| Monday, 30th September 2024, 9:21 pm

ഇലക്ടറല്‍ ബോണ്ട് വഴി പണം തട്ടിയെന്ന കേസ്; നിര്‍മല സീതാരാമനെതിരായ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ഇലക്ടറല്‍ ബോണ്ട് വഴി പണം തട്ടിയെന്ന കേസില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെതിരെയുള്ള അന്വേഷണത്തിന് സ്റ്റേ. കര്‍ണാടക ഹൈക്കോടതിയാണ് അന്വേഷണം സ്റ്റേ ചെയ്തത്. കേസിലെ മറ്റു കൂട്ടുപ്രതികള്‍ക്കെതിരെയും അന്വേഷണമില്ല.

ജനപ്രതിനിധികള്‍ക്ക് വേണ്ടിയുള്ള ബെംഗളൂരുവിലെ പ്രത്യേക കോടതിയുടേ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സെപ്റ്റംബര്‍ 27നാണ്
ഇലക്ടറല്‍ ബോണ്ട് വഴി പണം തട്ടിയെന്ന പരാതിയില്‍ നിര്‍മല സീതാരാമനെതിരെ കേസെടുത്തത്.

സാമ്പത്തിക തിരിമറി നടത്തിയെന്നാരോപിച്ച് ജനാധികാര സംഘര്‍ഷ സംഘടനയിലെ ആദര്‍ശ് അയ്യര്‍ എന്ന അഭിഭാഷകനാണ് മന്ത്രിക്കെതിരെ പരാതി നല്‍കിയത്. പിന്നാലെ കേന്ദ്രമന്ത്രിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് നിര്‍മല സീതാരാമന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.

നിര്‍മല സീതാരാമനെതിരായുള്ള പരാതിയെ തുടര്‍ന്ന് രാജി ആവശ്യവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഐ.പി.സി സെക്ഷന്‍ 17 അഴിമതി നിരോധന നിയമപ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ആദര്‍ശ് അയ്യര്‍ കേന്ദ്രമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ പരാതി നല്‍കിയത്.

ഇ.ഡി ഉദ്യോഗസ്ഥരുടെ സഹായത്തോടെ നിര്‍മല സീതാരാമന്‍ സാമ്പത്തിക തിരിമറിക്ക് സൗകര്യമൊരുക്കിയെന്ന് പരാതിയില്‍ ആദര്‍ശ് ആരോപിച്ചിരുന്നു.

ഇലക്ടറല്‍ ബോണ്ടുകളുടെ മറവില്‍ കൊള്ളയടിക്കുന്ന മുഴുവന്‍ റാക്കറ്റുകളും ബി.ജെ.പിയുടെ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥരുമായി കൈകോര്‍ത്തിയിരിക്കുകയാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, കര്‍ണാടക മുന്‍ ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍, കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര എന്നിവരായിരുന്നു കേസിലെ മറ്റു പ്രതികള്‍.

2024 ഫെബ്രുവരിയില്‍ വിവാദമായ ഇലക്ടറല്‍ ബോണ്ട് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഭരണഘടനാ വിരുദ്ധമാണെന്നും സുതാര്യമല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ നടപടി.

നിലവില്‍ കേന്ദ്രമന്ത്രിക്കെതിരായ അന്വേഷണത്തിന് ഇടക്കാല സ്റ്റേയാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അടുത്ത വാദം ഒക്ടോബര്‍ 22ന് കേള്‍ക്കുമെന്നും ഹൈക്കോടതി അറിയിച്ചു.

Content Highlight: The investigation against Nirmala Sitharaman in the case of money embezzlement through electoral bonds has been stayed

We use cookies to give you the best possible experience. Learn more