Advertisement
Kerala News
പലിശ വാങ്ങുന്ന സ്ഥാപനത്തിന്റെ മേധാവിയായി ലീഗിലെ നേതാക്കന്മാര്‍ ഇരിക്കുന്നത് ശരിയാണോയെന്ന് ഷംസീര്‍; ഷംസീറിന് ലീഗിനെയും ഇസ്‌ലാമിനെയും അറിയില്ലെന്ന് മഞ്ഞളാംകുഴി അലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Aug 29, 12:45 pm
Monday, 29th August 2022, 6:15 pm

തിരുവനന്തപുരം: നിയമസഭയില്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ നടന്ന സംഭാഷണങ്ങള്‍ ചര്‍ച്ചയാകുന്നു. ‘പലിശ വാങ്ങുന്നത് ഇസ്‌ലാമില്‍ തെറ്റാണ്, പലിശ വാങ്ങാന്‍ പാടില്ലെന്ന് ഇസ്‌ലാം പറയുമ്പോള്‍ പലിശ വാങ്ങുകയും കൊടുക്കുകയും ചെയ്യുന്ന ഒരു സ്ഥാപനത്തിന്റെ മേധാവിയായി മുസ്‌ലിം ലീഗിലെ നേതാക്കന്മാര്‍ ഇരിക്കുന്നത് ശരിയാണോ’ എന്ന സി.പി.ഐ.എം എം.എല്‍.എ എ.എന്‍. ഷംസീറിന്റെ ചോദ്യവുമായി ബന്ധപ്പെട്ടാണ് സഭയില്‍ വാക്‌പോര് നടന്നത്.

ഷംസീറിന് ഇത് ബാധകമാണോ, ഷംസീര്‍ ഇസ്‌ലാം മതത്തില്‍ വിശ്വസിക്കുന്നുണ്ടോ? എന്ന് തിരിച്ചുചോദിച്ചാണ് യു.എ. ലത്തീഫും പി.കെ. ബഷീറും ഇതിനെ നേരിട്ടത്. ഇതിനുപിന്നാലെ, നിങ്ങളാണല്ലോ(മുസ്‌ലിം ലീഗ്) ഇസ്‌ലാമിലേക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് എന്ന് പറഞ്ഞാണ് ഷംസീര്‍ ഇരുവര്‍ക്കും മറുപടി നല്‍കിയത്.

ഷംസീറിന്റെ ഈ ആരോപണത്തെ പ്രതിരോധിക്കാന്‍ ലീഗ് എം.എല്‍.എയായ മഞ്ഞളാംകുഴി അലി തുടര്‍ന്ന് രംഗത്തെത്തുകയും ചെയ്തു. ഷംസീറിന്റെ ഈ ആരോപണം ലീഗിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഷംസീറിന് ഇസ്‌ലാമിനെയും മുസ്‌ലിം ലീഗിനെയും അറിയില്ലെന്നും മഞ്ഞളാംകുഴി അലി പറഞ്ഞു.

ഇസ്‌ലാം മതം എന്നത് മുസ്‌ലിം ലീഗിന് മാത്രമല്ല എല്ലാ മുസ്‌ലിങ്ങള്‍ക്കും ബാധകമാണെന്നും മതകാര്യം ചര്‍ച്ച ചെയ്യാന്‍ നിയമസഭയെ ഉപയോഗിക്കുന്നില്ലെന്നും പറഞ്ഞ് യു.എ. ലത്തീഫ് വിഷയം അവസാനിപ്പിക്കുകയും ചെയ്തു.

നാല് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ന് നിയമസഭ ചേര്‍ന്നത്. കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളി.

ഗതാഗത മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ ആവശ്യം തള്ളിയത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷത്തിന്റെ നിയമസഭയില്‍ നിന്നുള്ള ഇറങ്ങിപ്പോക്കിനും സാക്ഷിയായി.

സര്‍ക്കാര്‍ പൊതുഗതാഗതം തകര്‍ത്തുവെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയെ തകര്‍ത്തത് കെ റെയിലിന് വേണ്ടിയാണോയെന്നും സതീശന്‍ ചോദിച്ചു.