| Sunday, 22nd September 2024, 3:41 pm

റാമല്ലയിലെ അല്‍ ജസീറയിലും റെയ്ഡ്; അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് ഇസ്രഈലി സൈന്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: റാമല്ലയില്‍ വിദേശ മാധ്യമമായ അല്‍ ജസീറയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി ഇസ്രഈലി സൈന്യം. 45 ദിവസത്തേക്ക് അല്‍ ജസീറയുടെ ഓഫീസ് അടച്ചിടണമെന്നാണ് സൈന്യത്തിന്റെ ഉത്തരവ്. തത്സമയ സംപ്രേക്ഷണം നടന്നുകൊണ്ടിരിക്കെ ഓഫീസില്‍ അതിക്രമിച്ചെത്തിയാണ് സൈന്യം ഭീഷണി മുഴക്കിയത്.

അല്‍ ജസീറ തന്നെ പുറത്തുവിട്ട ദൃശ്യങ്ങളിലൂടെയാണ് നിരോധന വിവരം പുറംലോകമറിയുന്നത്. ഓഫീസിലേക്ക് അതിക്രമിച്ചെത്തിയ സൈനികരുടെ ദൃശ്യങ്ങളും ഉത്തരവുകളും അല്‍ ജസീറ തത്സമയം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

ലൈവ് ഓണ്‍ എയറിലുണ്ടായിരുന്ന റിപ്പോര്‍ട്ടറോടാണ് ഓഫീസ് 45 ദിവസത്തേക്ക് അടച്ചിടണമെന്ന് ഐ.ഡി.എഫ് ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടത്. മാധ്യമ സ്ഥാപനത്തിലെ മുഴുവന്‍ ക്യാമറുകളുമെടുത്ത് ജീവനക്കാരോട് സ്ഥലം വിടണമെന്നും സൈന്യം ഭീഷണിപ്പെടുത്തുന്നതായി ദൃശ്യങ്ങളില്‍ കാണാവുന്നതാണ്.

സൈനിക റെയ്ഡില്‍ ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ തത്സമയം അപലപിച്ചു. ഫലസ്തീന്‍ ജേര്‍ണലിസ്റ്റ് സിന്‍ഡിക്കേറ്റും റെയ്ഡിനെതിരെ രംഗത്തെത്തി. ഈ ഏകപക്ഷീയമായ ആക്രമണം മാധ്യമ പ്രവര്‍ത്തനത്തിനും സ്ഥാപനങ്ങള്‍ക്കുമെതിരായ പുതിയ ആക്രമണമാണെന്ന് സിന്‍ഡിക്കേറ്റ് പറഞ്ഞു.

ഇത് ആദ്യമായാണ് ഫലസ്തീനില്‍ പ്രവര്‍ത്തിക്കുന്നതില്‍ അല്‍ ജസീറ നിരോധനം നേരിടുന്നത്. നിലവില്‍ വെസ്റ്റ് ബാങ്കിലും ഗസയിലും അല്‍ ജസീറ സംപ്രേക്ഷണം തുടരുന്നുണ്ട്.

2024 മെയ് അഞ്ചിന് രാജ്യത്തെ അല്‍ ജസീറയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഇസ്രഈല്‍ മന്ത്രിസഭയില്‍ വോട്ടെടുപ്പ് നടന്നിരുന്നു. നേരത്തെ ജെറുസലേം, ടെല്‍ അവീവ് എന്നിവിടങ്ങളില്‍ നിന്ന് അല്‍ ജസീറ തത്സമയ സംപ്രേക്ഷണം ചെയ്തിരുന്നു. പിന്നീട് എല്ലാ കവറേജുകളും റാമല്ലയില്‍ നിന്ന് മാത്രം നടത്താന്‍ അല്‍ ജസീറ നിര്‍ബന്ധിതരാവുകയുമുണ്ടായി.

എന്നാല്‍ ഇപ്പോള്‍ റാമല്ലയിലെ അല്‍ ജസീറയുടെ ഓഫീസും അടച്ചുപൂട്ടാനാണ് ഇസ്രഈല്‍ സൈന്യം ഉത്തരവിട്ടിരിക്കുന്നത്. അല്‍ ജസീറ അടച്ചുപൂട്ടാന്‍ കോടതി ഉത്തരവുണ്ടെന്നാണ് സൈനികരുടെ വാദം. സ്ഥാപനത്തിലുണ്ടായിരുന്ന രേഖകളും ഉപകരണങ്ങളും സൈനികര്‍ പിടിച്ചെടുത്തതായി പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ദേശീയ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അല്‍ ജസീറയെ നിരോധിക്കാനുള്ള നെതന്യാഹു സര്‍ക്കാരിന്റെ തീരുമാനം ഇസ്രഈല്‍ കോടതി നേരത്തെ ശരിവെച്ചിരുന്നു. ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസും അല്‍ ജസീറയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് ചൂണ്ടിക്കാട്ടി ജഡ്ജി ഷായ് യാനിവാണ് സര്‍ക്കാരിന്റെ തീരുമാനത്തെ അംഗീകരിച്ചത്.

വിദേശ മാധ്യമ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുള്ള താത്കാലിക അധികാരങ്ങള്‍ സ്ഥിരമാക്കുന്ന ബില്ലിന് ഇസ്രഈല്‍ അംഗീകാരം നല്‍കിയ നീക്കത്തെയാണ് കോടതി ശരിവെച്ചത്. പുതിയ നിയമം രൂപീകരിക്കുന്നതിലൂടെ ഇസ്രഈല്‍ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത് അല്‍ ജസീറയുടെ ബ്രാഞ്ചുകളെ മാത്രമാണ്.

ജൂണ്‍ മാസത്തിന്റെ ആദ്യവാരത്തില്‍ അല്‍ ജസീറയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് 45 ദിവസത്തേക്ക് കൂടി ഇസ്രഈല്‍ നീട്ടിയിരുന്നു. എന്നാല്‍ ഈ സമയപരിധി അവസാനിച്ചിട്ടും നിരോധനം ഇസ്രഈലില്‍ നിന്ന് ഫലസ്തീനിലേക്കും വ്യാപിപ്പിക്കുകയാണ് സൈന്യം.

Content Highlight: The Israeli army has imposed a ban on the foreign media Al Jazeera in Ramallah

We use cookies to give you the best possible experience. Learn more