ഞാന്‍ പറിക്കുന്ന ആണികള്‍ ഒക്കെയും വേണ്ടാത്തതാണ്; അതായത് ആശാരിയ്ക്ക് ചുറ്റികയുടെ പാരഡിവച്ചും അടിക്കാം!
Daily News
ഞാന്‍ പറിക്കുന്ന ആണികള്‍ ഒക്കെയും വേണ്ടാത്തതാണ്; അതായത് ആശാരിയ്ക്ക് ചുറ്റികയുടെ പാരഡിവച്ചും അടിക്കാം!
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th December 2015, 12:21 pm

ചുറ്റികകൊണ്ട് അടിച്ച് താഴ്ത്തുകയോ പറിച്ചെടുക്കുകയോ വേണ്ട ആണികള്‍ ഇല്ലാത്തതല്ല ഇവിടെ പ്രശ്‌നം, മറിച്ച് അത് വിവേചന രഹിതമായി ഉപയോഗിക്കുന്നവരുടെ ലളിത യുക്തികളാണ്. ഞാന്‍ ആശാരിയാണ്. അതുകൊണ്ട് ഞാന്‍ പറിക്കുന്ന ആണിയൊക്കെയും വേണ്ടാത്തതാണ് എന്നതാണ് ആ യുക്തി. അതിനെ കേവലമായി അവലംബിക്കുമ്പോഴാണ്  മറ്റേ ആശാരി അത് പറിക്കേണ്ടതില്ലാ എന്നാണല്ലോ പറയുന്നത് എന്ന മറുചോദ്യം വരുമ്പോള്‍ ആശാരിമാരൊക്കെ ആശാരിമാരാണെങ്കിലും ചിലര്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ ആശാരിയാണ് എന്ന് മറുപടി പറയേണ്ടിവരുന്നത്.


vishakh-sankar2


quote-mark

ഇസ്‌ലാമോഫോബിയ എന്നത് ഒരു പുതിയ പ്രയോഗമായിരിക്കാം. എന്നാല്‍ അതിന്റെ സാമൂഹ്യ ഉള്ളടക്കത്തിന്  ഇന്ത്യ എന്ന ദേശത്തേക്കാള്‍ പഴക്കമുണ്ട്. മഹാകവി കുമാരനാശാനില്‍ നിന്ന് പോലും കണ്ടെടുക്കാനാവുന്നത്ര പ്രകടമായ ആ ചരിത്ര സാന്നിദ്ധ്യത്തെ ഫറൂഖ് കോളേജില്‍ നടന്ന സംഭവത്തിലും റജീന എന്ന ജേര്‍ണലിസ്റ്റിന്റെ അനുഭവക്കുറിപ്പിലും ആരോപിക്കുമ്പോള്‍ സംഭവിക്കുന്നതെന്താണ്?


 

vishakh
| ഒപ്പിനിയന്‍ : വിശാഖ് ശങ്കര്‍ |

blank
പാര്‍ശ്വവല്‍കൃതരുടെ ചെറുത്തുനില്പുകള്‍ അതിന്റെ നീണ്ട ചരിത്രത്തിലൂടെ തങ്ങളുടെ സമരത്തിന്റെ ഉള്ളടക്കത്തിലേക്ക്  സവിശേഷമായ ചില പരിപ്രേക്ഷ്യങ്ങളെയും, ഭാഷയെത്തന്നെയും ഉള്‍ചേര്‍ത്തിട്ടുണ്ട്. ജൈവമായ ആ പ്രക്രിയ ഭാഷ ഉള്‍പ്പെടെയുള്ള സകല സാംസ്‌കാരിക ഉപകരണങ്ങളെയും ഉപയോഗിച്ച്  ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.

അധീശത്വയുക്തികള്‍ സവര്‍ണ്ണഹിന്ദുത്വ ഹെഗമണിയുടെ സൃഷ്ടി എന്ന നിലയില്‍ നമ്മുടെ സാമൂഹ്യവും സാംസ്‌കാരികവും രാഷ്ട്രീയവുമായ വ്യവഹാരങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് പലപ്പോഴും പ്രത്യക്ഷമായല്ല. ആവര്‍ത്തിച്ചുള്ള പ്രയോഗത്തിലൂടെ സ്വാഭാവികവും നിര്‍ദ്ദോഷവുമെന്ന  പ്രതീതി ജനിപ്പിക്കുന്ന ഇവയെ തുറന്നുകാട്ടാന്‍ മേല്പറഞ്ഞ തരം പുതുപരിപ്രേക്ഷ്യങ്ങളും അവയെ വഹിക്കാന്‍ പോന്ന ഒരു പുതുഭാഷയും അനിവാര്യമാണ് എന്ന കാര്യത്തില്‍ രണ്ട് അഭിപ്രായമുണ്ടാകാനിടയില്ല.

