| Wednesday, 30th March 2022, 5:07 pm

ബൈജു പൗലോസിനെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ക്വട്ടേഷന്‍ നല്‍കിയെന്ന് അന്വേഷണ സംഘം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ക്വട്ടേഷന്‍ നല്‍കിയെന്ന് അന്വേഷണ സംഘം കണ്ടെത്തി.

ബൈജു പൗലോസ് സഞ്ചരിച്ച കാര്‍ അപകടപ്പെടുത്താനായിരുന്നു ക്വട്ടേഷന്‍. ക്വട്ടേഷന്‍ ഏകോപിപ്പിച്ചത് ശരത്താണ്. 2017 നവംബര്‍ 15 ന് കൃത്രിമ അപകടം സൃഷ്ടിക്കാനായിരുന്നു പദ്ധതി. ബെംഗളൂരുവലെ ക്വട്ടേഷന്‍ സംഘത്തിന് ബൈജു പൗലോസ് സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പര്‍ കൈമാറിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ദിലീപിന്റെ ഡ്രൈവറായിരുന്ന അപ്പുണ്ണിയാണ് ക്വട്ടേഷന്‍ സംഘത്തിന് വാഹനത്തിന്റെ നമ്പര്‍ കൈമാറിയതായും അന്വേഷണ സംഘം പറഞ്ഞു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ഉടന്‍ ചോദ്യം ചെയ്യാനാണ് സാധ്യത. ശരത്തിനേയും സൂരജിനേയും ദിലീപിന് ഒപ്പമിരുത്തി ചോദ്യം ചെയ്യാനും നീക്കമുണ്ട്.

വധഗൂഡാലോചന കേസില്‍ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് താന്‍ തന്നെയാണെന്നും ചാറ്റുകള്‍ നശിപ്പിക്കാന്‍ ആരേയും താന്‍ ഏര്‍പ്പാടാക്കിയിട്ടില്ലെന്നും ചോദ്യം ചെയ്യലില്‍ ദിലീപ് ക്രൈം ബ്രാഞ്ചിനോട് പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസം ദിലീപിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെയും ചോദ്യം ചെയ്യുന്നതെന്നാണ് സൂചന.

സിനിമാ മേഖലയിലുള്ള സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിനൊപ്പം കാവ്യയും ശ്രമിച്ചിരുന്നെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കേസില്‍ സ്ത്രീകളടക്കമുള്ള താരങ്ങള്‍ കൂറ് മാറിയിരുന്നു. ഇതിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ കാവ്യ മാധവനില്‍ നിന്നും അന്വേഷണ സംഘം ചോദിച്ചറിയും.

കേസിലെ നിര്‍ണായക വ്യക്തിയായി കരുതപ്പെടുന്ന മാഡത്തിലേക്ക് എത്തിപ്പെടാനുള്ള ശ്രമത്തിന്റെ കൂടി ഭാഗമായാണ് ചോദ്യം ചെയ്യല്‍.

Content Highlights: The investigation team said that Dileep and his gang had given a citation to endanger Baiju Poulose

We use cookies to give you the best possible experience. Learn more