| Saturday, 10th July 2021, 6:15 pm

പരാതിയുടെ നിജസ്ഥിതിയാണ് അന്വേഷിക്കുന്നത്; ജി. സുധാകരനെതിരായ പരിശോധന വ്യക്തിപരമല്ലെന്ന് എ. വിജയരാഘവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജി. സുധാകരനെതിരായ അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച പരിശോധന വ്യക്തിപരമല്ലെന്ന് സി.പി.ഐ.എം. ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍. പരാതിയുടെ നിജസ്ഥിതിയാണ് അന്വേഷിക്കുന്നതെന്നും പരാതി സംസ്ഥാന കമ്മിറ്റി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജി. സുധാകരന്‍ സംസ്ഥാന സമിതിയില്‍ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പരാജയപ്പെട്ട പാലാ, കല്‍പ്പറ്റ മണ്ഡലങ്ങളിലെ തോല്‍വി ഗൗരവമുള്ളതെന്ന് വിജയരാഘവന്‍ പറഞ്ഞു.

‘തെരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലും മുന്നണി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ ചില മണ്ഡലങ്ങളില്‍ പോരായ്മകളുണ്ടായി. കുറ്റ്യാടിയില്‍ പി.കെ കുഞ്ഞമ്മദ് മാസ്റ്റര്‍ക്കെതിരെ ജില്ലാ കമ്മിറ്റി നടപടി സ്വീകരിച്ചു. ഗുണപരമായ മികവും അടിത്തറയും മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്,’ വിജയരാഘവന്‍ പറഞ്ഞു.

അതേസമയം, അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചയില്‍ മുന്‍ മന്ത്രിയും സി.പി.ഐ.എം. നേതാവുമായ ജി. സുധാകരനെതിരെ പാര്‍ട്ടി തല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കെ.ജെ. തോമസും എളമരം കരീമും ഉള്‍പ്പെട്ട രണ്ടംഗ കമ്മീഷനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.

സി.പി.ഐ.എം. സംസ്ഥാന സമിതിയില്‍ ജി. സുധാകരനെതിരെ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി അന്വേഷണം പ്രഖ്യാപിക്കുന്നത്.

അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച സംഭവിച്ചുവെന്ന റിപ്പോര്‍ട്ട് ശരിവെച്ചായിരുന്നു സി.പി.ഐ.എം. സംസ്ഥാന സമിതിയില്‍ ജി. സുധാകരനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

തെരഞ്ഞെടുപ്പ് അവലോകനത്തിന് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലും സുധാകരന്‍ പങ്കെടുത്തിരുന്നില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: The investigation against G Sudhakaran is not personal say Vijayaraghavan

We use cookies to give you the best possible experience. Learn more