദ്യമായാണ് ഒരു ജൂത സംഘടന ഇസ്രഈല്‍ നടപടികളെ ‘ഹോളോകോസ്റ്റ്’ എന്ന് വിശേഷിപ്പിക്കുന്നത്. നാസിയുടെ മരണ മാര്‍ച്ചുകളില്‍ നിന്ന് തങ്ങളുടെ സഹോദരീസഹോദരന്മാരും മാതാപിതാക്കളും അതിജീവിക്കുകയോ ഒരുപക്ഷെ മരിക്കുകയോ ചെയ്തിട്ടുണ്ടെന്നും ജെ.വി.പി പറഞ്ഞു.
ഗസയില്‍ നിന്ന് പുറത്തുവരുന്ന ചിത്രങ്ങളും വീഡിയോകളും രണ്ടാം ലോക മഹായുദ്ധത്തിലെ യൂറോപ്യന്‍ ഗെറ്റോകളെയും നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളെയും ഓര്‍മിപ്പിക്കുന്നതാണെന്നും ജൂത സംഘടന ചൂണ്ടിക്കാട്ടി. ഫലസ്തീനികളുടെ നിസംഗതയ്ക്ക് മുമ്പില്‍ മൗനം പാലിക്കാന്‍ കഴിയില്ലെന്നും ജെ.വി.പി പ്രതികരിച്ചു.
ഹോളോകോസ്റ്റിനെ അതിജീവിച്ച ഓരോ മനുഷ്യരും അവരുടെ പിന്‍ഗാമികളും ഫലസ്തീനികള്‍ക്കായി ശബ്ദമുയര്‍ത്തണം. വംശഹത്യ അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്ന പ്രസ്താവനയില്‍ ഒപ്പുവെക്കണമെന്നും ജെ.വി.പി ആവശ്യപ്പെട്ടു.
2023 ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തില്‍ ഗസ ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച്, 43,000 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.
മാധ്യമപ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍ എന്നിവരെയെല്ലാം പ്രത്യേകം ലക്ഷ്യമിട്ടാണ് ഇസ്രഈല്‍ സൈന്യമായ ഐ.ഡി.എഫ് ഗസയില്‍ യുദ്ധം ചെയ്യുന്നത്. യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഇസ്രഈല്‍ ഗസയിലെ യുദ്ധം തുടരുകയാണ്.
Content Highlight: The Jewish organization in the US has reacted against Israel