അധീശത്വബോധം, വരേണ്യത, കര്‍തൃത്വനിരാസം, നിര്‍ണ്ണയാവകാശനിഷേധം, കര്‍തൃത്വ അധിനിവേശം തുടങ്ങിയ നിരവധി ആശയങ്ങളും പ്രയോഗങ്ങളും കീഴാള പ്രതിരോധത്തിന്റെ സാംസ്‌കാരിക സത്തയായി മാറുന്നത്, ഒരുപക്ഷേ ബിംബവല്‍ക്കരിക്കപ്പെടുന്നത് പോലും അത്തരം ഒരു അനിവാര്യതയുടെ ഭാഗമായാണ്. എന്നാല്‍ ഇവിടെ സ്വാഭാവികമായും ഒരു അപകടം കൂടിയുണ്ട്. ഇത്തരം പദങ്ങളും പ്രയോഗങ്ങളും അവ അര്‍ഹിക്കുന്ന ആഴവും ഗൗരവവും ഇല്ലാതെ ആകെയുള്ള ചുറ്റികയായി ഉപയോഗിക്കപ്പെടുമ്പോള്‍ സംഭവിക്കുന്നത് എന്തും ആണിയായി തോന്നുന്ന അപഹാസ്യമായ അവസ്ഥയാണ്.

ചുറ്റികകൊണ്ട് അടിച്ച് താഴ്ത്തുകയോ പറിച്ചെടുക്കുകയോ വേണ്ട ആണികള്‍ ഇല്ലാത്തതല്ല ഇവിടെ പ്രശ്‌നം, മറിച്ച് അത് വിവേചന രഹിതമായി ഉപയോഗിക്കുന്നവരുടെ ലളിത യുക്തികളാണ്. ഞാന്‍ ആശാരിയാണ്. അതുകൊണ്ട് ഞാന്‍ പറിക്കുന്ന ആണിയൊക്കെയും വേണ്ടാത്തതാണ് എന്നതാണ് ആ യുക്തി. അതിനെ കേവലമായി അവലംബിക്കുമ്പോഴാണ്  മറ്റേ ആശാരി അത് പറിക്കേണ്ടതില്ലാ എന്നാണല്ലോ പറയുന്നത് എന്ന മറുചോദ്യം വരുമ്പോള്‍ ആശാരിമാരൊക്കെ ആശാരിമാരാണെങ്കിലും ചിലര്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ ആശാരിയാണ് എന്ന് മറുപടി പറയേണ്ടിവരുന്നത്.

ഇസ്‌ലാമോഫോബിയ എന്ന ചുറ്റിക

ഇസ്‌ലാമോഫോബിയ എന്നത് ഒരു പുതിയ പ്രയോഗമായിരിക്കാം. എന്നാല്‍ അതിന്റെ സാമൂഹ്യ ഉള്ളടക്കത്തിന്  ഇന്ത്യ എന്ന ദേശത്തേക്കാള്‍ പഴക്കമുണ്ട്. മഹാകവി കുമാരനാശാനില്‍ നിന്ന് പോലും കണ്ടെടുക്കാനാവുന്നത്ര പ്രകടമായ ആ ചരിത്ര സാന്നിദ്ധ്യത്തെ ഫറൂഖ് കോളേജില്‍ നടന്ന സംഭവത്തിലും റജീന എന്ന ജേര്‍ണലിസ്റ്റിന്റെ അനുഭവക്കുറിപ്പിലും ആരോപിക്കുമ്പോള്‍ സംഭവിക്കുന്നതെന്താണ്?

ലിംഗനീതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഒരു പാര്‍ശ്വവല്‍കൃതപക്ഷ പ്രതിരോധമാണ് ഫറൂഖ് കോളേജിന്റെ പശ്ചാത്തലത്തില്‍ ഇസ്‌ലാമോഫോബിയയായി വ്യാഖ്യാനിക്കപ്പെട്ടതെങ്കില്‍ റജീന എന്ന വിശ്വാസിയായ മുസ്‌ലീം സ്ത്രീ തന്റെ മദ്രസാ പഠനകാലത്ത് ഉണ്ടായ ഒരു ദുരനുഭാവത്തെ കുറിച്ച് എഴുതിയ കുറിപ്പും ഇസ്‌ലാമോഫോബിയ പരത്തുന്നതായി വ്യാഖ്യാനിക്കപ്പെട്ടു. അപ്പോള്‍ റജീനയുടെ സ്വത്വം ഇസ്‌ലാമികമല്ലേ?


