കുല്‍ഭൂഷന്‍ യാദവിന്റെ വധശിക്ഷ അന്താരാഷ്ട്രനീതിന്യായ കോടതി തടഞ്ഞു; 'വധശിക്ഷ പാകിസ്താന്‍ പുന:പരിശോധിക്കണം'
India-Pak relation
കുല്‍ഭൂഷന്‍ യാദവിന്റെ വധശിക്ഷ അന്താരാഷ്ട്രനീതിന്യായ കോടതി തടഞ്ഞു; 'വധശിക്ഷ പാകിസ്താന്‍ പുന:പരിശോധിക്കണം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th July 2019, 6:37 pm

മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷന്‍ യാദവിന്റെ വശശിക്ഷ അന്താരാഷ്ട്രനീതിന്യായ കോടതി തടഞ്ഞു. മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണെ പാക് സൈനികകോടതി ചാരപ്രവര്‍ത്തനമാരോപിച്ച് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് വിധി.

2017ലാണ് ബലൂചിസ്ഥാനില്‍വച്ച് ചാരവൃത്തിയും ഭീകരപ്രവര്‍ത്തനവും നടത്തിയെന്ന് ആരോപിച്ച് പാകിസ്താന്‍ കുല്‍ഭൂഷനെതിരെ വധശിക്ഷ വിധിച്ചത്. തുടര്‍ന്ന് പാക് ജയിലില്‍ കഴിയുകയാണ് ഇദ്ദേഹം.

തുടര്‍ന്ന് ഇന്ത്യ വിധിക്കെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു. ഇന്ത്യയുടെ ഹര്‍ജിയില്‍ ഇദ്ദേഹത്തിന്റെ ശിക്ഷ രാജ്യാന്തര കോടതി തടഞ്ഞിരുന്നു. കേസില്‍ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ വധശിക്ഷ സ്റ്റേ ചെയ്ത് രാജ്യാന്തര കോടതി ഉത്തരവിറക്കുകയായിരുന്നു.

കുല്‍ഭൂഷണെതിരായ ചാരവൃത്തി ആരോപണത്തിന് തെളിവില്ലെന്നും അദ്ദേഹത്തിന് ആവശ്യമായ നിയമസഹായം നല്‍കാത്ത പാകിസ്താന്റെ നടപടി വിയന്ന കണ്‍വെന്‍ഷന്‍ ഉടമ്പടിയുടെ ലംഘനമാണെന്നുമാണ് ഇന്ത്യ വാദിച്ചത്. ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹത്തിനെതിരെയുള്ള് പാക് വധശിക്ഷാവിധി റദ്ദാക്കണമെന്നാണ് ഇന്ത്യ മുന്നോട്ടുവക്കുന്ന ആവശ്യം. വ്യാപാര ആവശ്യത്തിന് ഇറാനിലെത്തിയ ജാദവിനെ പാകിസ്ഥാന്‍ ബലൂചിസ്ഥാനിലേക്ക് തട്ടിക്കൊണ്ടുവന്നതാണെന്നും പാക് ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചത്.

എന്നാല്‍, കുല്‍ഭൂഷണ്‍ വ്യവസായിയായിരുന്നില്ല മറിച്ച് ചാരന്‍ തന്നെയായിരുന്നുവെന്ന വാദമാണ് പാകിസ്താന്‍ കോടതിയില്‍ ഉയര്‍ത്തുന്നത്. ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷണ്‍ ജാദവിനെതിരെ പാകിസ്താന്‍ വിധിച്ച വധശിക്ഷ റദ്ദാക്കണമെന്ന ഇന്ത്യയുടെ ഹര്‍ജി റദ്ദാക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ പരമോന്നത കോടതിയെ ഇന്ത്യ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുകയാണെന്നും പാകിസ്താന്‍ ആരോപിച്ചിരുന്നു.

2016 മാര്‍ച്ചില്‍ ബലൂചിസ്താനില്‍ നിന്നാണ് നാവികസേനാ മുന്‍ ഉദ്യോഗസ്ഥനായ കുല്‍ഭൂഷനെ അറസ്റ്റ് ചെയ്തതെന്നാണ് പാകിസ്താന്‍ വാദം. മുസ്ലീം പേരിലുള്ള പാസ് പോര്‍ട്ട് കുല്‍ഭൂഷനില്‍നിന്നും കണ്ടെത്തിയിട്ടുണ്ടെന്നും ബലൂചിസ്ഥാനില്‍ ചാര പ്രവര്‍ത്തനത്തിന് എത്തിയെന്നതിന് തെളിവുണ്ടെന്നും പാകിസ്താന്‍ പറയുന്നു. ജാദവ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ ഏജന്റാണെന്നാണ് പാകിസ്താന്റെ വാദം.