ലഖ്‌നൗ: പൊതു സ്ഥലത്ത് നമസ്‌കരിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ 25 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ദെല്ലെപൂര്‍ ഗ്രാമത്തിലാണ് സംഭവം. തുറസ്സായ സ്ഥലത്ത് സംഘം ചേര്‍ന്ന് നമസ്‌കരിച്ചതിനാണ് കേസ്. ചജ്‌ലൈത്ത് പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 505-ാം വകുപ്പ് പ്രകാരമാണ് കേസ്. ഇവരോട് പൊതു സ്ഥലത്ത് നമസ്‌കരിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇത് അവഗണിച്ചാണ് ഇവര്‍ നമസ്‌കാരം നടത്തിയതെന്നുമാണ് പൊലീസിന്റെ വാദം.
അതേസമയം ആരാധിക്കാന്‍ അനുവാദം നല്‍കുന്ന ഭരണഘടനയെ അവഗണിച്ചാണ് പൊലീസ് തങ്ങള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പ്രതിചേര്‍ക്കപ്പെട്ടവര്‍ പറയുന്നു.
വീടുകളില്‍ നമസ്‌കാരം നടത്താന്‍ പ്രദേശവാസികള്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അത് അവഗണിച്ചത് കൊണ്ടാണ് കേസെടുക്കേണ്ടി വന്നതെന്നും റൂറല്‍ എ.എസ്.പി സന്ദീപ് കുമാറിനെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ നമസ്‌കരിച്ചത് നിയമപരമായി തങ്ങള്‍ക്ക് അധികാരപ്പെട്ട ഭൂമിയിലാണെന്ന് പ്രതിചേര്‍ക്കപ്പെട്ടവരില്‍ ഒരാളായ വാഹിദ് സൈഫി പറഞ്ഞു.
‘സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ സ്ഥിരമായി ഞങ്ങള്‍ നമസ്‌കരിക്കാറുള്ള സ്ഥലമായിരുന്നു അത്. ആ ഭൂമിയുടെ നിയമപരമായുള്ള അവകാശികള്‍ ഞങ്ങള്‍ തന്നെയാണ്. അടുത്തിടെയാണ് നമസ്‌കാരം ചിലര്‍ക്ക് അസഹിഷ്ണമായത്. ബജ്‌റംഗ്ദള്‍ ആക്ടിവിസ്റ്റുകളാണെന്ന് പറയുന്ന ചിലര്‍ നമസ്‌കാരത്തിനെതിരെ എത്തിയിരുന്നു. ഈയടുത്ത കാലത്താണ് ഇത്തരത്തില്‍ നമസ്‌കാരം ആരംഭിച്ചതെന്നാണ് ഇവരുടെ വാദം. ജൂണ്‍ മൂന്നിനാണ് ഇവര്‍ പൊലീസില്‍ ഞങ്ങള്‍ക്കെതിരെ പരാതി നല്‍കിയത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ജൂണ്‍ 3ന് ഞങ്ങള്‍ എസ്.ഡി.എം ഓഫീസ് സന്ദര്‍ശിച്ചിരുന്നു. അവിടെ സര്‍ക്കിള്‍ ഓഫീസര്‍ കാന്ത് സലോനി അഗര്‍വാളും ഉണ്ടായിരുന്നു. എല്ലാ നിയമപരമായ പേപ്പറുകളും ഞങ്ങള്‍ അവര്‍ക്ക് നല്‍കിയിരുന്നു. പക്ഷേ തുറസ്സായ സ്ഥലത്ത് നമസ്‌കരിക്കരുതെന്ന് അവര്‍ ഞങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അതിനുശേഷം ഞങ്ങള്‍ ഉത്തരവുകള്‍ പാലിച്ചായിരുന്നു മുന്നോട്ട് പോയത്. എന്നാല്‍ എസ്.എച്ച്.ഒയെ സ്ഥലം മാറ്റിയതിന് ശേഷം ഓഗസ്റ്റ് 24ന് ചജ്ലൈത്ത് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു,’ സൈഫി പറഞ്ഞു.
കേസിനെകുറിച്ച് അറിയില്ലായിരുന്നുവെന്നും മാധ്യമങ്ങളില്‍ നിന്നാണ് വാര്‍ത്തയറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ മതസൗഹാര്‍ദമുള്ളതായാണ് തോന്നിയതെന്നും കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ ചേതോവികാരം എന്തായിരുന്നുവെന്നും സമാജ്‌വാദി പാര്‍ട്ടി എം.പി എസ്.ടി. ഹസ്സന്‍ പ്രതികരിച്ചു.
പ്രശ്‌നം അവര്‍ കൂട്ടം ചേര്‍ന്നതിനല്ല,മറിച്ച് നമസ്‌കരിച്ചതിനാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ലീഡര്‍ ഒമര്‍ അബ്ദുള്ള പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Content Highlight: the issue is not gathering but offering namaz; fir registered against 25 persons for offering namaz in uttarpradesh