ധാക്ക: മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പിന്തുണച്ച ജാതീയ പാര്‍ട്ടിയുടെ ആസ്ഥാനത്തിന് തീയിട്ടതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി നടന്ന സംഭവത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യത്തില്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ധാക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ പാര്‍ട്ടിയായ ജാതീയ പാര്‍ട്ടി ഓഫീസുകള്‍ക്കെതിരെ ഉണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം നിലവില്‍ ആരും ഏറ്റെടുത്തിട്ടില്ല.
ധാക്കയിലെ ബിജോയ് നഗറിലെ പാര്‍ട്ടി ഓഫീസിലേക്ക് അക്രമികള്‍ അതിക്രമിച്ചു കടക്കുകയും അവിടെയുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുമായി സംഘര്‍ഷം ഉണ്ടാവുകയുമായിരുന്നു. പിന്നാലെ ഏറ്റുമുട്ടലുണ്ടാവുകയും അക്രമികള്‍ ഓഫീസ് പരിസരം തീയിടുകയുമായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും അതിന്റെ കണക്കുകളും വ്യക്തമായിട്ടില്ല. തീപ്പിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് പെട്ടെന്ന് തന്നെ അഗ്നിശമന സേനാംഗങ്ങള്‍ എത്തിയതായും ഉടന്‍ തന്നെ തീയണച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ നടക്കുമ്പോള്‍ ഷെയ്ഖ് ഹസീനയെ പിന്തുണച്ചതാണ് പാര്‍ട്ടി ഓഫീസ് ആക്രമിക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക വിവരം.