| Sunday, 3rd March 2024, 6:30 pm

റഫയിലും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കെതിരെ ബോംബാക്രമണം നടത്തി ഇസ്രഈലി സൈന്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഗസയ്ക്ക് പിന്നാലെ അതിര്‍ത്തി നഗരമായ റഫയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെ അധിവസിപ്പിച്ചിരിക്കുന്ന കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രഈല്‍ ബോംബാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രതികരിച്ച് ലോകാരോഗ്യ സംഘടന രംഗത്തെത്തി.

‘റഫയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്ക് അഭയം നല്‍കുന്ന കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രഈലി സൈന്യം ബോംബെറിഞ്ഞു. അപ്രതീക്ഷിത ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും കുട്ടികളടക്കം 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രഈലിന്റെ നീക്കം അതിരുകടക്കുകയാണ്,’ എന്ന് ഡബ്ല്യു.എച്ച്.ഒ ജനറല്‍ സെക്രട്ടറി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എക്സില്‍ കുറിച്ചു.

ഫലസ്തീന്‍ പൗരന്മാര്‍ക്ക് പുറമെ കൊല്ലപ്പെട്ടവരില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്നുണ്ടെന്നും ഇവര്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഗസയില്‍ ഉടനെ ഇസ്രഈല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം റമദാന്‍ വ്രതം ആരംഭിക്കുന്നതിന് മുമ്പ് ഗസയില്‍ വെടിനിര്‍ത്തല്‍ സാധ്യമാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. മാര്‍ച്ച് 10 അല്ലെങ്കില്‍ മാര്‍ച്ച് 11ന് വെടിനിര്‍ത്തല്‍ നടപ്പാക്കുമെന്നും അതിനായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി എന്നിവരുമായി ബൈഡന്‍ ഫോണില്‍ സംസാരിച്ചിരുന്നു. സിവിലിയന്‍സിനെതിരെ തുടരുന്ന ആക്രമണം നിര്‍ത്തണമെന്നും ഗസയിലെ ജനങ്ങള്‍ക്ക് സഹായം നല്‍കുന്നത് തുടരണമെന്നും ഇസ്രഈലിനോട് ബൈഡന്‍ ആവശ്യപ്പെട്ടു.

നിലവിലെ കണക്കുകള്‍ പ്രകാരം ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 30,320 പേര്‍ കൊല്ലപ്പെടുകയും 71,533 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: The Israeli army bombarded the evacuees in Rafah as well

We use cookies to give you the best possible experience. Learn more