| Tuesday, 13th February 2024, 9:30 am

റഫയിലെ ഇസ്രഈല്‍ ഭീകരത; സര്‍ക്കാരിന്റെ പുതിയ നീക്കത്തില്‍ ആശങ്കയുണ്ടെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഫലസ്തീനിലെ അതിര്‍ത്തി നഗരമായ റഫയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഇസ്രഈലി സൈന്യത്തിന്റെ ആക്രമണ പദ്ധതിയില്‍ ആശങ്ക പ്രകടിപ്പിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടര്‍ കരീം ഖാന്‍.

ഇസ്രഈലിന്റെ തീരുമാനത്തില്‍ താന്‍ ആശങ്കയിലാണെന്ന് കരീം ഖാന്‍ പറഞ്ഞു. റഫയില്‍ ഇസ്രഈലി സൈന്യം നടത്തിയ ബോംബാക്രമണത്തിലും അനധികൃതമായ നുഴഞ്ഞുകയറ്റത്തിലും താന്‍ വളരെയധികം ആശങ്കാകുലനാണെന്നും കരീം ഖാന്‍ ഊന്നിപ്പറഞ്ഞു.

ഗസ സംബന്ധിച്ച വിഷയത്തില്‍ ഫലസ്തീനില്‍ സജീവമായ അന്വേഷണം നടക്കുന്നുണ്ടെന്നും റോം ചട്ട പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുകയെന്ന ലക്ഷ്യമാണ് അന്വേഷണത്തിന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രഈലിനെതിരെ നടപടിയെടുക്കാന്‍ തന്റെ ഓഫീസ് പ്രേരിപ്പിച്ചേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

‘എല്ലാ യുദ്ധങ്ങള്‍ക്കും നിയമങ്ങളുണ്ട്. സായുധ സംഘട്ടനത്തിന് ബാധകമായ നിയമങ്ങളെ പൊള്ളയായോ അര്‍ത്ഥരഹിതമായോ വ്യാഖ്യാനിക്കാന്‍ കഴിയില്ല. റാമല്ലയില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നത് മുതല്‍ ഇത് തന്നെയാണ് ഞാന്‍ പറയുന്നത്,’ കരീം ഖാന്‍ എക്‌സില്‍ കുറിച്ചു.

എന്നാല്‍ ഇസ്രഈലിന്റെ പെരുമാറ്റത്തില്‍ പ്രകടമായ മാറ്റമൊന്നും താന്‍ കണ്ടില്ലെന്നും തന്റെ ഓഫീസില്‍ ഈ വിഷയത്തില്‍ ഏതെങ്കിലും രീതിയില്‍ നടപടിയെടുത്താല്‍ പിന്നീട് ആരും അതുസംബന്ധിച്ച് പരാതിപ്പെടേണ്ടതില്ലെന്നും കരീം ഖാന്‍ പറഞ്ഞു.

ഇസ്രഈല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിലെ അംഗമല്ല, സയണിസ്റ്റ് ഭരണകൂടത്തിന്റെ അധികാരപരിധി ഐ.സി.സി നിശ്ചയിച്ചിട്ടുമില്ല. എന്നാല്‍ ചില സാഹചര്യങ്ങളില്‍ അംഗരാജ്യങ്ങളുടെ പരിധികളില്‍ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ ഐ.സി.സിക്ക് കഴിയും.

തിങ്കളാഴ്ച ഗസയിലെ റഫ നഗരത്തില്‍ സയണിസ്റ്റ് ഭരണകൂടം നടത്തുന്ന കൂട്ടമായ ആക്രമണം വംശഹത്യയാണെന്ന് ഹമാസ് പറഞ്ഞിരുന്നു. റഫയിലെ ഫലസ്തീനികളെ ഇസ്രഈലി സൈന്യം കൂട്ടക്കൊലക്ക് ഇരയാക്കുകയാണെന്നും നിലവില്‍ നൂറിലധികം രക്തസാക്ഷികളുടെ ജീവന്‍ നെതന്യാഹു അപഹരിച്ചെന്നും ഫലസ്തീന്റെ സായുധ സംഘടനയായ ഹമാസ് കൂട്ടിച്ചേര്‍ത്തു.

റഫയിലെ ആക്രമണത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഗസയിലെ ആശുപത്രികള്‍ക്ക് കഴിയുന്നില്ലെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: The International Criminal Court Prosecutor is worried about the israel government’s new move

We use cookies to give you the best possible experience. Learn more