ചെന്നൈ: ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ അബദ്ധത്തില്‍ ഐഫോണ്‍ വീണതിനെ തുടര്‍ന്ന് ഫോണ്‍ തിരിച്ച് നല്‍കാന്‍ കഴിയില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍. പണം നിക്ഷേപിക്കുന്നതിനിടെ ഫോണ്‍ അബദ്ധത്തില്‍ ഭണ്ഡാരത്തിനകത്തേക്ക് വീഴുകയായിരുന്നു.
പിന്നാലെ ഫോണ്‍ തിരികെ നല്‍കണമെന്ന് ഉടമ ആവശ്യപ്പെട്ടിട്ടും ക്ഷേത്ര ഭാരവാഹികള്‍ വിസമ്മതിച്ചു. ഭണ്ഡാരത്തിലേക്ക് വീണു കഴിഞ്ഞാല്‍ അത് ക്ഷേത്രത്തിന്റെ സ്വത്തായി മാറിയെന്നാണ് ഭാരവാഹികള്‍ അവകാശപ്പെടുന്നത്.
ചെന്നൈക്കടുത്ത് തിരുപോരുരിലെ അരുള്‍മിഗു കന്ദസ്വാമി ക്ഷേത്രത്തിലാണ് സംഭവം. വവഴിപാട് നടത്തുന്നതിനിടെ ദിനേശ് എന്ന യുവാവിന്റെ ഐഫോണാണ് ഭണ്ഡാരത്തിലേക്ക് വീണത്.
ഫോണ്‍ തിരികെ ആവശ്യപ്പെട്ട ദിനേശിനോട്, ഭണ്ഡാരത്തില്‍ വീണ എന്തും ദൈവത്തിന്റേതാണെന്നും ആചാരമനുസരിച്ച് രണ്ട് മാസത്തിലൊരിക്കലേ ഭണ്ഡാരം തുറക്കുകയുള്ളൂവെന്നും ക്ഷേത്ര ഭാരവാഹികള്‍ പറയുകയായിരുന്നു.
എന്നാല്‍ ക്ഷേത്ര ഭാരവാഹികള്‍ ഫോണിലെ ഡാറ്റ കൈമാറാന്‍ അനുവദിക്കുകയും ഫോണ്‍ തിരികെ നല്‍കാന്‍ വിസമ്മതിക്കുകയുമായിരുന്നുവെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം വിഷയത്തില്‍ തമിഴ്‌നാട് മന്ത്രി പി.കെ. ശേഖര്‍ ബാബുവടക്കമുള്ളവരും ഇടപെട്ടു. സംഭാവന പെട്ടിയില്‍ നല്‍കുന്ന വഴിപാടുകള്‍ ദേവന്റെ സ്വത്തായി കണക്കാക്കുമെന്നും അത്തരം വഴിപാടുകള്‍ തിരികെ നല്‍കാന്‍ നിയമമില്ലെന്നും മന്ത്രി വിശദീകരിക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ യുവാവിന് നഷ്ടടപരിഹാരം നല്‍കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നുമാണ് മന്ത്രി പറയുന്നത്.
എന്നാല്‍ ദിനേശ് ഫോണ്‍ ഭണ്ഡാരത്തില്‍ ഇട്ടതാകാമെന്നും പിന്നീട് മനസ് മാറിയതാണെന്നുമാണ് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്. ഫോണ്‍ അബദ്ധത്തില്‍ ഭണ്ഡാരപ്പെട്ടയിലേക്ക് വീഴാനുള്ള സാധ്യത കുറവാണെന്നും നെറ്റ് കൊണ്ട് കവര്‍ ചെയ്തതാണ് ഭണ്ഡാരമെന്നും ക്ഷേത്ര ഭാരവാഹികള്‍ പറയുന്നുണ്ട്.
സമാനമായി പഴനി ശ്രീദണ്ഡയുതപാണി ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ മലയാളി യുവതിയുടെ സ്വര്‍ണമാല വീണിരുന്നു. എന്നാല്‍ യുവതിയുടെ സാമ്പത്തിക നില കണക്കിലെടുത്ത് ക്ഷേത്രത്തിന്റെ സ്വന്തം ചെലവില്‍ യുവതിക്ക് തതുല്യമായ ആഭരണം തിരികെ വാങ്ങി കൊടുത്തിരുന്നു.
Content Highlight: The iPhone fell into the treasury during the offering; The temple authorities will not return the property of God