Entertainment news
പുറത്ത് നല്ല ഇമേജുള്ള ആ നടന്റെ ഇടപെടല്‍ വളരെ മോശമാണ്: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 11, 04:02 pm
Monday, 11th September 2023, 9:32 pm

മലയാള സിനിമയില്‍ സംഭവിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. പലരുടെയും അവസാന ഓപ്ഷന്‍ എന്ന നിലയിലാണ് താന്‍ സിനിമ ചെയ്യുന്നതെന്ന് ധ്യാന്‍ പറയുന്നു.

പൊതു മധ്യത്തില്‍ വളരെ നല്ല ഇമേജുള്ള മുന്‍ നിര നടന്മാരുടെ സിനിമക്കുള്ളിലെ ഇടപെടലുകള്‍ പലതും മോശമാണ് എന്നാണ് ധ്യാന്‍ പറയുന്നത്.

തന്റെ ഏറ്റവും പുതിയ ചിത്രമായ നദികളില്‍ സുന്ദരി യമുനയുടെ പ്രൊമോഷന്റെ ഭാഗമായി മനോരമക്ക് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘എന്റെ അടുത്തൊരു സുഹൃത്ത് സംവിധാനം ചെയ്ത സിനിമയിലെ നടന്‍ ആ ചിത്രത്തില്‍ വലിയ രീതിയില്‍ ഇടപെടല്‍ നടത്തുമായിരുന്നു. സിനിമ നന്നാക്കാന്‍ വേണ്ടിയാണ് നടന്‍ ഇടപെടുന്നതെങ്കില്‍ പോലും ഒരു സംവിധായകനെ സംബന്ധിച്ച് അത് മാനസികമായി പല ബുദ്ധിമുട്ടുകളും ഉണ്ടാകും, ആ സിനിമ എഡിറ്റ് ചെയ്ത് കഴിഞ്ഞ ശേഷം ആ നടന്‍ സംവിധായാകന്‍ സുഹൃത്തിനോട് പറഞ്ഞത്, എന്റെ സിനിമ കരിയറില്‍ ബോംബ് സമ്മാനിച്ചതിന് നന്ദി എന്നായിരുന്നു. പക്ഷെ ആ സിനിമ ഹിറ്റായി,’ ധ്യാന്‍ പറയുന്നു.

സിനിമ ഹിറ്റായ ശേഷം ആ സംവിധായകനെ നടന്‍ വിളിച്ച് വേറെ ആള്‍ ആയിരുന്നു സിനിമ ചെയ്തിരുന്നു എങ്കില്‍ സൂപ്പര്‍ ഹിറ്റ് ആയെനെ എന്നാണ് പറഞ്ഞതെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ക്കുന്നു.

‘സിനിമ ഹിറ്റ് ആയ ശേഷം ആ നടന്‍ സംവിധായകനെ അഭിനന്ദിക്കുന്നതിന് പകരം വേറെ ആള്‍ സംവിധാനം ചെയ്തിരുന്നു എങ്കില്‍ കൂടുതല്‍ നന്നായേനെ എന്നാണ് പറഞ്ഞത്. ഈ നടന് ഇന്‍ഡസ്ട്രിയിലും പുറത്തും നല്ല ഇമേജാണ് ഉള്ളത് പക്ഷെ അയാളുടെ ഇടപെടല്‍ വളരെ മോശമാണ്,’ ധ്യാന്‍ പറഞ്ഞു.

അതേസമയം ധ്യാന്‍ പറഞ്ഞ നടന്‍ ഏതാണ് എന്നുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുന്നത്. സെപ്റ്റംബര്‍ 15 നാണ് നദികളില്‍ സുന്ദര യമുന റിലീസ് ചെയ്യുന്നത്. അജു വര്‍ഗീസ് ഉള്‍പ്പടെ വലിയ താരനിര ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

അടുത്ത കാലത്ത് താന്‍ അഭിനയിച്ച ചിത്രങ്ങളില്‍ ഒരുപാട് പ്രതീക്ഷയുള്ള സിനിമയാണ് നദികളില്‍ സുന്ദര യമുന എന്ന് ധ്യാന്‍ പറഞ്ഞിരുന്നു.

Content Highlight: The interaction of an actor who has a good image outside is very bad says Dhyan Srinivasan