ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ഐ.പി.എല്ലിന്റെ സംപ്രേക്ഷണാവകാശത്തിനായി നടന്ന ലേലത്തില്‍ വമ്പന്‍ തുകയ്ക്കാണ് മീഡിയ റൈറ്റ്‌സ് വിറ്റുപോയിരിക്കുന്നത്.
രണ്ട് ദിവസമായി നടന്ന ലേലത്തില്‍ ഐ.പി.എല്ലിന്റെ ഡിജിറ്റല്‍ അവകാശം വയാകോമും ടെലിവിഷന്‍ റൈറ്റ്സ് സ്റ്റാര്‍ ഇന്ത്യയുമാണ് സ്വന്തമാക്കിയത്.
ഐ.പി.എല്‍ ടെലിവിഷന്‍ സംപ്രേക്ഷണാവകാശം സോണി നേടിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും സ്റ്റാര്‍ ഇന്ത്യ വീണ്ടും ഐ.പി.എല്ലിനെ സ്വന്തമാക്കുകയായിരുന്നു.
44,705 കോടി രൂപയ്ക്കാണ് അടുത്ത നാല് വര്‍ഷത്തേക്കുള്ള മീഡിയ റൈറ്റ്സ് വിറ്റുപോയത്. ഇതിന് മുമ്പുള്ള എല്ലാ സീസണിനെയും അപേക്ഷിച്ച് നോക്കുമ്പോള്‍ റെക്കോഡ് തുകയാണ് ഇത്തവണത്തെ ലേലത്തില്‍ ബി.സി.സി.ഐ സ്വന്തമാക്കിയത്.
115 കോടി രൂപയാണ് കേവലം ഒരു മത്സരത്തിന്റെ സംപ്രേക്ഷണാവകാശത്തിലൂടെ ബി.സി.സി.ഐയുടെ കീശയിലേക്കെത്തുന്നത്. 2008ല്‍ ഐ.പി.എല്‍ ആരംഭിക്കുമ്പോള്‍ 13.6 കോടി രൂപയുണ്ടായിരുന്നതാണ് 2023ല്‍ 115 കോടിയിലേക്കെത്തി നില്‍ക്കുന്നത്.
ഓരോ മത്സരത്തിന്റെയും സംപ്രേക്ഷണത്തിനായി നേടുന്ന തുകയെ അടിസ്ഥാനമാക്കി നോക്കുമ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെക്കാളും (ഇ.പി.എല്‍) നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷനെക്കാളും (എന്‍.ബി.എ) ഐ.പി.എല്‍ എത്രയോ മുന്‍പന്തിയിലാണ്.
ലേലത്തില്‍ ഐ.പി.എല്‍ വഴി ബി.സി.സി.ഐ നേടിയ തുക കണ്ട് അന്തം വിട്ടിരിക്കുന്നത് അയല്‍ക്കാരായ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ്.
തങ്ങളുടെ ഫ്രാഞ്ചൈസി ലീഗായ പി.എസ്.എല്ലിന് മുമ്പില്‍ ഐ.പി.എല്‍ ഒന്നുമല്ലെന്ന് പറഞ്ഞ അവര്‍ പോലും ഐ.പി.എല്ലിനെ അംഗീകരിക്കേണ്ട അവസ്ഥയിലാണ്.
ചെറിയ ചില മാറ്റങ്ങള്‍ കൂടി വരുത്തിയാല്‍ ഒരു ക്രിക്കറ്റര്‍ പോലും ഐ.പി.എല്‍ കളിക്കാന്‍ പോകില്ല, പകരം എല്ലാവരും പി.എസ്.എല്‍ കളിക്കാന്‍ പാകിസ്ഥാനിലേക്ക് വരും തുടങ്ങിയ നിരീക്ഷണങ്ങള്‍ നടത്തിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെയും ബോര്‍ഡ് അധ്യക്ഷന്റെയും പൊടിപോലും ഇപ്പോള്‍ കാണാനില്ല.
115.7 കോടി രൂപയാണ് ഐ.പി.എല്ലില്‍ ഒരു മത്സരത്തിന്റെ സംപ്രേക്ഷണത്തിലൂടെ ബി.സി.സി.സിയ്ക്ക് ലഭിക്കുന്നതെങ്കില്‍, 2.76 കോടി രൂപയാണ് (2022-2023) പി.എസ്.എല്ലിന് ലഭിക്കുന്നത്.
ഐ.പി.എല്ലിന്റെ പ്രേക്ഷകപ്രീതിയും മൂല്യവും പി.എസ്.എല്ലിനേക്കാള്‍ എത്രയോ വലുതാണെന്നാണ് വ്യക്തമാവുന്നത്.
എന്നിരുന്നാലും പി.എസ്.എല്ലും മികച്ച ഫ്രാഞ്ചെസി ലീഗ് തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല.
ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ലാഭകരമായ ഫ്രാഞ്ചൈസി ലീഗായതില്‍ സന്തോഷമുണ്ടെന്നും ഇത് അഭിമാനത്തിന്റെ നിമിഷമാണെന്നായിരുന്നു ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ പറഞ്ഞത്.
Content Highlight: The IPL has become a more lucrative league than the PSL