| Thursday, 21st December 2023, 9:14 pm

ഫലസ്തീനിലെ നാശം ഒരു ആരംഭം മാത്രം; ഗസ മുനമ്പിനെ പൂര്‍ണമായും നിലംപരിശാക്കുമെന്ന് ഇസ്രഈലി കമാന്‍ഡര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഗസ മുനമ്പിനെ മുഴുവനായി നിലംപരിശാക്കുമെന്ന് ഇസ്രഈലി കമാന്‍ഡര്‍. ഇസ്രഈല്‍ സൈന്യം ഷിമോണിലും നബ് ലസിലും ചെയ്തതുപോലെ ബെയ്റ്റ് ഹനൂനിലും ആക്രമണം അഴിച്ചുവിടുമെന്നും 2908 ബറ്റാലിയനിലെ കമാന്‍ഡറായ യെയര്‍ ബെന്‍ ഡേവിഡ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ പറഞ്ഞു.

ഫലസ്തീനിലെ നഗരങ്ങളില്‍ തങ്ങള്‍ നടത്തുന്ന ആക്രമണം ബൈബിളിലെ കഥകള്‍ക്ക് സമാനമായിരിക്കുമെന്ന് ബെന്‍ ഡേവിഡ് പറഞ്ഞു. ഒരു നഗരത്തിലെ എല്ലാ പുരുഷന്മാരെയും കൂട്ടക്കൊല ചെയ്യുന്ന കഥയാണ് കമാന്‍ഡര്‍ വീഡിയോയില്‍ പരാമര്‍ശിച്ചത്. ഗസ മുനമ്പ് ബെയ്റ്റ് ഹനൂവിനോട് സാമ്യമുള്ളതായിരിക്കണമെന്ന് വടക്കന്‍ ഗസയില്‍ ഇസ്രഈല്‍ ആക്രമണത്തെ തുടര്‍ന്ന് പൂര്‍ണമായും നശിച്ച നഗരത്തെ ഉദ്ധരിച്ചുകൊണ്ട് ബെന്‍ ഡേവിഡ് പറഞ്ഞു.

ഫലസ്തീനിലെ നാശം ഒരു ആരംഭം മാത്രമാണെന്നാണ് കമാന്‍ഡര്‍ പറയുന്നത്. ലെബനനടക്കമുള്ള തങ്ങള്‍ക്ക് ചുറ്റുമുള്ള ഏതാനും രാജ്യങ്ങളിലും വെസ്റ്റ് ബാങ്കിലെ യഹൂദ്യ, ശമര്യ തുടങ്ങിയ നഗരങ്ങളിലും ഇസ്രഈല്‍ ജനതയുടെ അന്തസ്സിന് കോട്ടം വരണമെന്ന് ആഗ്രഹിക്കുന്ന പ്രദേശങ്ങള്‍ക്ക് ചുറ്റുമെല്ലാം ഇസ്രഈലി സൈന്യം ഭയം ജനിപ്പിക്കുമെന്നും ബെന്‍ ഡേവിഡ് പറഞ്ഞു.

അതേസമയം വടക്കന്‍ ഗസയിലെ ജബലിയ, ബെയ്ത് ഹനൂന്‍, ഷെജയ്യ, ദരാജ് തുഫ എന്നിവിടങ്ങളില്‍ ആക്രമണം അവസാനിപ്പിക്കുകയാണെന്ന് ഇസ്രഈല്‍ സൈന്യം അറിയിച്ചു. എന്നാല്‍ ഹാന്‍ യൂനിസ് പോലുള്ള ഗസയിലെ തെക്കന്‍ നഗരങ്ങള്‍ ഇസ്രഈല്‍ – ഹമാസ് യുദ്ധത്തിന്റെ പ്രധാന കേന്ദ്രങ്ങളായി മാറിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഭീകരതയെ ചെറുക്കുക എന്നതിനര്‍ത്ഥം ഗസയെ നിലംപരിശാക്കുക എന്നല്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രാന്‍സ് 5 ബ്രോഡ്കാസ്റ്ററോട് പറഞ്ഞു. തീവ്രവാദത്തിനെതിരായ പോരാട്ടമെന്നാല്‍ ഗസയെ നിലംപരിശാക്കുകയോ സാധാരണ ജനങ്ങളെ വിവേചനരഹിതമായി ആക്രമിക്കുകയോ ചെയ്യുന്ന ആശയമല്ലെന്നും ഇമ്മാനുവല്‍ മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: The Israeli commander says that the Gaza Strip will be completely razed to the ground

We use cookies to give you the best possible experience. Learn more