മോഷണ ശ്രമത്തിന് പരാതിയില്ല; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആദിവാസി യുവാവിന്റെ മരണത്തില്‍ അന്വേഷണം കര്‍ശനമാക്കി
Kerala News
മോഷണ ശ്രമത്തിന് പരാതിയില്ല; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആദിവാസി യുവാവിന്റെ മരണത്തില്‍ അന്വേഷണം കര്‍ശനമാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th February 2023, 10:21 am

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൂട്ടിയിരിപ്പുകാരനായ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മോഷണശ്രമം ഉണ്ടായെന്ന് ആരോപിച്ച് വയനാട് മേപ്പാടി പാറവയല്‍ കോളനിയിലെ വിശ്വനാഥ(46)നെ ആശുപത്രിയിലെ സുരക്ഷാ ഉദ്യേഗസ്ഥര്‍ അടക്കമുള്ളവര്‍ ചോദ്യം ചെയ്തിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

എന്നാല്‍ മോഷണ ശ്രമവുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചട്ടില്ലെന്ന് എ.എസ്.പി കെ. സുദര്‍ശനന്‍ മാധ്യമങ്ങളോട് പറഞ്ഞു. മരണ കാരണത്തില്‍ ആള്‍ക്കൂട്ട മര്‍ദനത്തിന്റെ പ്രാഥമിക തെളിവില്ലെന്നും പൊലീസ് പറഞ്ഞു.

മെഡിക്കല്‍ കോളേജ് പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. സുരക്ഷാ ജീവനക്കാരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. മോഷണക്കുറ്റം ആരോപിച്ച സമയത്ത് ഇദ്ദേഹത്തെ ചോദ്യം ചെയ്തതടക്കമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.

‘പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസ് പരിശോധിച്ചുവരികയാണ്. യുവാവിന്റെ കഴുത്തില്‍ കയറ് മുറുകിയതിന്റെ പാടുണ്ട്. ഇയാള്‍ക്കെതിരെയുള്ള മോഷണക്കുറ്റ ആരോപണത്തില്‍ ആരും പരാതി നല്‍കിയിട്ടില്ല,’ എ.എസ്.പി പറഞ്ഞു.

ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായി മെഡിക്കല്‍ കോളേജില്‍ എത്തിയ വിശ്വനാഥനെയാണ് കഴിഞ്ഞ ദിവസം ആശുപത്രിക്ക് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തിയത്.

കൂട്ടിരിപ്പിന് എത്തിയ യുവാവിനെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് ആശുപത്രിക്ക് സമീപമുള്ള 15 മീറ്ററോളം ഉയരമുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.