| Wednesday, 29th March 2023, 9:10 pm

മിഷന്‍ അരിക്കൊമ്പന് പ്രതികൂലമായി ഹൈക്കോടതി വിധി; മൃഗസ്‌നേഹികള്‍ ഞങ്ങളുടെ നാട്ടില്‍ വന്ന് താമസിക്കട്ടേയെന്ന് പ്രദേശവാസികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൊടുപുഴ: ഇടുക്കിയില്‍ ജനങ്ങളെ ദുരിതത്തിലാക്കുന്ന അരിക്കൊമ്പന്‍ എന്ന ആനയെ പിടികൂടാന്‍ അനുമതിയില്ലെന്ന് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ആനയെ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് വിടാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

അരിക്കൊമ്പന്റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്ന് കോടതി പറഞ്ഞു. ആനയുടെ ആവാസമേഖലയിലേക്ക് ആദിവാസികളെ എങ്ങനെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും കോടതി ചോദിച്ചു.

ഹൈക്കോടതി നിലപാടില്‍ വലിയ പ്രതിഷേധമാണ് ഇടുക്കി മേഖലയിലുള്ള പ്രദേശവാസികള്‍ക്കുള്ളത്. തങ്ങളുടെ ജീവിതം പോലും അപകടത്തിലാകുന്ന സാഹചര്യത്തില്‍ മൃഗസ്‌നേഹം പറയുന്നവര്‍ തങ്ങളുടെ നാട്ടില്‍ വന്ന് താമസിക്കട്ടേയെന്ന് പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഹൈക്കോടതി വിധിക്ക് ശേഷം വൈകാരികമായിട്ടാണ് ഇവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഹൈക്കോടതി പരാമര്‍ശങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് വനം മന്ത്രി എ.കെ. ശശീന്ദ്രനും രംഗത്തെത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാന്‍ കോടതി നടപടി പര്യാപ്തമല്ലെ വിദഗ്ധ സംഘത്തെ അയയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

‘അരിക്കൊമ്പന്‍ മൂലം ജനങ്ങള്‍ ഭീതിയിലാണ്. കോടതി ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ആനയെ പിടിക്കുമായിരുന്നു. കേസുകൊടുത്തവരും ജഡ്ജിയും അവിടെ വന്നുതാമസിക്കാനാണ് ജനങ്ങള്‍ പറയുന്നത്,’എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

അരിക്കൊമ്പന്റെ ആക്രമണത്തില്‍ അടിയന്തരമായി ചെയ്യേണ്ടത് പിടികൂടി കൂട്ടിലടയ്ക്കുക തന്നെയാണെന്ന് വനംവകുപ്പും കോടതിയില്‍ വാദിച്ചു. വനംവകുപ്പിന് വേണ്ടി അഡീഷണല്‍ എ.ജി. അശോക് എം. ചെറിയാനാണ് ഹാജരായത്.

Content Highlight: The interim order of the Kerala High Court is that there is no permission to capture the elephant called Arikomban

We use cookies to give you the best possible experience. Learn more