| Friday, 26th April 2024, 6:52 pm

മദര്‍തെരേസയുടെ പ്രതിമ തകര്‍ത്ത സംഭവം; അതിക്രമം തീവ്ര ഹിന്ദുത്വ നേതാവിന്റെ പ്രേരണയാലെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാനയില്‍ മദര്‍തെരേസയുടെ പേരിലുള്ള സ്‌കൂള്‍ തീവ്ര ഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് അന്വേഷണ സംഘം.

അച്ചടക്കമില്ലായ്മയും മോശം പെരുമാറ്റവും ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിയുടെ രക്ഷിതാവാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ തീവ്ര ഹിന്ദുത്വ സംഘടനയായ ഹനുമാന്‍ സ്വാമീസ് പ്രവര്‍ത്തകന്‍ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആക്രമണത്തില്‍ ഇതുവരെ രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒന്ന് ഹനുമാന്‍ സ്വാമീസ് പ്രവര്‍ത്തകര്‍ക്കെതിരെയും മറ്റൊന്ന് സ്‌കൂള്‍ മാനേജ്മെന്റിനെതിരെയുമാണ്.

സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ സ്‌കൂള്‍ ആക്രമിച്ച 20-25 പ്രവര്‍ത്തക്കാരെ പൊലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ ഇതുവരെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഐ.പി.സി 153, 295 എ വകുപ്പുകള്‍ പ്രകാരമാണ് സ്‌കൂള്‍ മാനേജ്മെന്റിനെതിരെ കേസെടുത്തിരിക്കുന്നത്. ഐ.പി.സി 143, 295 എ, 153 എ, 323, 427, 452, 353, 506, 147, 149 എന്നീ വകുപ്പുകളാണ് ജനക്കൂട്ടത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

പൊലീസ് അന്വേഷണത്തിന് ശേഷം പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് വസ്തുതാന്വേഷണ സമിതി ആവശ്യപ്പെട്ടു. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരായ എഫ്.ഐ.ആര്‍ ഉടന്‍ പിന്‍വലിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണം നടത്തിയവര്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് നഷ്ടപരിഹാരം നല്‍കണമെന്നും സമിതിയുടെ നിര്‍ദേശമുണ്ട്.

ഇതിനുപുറമെ സംസ്ഥാന, ജില്ല, മണ്ഡലം, വിദ്യാഭ്യാസ തലങ്ങളില്‍ ദേശീയ ഇന്റഗ്രേഷന്‍ കൗണ്‍സിലുകള്‍ രൂപീകരിച്ച് സമാധാനവും ഐക്യവും ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും വസ്തുതാന്വേഷണ സമിതി നിര്‍ദേശിച്ചു.

Content Highlight: The investigative team has released a report on the attack on the school named after Mother Teresa by extremist Hindutva activists

We use cookies to give you the best possible experience. Learn more