ദോഹ: ഖത്തര്‍ ലോകപ്പില്‍ ഇംഗ്ലണ്ടിനെതിരായ തങ്ങളുടെ ആദ്യ മത്സരത്തില്‍ ദേശീയ ഗാനം ആലപിക്കാതെ ഇറാന്‍ ടീം. സാധാരണയായി ഓരോ ടീമുകളും തങ്ങളുടെ ദേശീയ ഗാനം ആലപിക്കാറുണ്ട്. ഇതില്‍ നിന്നാണ്
ഇറാന്‍ താരങ്ങള്‍ വിട്ടുനിന്നത്.
ദേശീയ ഗാനം ആലപിക്കുന്ന കാര്യത്തില്‍ ടീം കൂട്ടായി തീരുമാനമെടുക്കുമെന്ന് മത്സരത്തിന് മുമ്പ് ഇറാന്‍ താരം അലിറെസ് ജഹന്‍ബക്ഷെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടീമിന്റെ നടപടി.
ഇറാന്‍ പൊലീസ് കസ്റ്റഡിയില്‍ മഹ്സ അമിനി എന്ന യുവതി മരണപ്പെട്ടതുമായി ബന്ധപ്പെട്ട് രണ്ടുമാസത്തോളമായി ഇറാനില്‍ പ്രതിഷേധം നടക്കുകയാണ്. ഈ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി കായികതാരങ്ങള്‍ ദേശീയഗാനം ആലപിക്കുന്നതില്‍ നിന്ന് നേരത്തേയും വിട്ടുനിന്നിരുന്നു.
ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്നാരോപിച്ചായിരുന്നു സദാചാര പൊലീസ് 22കാരിയായ അമിനിയെ അറസ്റ്റ് ചെയ്തത്. ടെഹ്റാനിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്. മൂന്ന് ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 16ന് അമിനി കൊല്ലപ്പെടുകയായിരുന്നു.
പൊലീസ് വാനില്‍ വെച്ച് മഹ്‌സയെ പൊലീസ് മര്‍ദിച്ചതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു.
മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനിലുടനീളവും അന്താരാഷ്ട്ര തലത്തില്‍ തന്നെയും ഇറാന്‍ ഭരണകൂടത്തിനും സദാചാര പൊലീസിനുമെതിരെ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഹിജാബ് നിയമം പിന്‍വലിക്കുകയും മൊറാലിറ്റി പൊലീസ് സിസ്റ്റം നിര്‍ത്തലാക്കുകയും ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
അതേസമയം, മത്സരത്തില്‍ ഇറാനെ തരിപ്പണമാക്കി ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയിരുന്നു. രണ്ടിനെതിരെ ആറ് ഗോളിനാണ് ഇംഗ്ലണ്ട് ഏഷ്യന്‍ ശക്തികളെ തകര്‍ത്തുവിട്ടത്.
35ാം മിനിട്ടില്‍ ജൂഡ് ബെല്ലിങ്ഹാം തുടങ്ങിവെച്ച വെടിക്കെട്ട് ഇംഗ്ലണ്ട് അവസാന നിമിഷം വരെ തുടര്‍ന്നു.
ഇംഗ്ലണ്ടിനായി ബുക്കോയോ സാക്ക ഇരട്ട ഗോള്‍ നേടിയപ്പോള്‍ റഹീം സ്റ്റെര്‍ലിങ്, മാര്‍ക്കസ് റാഷ്ഫോര്‍ഡ്, ജാക്ക് ഗ്രെലിഷ് എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.
മത്സരത്തിന്റെ 65ാം മിനിട്ടിലാണ് ഇറാന്‍ ആദ്യ ഗോള്‍ നേടിയത്. മെഹ്ദി തരേമിയാണ് ഇറാനായി ഗോള്‍ നേടിയത്. ആഡ് ഓണ്‍ സമയത്ത് ലഭിച്ച പെനാല്‍ട്ടിയും താരം ഇറാനായി വലയിലാക്കിയതോടെയാണ് ഇറാന്‍ രണ്ട് ഗോളിലെത്തിയത്.
ഗ്രൂപ്പ് ബിയില്‍ അമേരിക്കക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. നവംബര്‍ 26ന് നടക്കുന്ന മത്സരത്തിന് അല്‍ ബൈത്ത് സ്റ്റേഡിയമാണ് വേദിയാവുക.
CONTENT Highlight: The Iranian team did not sing the national anthem in their first match against England in Qatar World Cup