മഹ്സ അമിനിയുടെ മരണം റിപ്പോര്‍ട്ട് ചെയ്തു; ജാമ്യത്തിലിറങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മേല്‍ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഇറാന്‍ സര്‍ക്കാര്‍
World News
മഹ്സ അമിനിയുടെ മരണം റിപ്പോര്‍ട്ട് ചെയ്തു; ജാമ്യത്തിലിറങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മേല്‍ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഇറാന്‍ സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th January 2024, 9:29 am

ടെഹ്റാന്‍: മഹ്സ അമിനിയുടെ മരണം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ തടവിലാക്കപ്പെട്ട രണ്ട് വനിതാ മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഇറാന്‍ സര്‍ക്കാര്‍. ജയില്‍ മോചിതരായി ഒരു ദിവസത്തിന് ശേഷമാണ് ഇറാന്‍ അനുശാസിക്കുന്ന രീതിയില്‍ ഹിജാബ് ധരിച്ചില്ലെന്ന പേരില്‍ ഇരുവരുടെയും മേല്‍ പുതിയ കുറ്റങ്ങള്‍ ചുമത്തുന്നത്.

ഹിജാബ് ധരിക്കാതെ പ്രതികള്‍ പുറത്തിറങ്ങിയെന്നും തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ പുതിയ കേസ് ഫയല്‍ ചെയ്തുവെന്നും ഇറാനിയന്‍ ജുഡീഷ്യറിയുടെ മിസാന്‍ ഓണ്‍ലൈന്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. മാധ്യമപ്രവര്‍ത്തകരെ ജാമ്യത്തില്‍ വിട്ടയക്കുന്നതിനുള്ള വ്യവസ്ഥകളില്‍ വിദേശയാത്രയ്ക്ക് വിലക്കുണ്ടെന്നും വെബ്സൈറ്റ് വ്യക്തമാക്കി.

ഇറാനിലെ എവിന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇരുവരെയും അഭിവാദ്യം ചെയ്യുന്ന വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. കമ്പിളി തൊപ്പി ധരിച്ച് ഹമീദിയും ഫലസ്തീനിയന്‍ കെഫിയ ധരിച്ചുകൊണ്ട് മുഹമ്മദിയും തങ്ങളുടെ വിജയത്തിന്റെ അടയാളങ്ങള്‍ ലോകത്തോട് തുറന്നുകാണിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം.

ഹിജാബ് ധരിക്കണോ വേണ്ടയോ എന്ന് തെരഞ്ഞെടുക്കുന്നതിനുള്ള സ്ത്രീകളുടെ അവകാശത്തെ മാനിക്കുന്നതിനുപകരം ഇറാന്‍ സര്‍ക്കാര്‍ രാജ്യത്തെ സ്ത്രീകളെ ശാരീരികമായും മാനസികമായും കീഴടക്കാനാണ് ശ്രമിക്കുന്നതെന്ന് ഇറാനിലെ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ജാസ്മിന്‍ റാംസെ അന്തരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു.

ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന പേരില്‍ ഖുര്‍ദിഷ് വംശജയായ മഹ്സയെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് കസ്റ്റഡിയില്‍ വെച്ച് മഹ്സ കൊല്ലപ്പെടുകയുമായിരുന്നു. അമിനിയുടെ മരണവും മരണാന്തരച്ചടങ്ങും റിപ്പോര്‍ട്ട് ചെയ്തത് ഭരണകൂടത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ആണെന്ന് സര്‍ക്കാര്‍ വാദിച്ചിരുന്നു. തുടര്‍ന്ന് മഹ്സ അമിനിയുടെ മരണം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഹമീദിയെയും മുഹമ്മദിയെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ഇറാന്‍ ജുഡീഷ്യറി ഏഴ് വര്‍ഷം തടവിന് വിധിക്കുകയും ചെയ്തു.

ഹിജാബ് വിഷയത്തിലും അമിനിയുടെ മരണത്തിലും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനവും പ്രതിബദ്ധതയും സത്യസന്ധയും പുലര്‍ത്തിയതില്‍ യു.എന്‍ പുരസ്‌ക്കരം ലഭിച്ച മാധ്യമപ്രവര്‍ത്തകരാണ് ഇരുവരും.

Content Highlight: The Iranian government has imposed more charges on the journalists convicted in Mahsa Amini’s death