കാവ്യ മാധവനെ ചോദ്യം ചെയ്യണം; ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളില്‍ നിര്‍ണായക വിവരങ്ങളെന്ന് അന്വേഷണ സംഘം
Kerala News
കാവ്യ മാധവനെ ചോദ്യം ചെയ്യണം; ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളില്‍ നിര്‍ണായക വിവരങ്ങളെന്ന് അന്വേഷണ സംഘം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th April 2022, 7:28 am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവന് പങ്കുണ്ടെന്ന് അന്വേഷണ സംഘം ഹൈക്കോടതിയില്‍. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളില്‍ നിര്‍ണായക വിവരങ്ങളുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതെന്നും അന്വേഷണ സംഘം കോടതിയില്‍ പറഞ്ഞു.

കാവ്യയുടെ പങ്ക് സംബന്ധിച്ച് സുരാജ്, ശരത്തിനോട് പറയുന്നുണ്ട്. ഇതിന്റെ ഭാഗമായി ശരത്ത്, സുരാജ് എന്നിവരുടെ ശബ്ദം പരിശോധിക്കേണ്ടതുണ്ട്. നിലവില്‍ കാവ്യ ചെന്നൈയിലാണുള്ളത്. അടുത്തയാഴ്ച മാത്രമേ മടങ്ങി എത്തു, ചെന്നൈയില്‍ നിന്ന് തിരിച്ചെത്തിയാലുടന്‍ കാവ്യയെ ചോദ്യം ചെയ്യണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച നാല് അഭിഭാഷകരെയും ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘവും കോടതിയെ അറിയിച്ചു.

അതേസമയം, കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്ക് നോട്ടീസ് അയക്കാന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനിച്ചു. അഭിഭാഷകരായ ബി. രാമന്‍പിള്ള, ഫിലിപ്പ് ടി. വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്ക് നോട്ടീസ് അയക്കാനാണ് ബാര്‍ കൗണ്‍സില്‍ തീരുമാനിച്ചത്. ആക്രമിക്കപ്പെട്ട നടിയുടെ പരാതിയില്‍ മറുപടി ആവശ്യപ്പെട്ടാണ് നടപടി.

പ്രതികളുമായി ചേര്‍ന്ന് 20 ലേറെ സാക്ഷികളെ അഭിഭാഷകന്‍ കൂറുമാറ്റിയെന്നും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയ അഭിഭാഷകനെതിരെ നടപടി വേണെന്നും ആവശ്യപ്പെട്ടാണ് അതിജീവിത ബാര്‍ കൗണ്‍സിലിന് പരാതി നല്‍കിയത്. സീനിയര്‍ അഭിഭാഷകനായ ബി. രാമന്‍പിള്ള, ഫിലിപ് ടി. വര്‍ഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷകവൃത്തിയ്ക്ക് ചേരാത്തതും നിയമ വിരുദ്ധവുമാണെന്ന് അതിജീവിത പരാതിയില്‍ പറയുന്നു.

കേസിലെ സാക്ഷിയായ ജിന്‍സനെ സ്വാധീനിക്കാന്‍ ക്രിമിനല്‍ കേസിലെ പ്രതിയുടെ സഹായത്തോടെ രാമന്‍ പിള്ള 25 ലക്ഷം രൂപയും 5 സെന്റ് ഭൂമി വാഗ്ദാനം ചെയ്തു. ഇതില്‍ പൊലീസ് കേസ് എടുത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാമന്‍പിള്ളയ്ക്ക് നോട്ടീസ് നല്‍കിയിട്ടും ഹാജരായിരുന്നില്ല.

Content Highlights: The investigation team said Kavya Madhavan should be questioned