| Friday, 18th September 2020, 1:40 pm

മാഞ്ചിയെ ചേര്‍ത്തുപിടിച്ചും പസ്വാനെ തഴഞ്ഞും ജെ.ഡി.യു; ചരടുവലിയില്‍ കുരുങ്ങി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്ന: ബീഹാറില്‍ സീറ്റ് വിഭജനത്തില്‍ നിലപാട് കടുപ്പിച്ച് ജെ.ഡി.യു. തെരഞ്ഞെടുപ്പില്‍ 115 സീറ്റ് തങ്ങള്‍ക്ക് വേണമെന്നാണ് ജെ.ഡി.യു മുന്നോട്ടുവെക്കുന്ന ആവശ്യം. ബാക്കിയുള്ള 128 സീറ്റ് ബി.ജെ.പിക്ക് മത്സരിക്കാമെന്നും അതില്‍ നിന്ന് എല്‍.ജെ.പിക്കുള്ള സീറ്റ് ബി.ജെ.പി നല്‍കണമെന്നുമാണ് ജെ.ഡി.യു നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

2010 ല്‍ ജെ.ഡി.യുവും ബി.ജെ.പിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതുകൊണ്ടു തന്നെ സീറ്റ് പങ്കിടല്‍ സംബന്ധിച്ച് തങ്ങള്‍ക്കിടയില്‍ വലിയ രീതിയിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ഇന്ത്യന്‍ എക്സ്പ്രസിനോട് ജെ.ഡി.യു വൃത്തങ്ങള്‍ പറഞ്ഞു.

2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗ്രാന്‍ഡ് അലയന്‍സ് അംഗമായിരുന്ന പാര്‍ട്ടി 101 സീറ്റുകളില്‍ മത്സരിച്ചിരുന്നു. തങ്ങള്‍ എന്‍.ഡിഎയുടെയും മുഖ്യ പങ്കാളികളായതിനാല്‍ 115 സീറ്റുകള്‍ പാര്‍ട്ടിക്ക് നല്‍കണമെന്നാണ് ജെ.ഡി.യു ബി.ജെ.പിയോട് ആവശ്യപ്പെടുന്നത്.

എല്‍.ജെ.പിയുടെ സീറ്റ് സംബന്ധിച്ച കാര്യം ബി.ജെ.പി നോക്കണമെന്നും ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്കുലര്‍) തങ്ങള്‍ നോക്കിക്കൊള്ളാമെന്നുമാണ് ജെ.ഡി.യുവിന്റെ നിര്‍ദ്ദേശം.

നിതീഷ് കുമാറും ചിരാഗ് പസ്വാനും തമ്മില്‍ രൂക്ഷമായിക്കൊണ്ടിരിക്കേയാണ് ജെ.ഡി.യു തങ്ങളുടെ ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയെ സഖ്യത്തിലേക്ക് നിതീഷ് കുമാര്‍ തിരിച്ചെത്തിച്ചത് പസ്വാനെതിരെയുള്ള കരു നീക്കമായി നേരത്തെ തന്നെ വിലയിരുത്തപ്പെട്ടിരുന്നു.

നിലവില്‍ ജെ.ഡി.യുവിന് 71 എം.എല്‍,എമാരും ബി.ജെ.പിക്ക് 53 എം.എല്‍.എമാരുമുണ്ട്.

ബീഹാറില്‍ എന്‍.ഡി.എ സീറ്റ് വിഭജനത്തെക്കുറിച്ചുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബീഹാറില്‍ എത്തിയ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും സീറ്റ് വിഭജനം ചര്‍ച്ചചെയ്യാന്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ക്യാംപെയിനിന്റെ ചുമതലയുള്ള മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷന്‍ ദേവേന്ദ്ര ഫഡ്‌നാവീസ്, ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവും നദ്ദയുടെ കൂടെയുണ്ടായിരുന്നു.

നിതീഷ് കുമാറിന് ലോക് ജനശക്തി പാര്‍ട്ടിയുമായും ചിരാഗ് പസ്വാനുമായുള്ള ഭിന്നതയെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

എല്‍.ജെ.പി ജെ.ഡി.യുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടുമോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായിട്ടുണ്ടെന്നാണ് വിവരങ്ങള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

bihar election  new  moves by  jdu against  chirag paswan

We use cookies to give you the best possible experience. Learn more