സ്ത്രീസമരങ്ങള്‍ സ്ത്രീ നയിക്കണം, പിന്നോക്ക വിഭാഗങ്ങളുടെ സമരങ്ങള്‍ ദളിതര്‍ നയിക്കണം, ന്യൂനപക്ഷ സമരങ്ങള്‍ ന്യൂനപക്ഷങ്ങള്‍ നയിക്കണം എന്നത് ഒരു സാമാന്യ നിയമമായി എടുക്കുന്ന ഒരു യുക്തിപദ്ധതി തന്നെയാണ് പക്ഷേ മുസ്‌ലീം വിഭാഗത്തില്‍ ആരാണ് മുസ്‌ലിം, ആരാണ് മെഫിസ്റ്റോഫിലിസ് എന്ന് “ദലിത്-പിന്നോക്ക-ന്യൂനപക്ഷ” ഐക്യമെന്ന സ്ഥാപനത്തിന്റെ വക്താക്കളില്‍ ഒരാള്‍ എന്ന നിലയ്ക്ക്  മുസ്‌ലീം അല്ലെങ്കിലും തനിക്കാവാം എന്ന് സ്വയം തീരുമാനിക്കുന്നതും!


vp-rajeena2

ഈ രണ്ട് സംഭവങ്ങളിലും ഇരകള്‍ക്ക് അനുകൂലമായ നിലപാടെടുത്ത ഷഫീക്ക് സുബൈദ ഹക്കീമിന്റെ നിലപാട് ദളിത് ബുദ്ധിജീവിയായ കെ.കെ ബാബുരാജ് വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്.  “മുസ്ലീം പേരിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തി, താങ്കളും മറ്റു ചിലരും എല്ലാ സംവാദങ്ങളുടെയും നടുക്ക് കയറിവന്ന് സ്വന്തം രാഷ്ട്രീയ ശത്രുക്കളോട് പ്രതികാരം നിര്‍വഹിക്കുകയെന്ന, സ്വകാര്യ അജണ്ടയാണ് നടപ്പിലാക്കുന്നതെന്നും, അതീവ പ്രതിലോമകരമായ ആണത്തമാണ് ഇത്തരം മോശപ്പെട്ട നടപടികള്‍ക്ക് നിങ്ങളെ പ്രേരിപ്പിക്കുന്നതെന്നും ഞാന്‍ കരുതുന്നു. മെഫിസ്റ്റോഫിലീസിനെ വിശ്വസിച്ചാലും മുസ്ലീം സമുദായം ഇത്തരം രഹസ്യഅജണ്ടകളുള്ള ആള്‍ക്കാരെ മുഖവിലയ്‌ക്കെടുക്കുമെന്ന് തോന്നുന്നില്ല.” അപ്പോള്‍ മുസ്‌ലീം പേരുള്ളവര്‍ എല്ലാം മുസ്‌ലീം അല്ല എന്ന് മാത്രമല്ല മേഫിസ്‌റ്റോഫിലിസ് വരെ ആവാം എന്നാണ് അദ്ദേഹം പറയുന്നത്. അത് ആര് തീരുമാനിക്കും?

സ്ത്രീസമരങ്ങള്‍ സ്ത്രീ നയിക്കണം, പിന്നോക്ക വിഭാഗങ്ങളുടെ സമരങ്ങള്‍ ദളിതര്‍ നയിക്കണം, ന്യൂനപക്ഷ സമരങ്ങള്‍ ന്യൂനപക്ഷങ്ങള്‍ നയിക്കണം എന്നത് ഒരു സാമാന്യ നിയമമായി എടുക്കുന്ന ഒരു യുക്തിപദ്ധതി തന്നെയാണ് പക്ഷേ മുസ്‌ലീം വിഭാഗത്തില്‍ ആരാണ് മുസ്‌ലിം, ആരാണ് മെഫിസ്റ്റോഫിലിസ് എന്ന് “ദലിത്-പിന്നോക്ക-ന്യൂനപക്ഷ” ഐക്യമെന്ന സ്ഥാപനത്തിന്റെ വക്താക്കളില്‍ ഒരാള്‍ എന്ന നിലയ്ക്ക്  മുസ്‌ലീം അല്ലെങ്കിലും തനിക്കാവാം എന്ന് സ്വയം തീരുമാനിക്കുന്നതും!

കീഴാളവിരുദ്ധത എന്ന ചുറ്റിക  

ഇസ്‌ലാമോഫോബിയയുടെ കാര്യം എന്ന പോലെ പ്രകടമായ ഒരു വസ്തുതയാണ് നമ്മുടെ സമൂഹത്തിലെ കീഴാളവിരുദ്ധത എന്നത്. മറ്റ് പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും അത് നടക്കാനും വെള്ളമെടുക്കാനും മുതല്‍ ഗ്ലാസ്സില്‍ ചായ കുടിക്കാനും വരെയുള്ള വിലക്കുകളുടെ രൂപത്തില്‍ പ്രത്യക്ഷമായി തന്നെ നിലനില്‍ക്കുന്നുവെങ്കില്‍ കേരളത്തില്‍ അത് പരോക്ഷമായി ആണ് മുഖ്യധാരയിലേക്ക് എത്തുന്നത്. വരേണ്യതയുടെ, സവര്‍ണ്ണജന്മിത്തത്തിന്റെ അത്തരം പ്രച്ഛന്നവേഷങ്ങളെ അപ്പപ്പോള്‍ കണ്ടെത്തി മുഖംമൂടി വലിച്ച് കീറാന്‍ പോന്നത്ര സജ്ജമാണ് ഇവിടത്തെ കീഴാളപക്ഷ രാഷ്ട്രീയത്തിന്റെ മസ്തിഷ്‌കവും. പക്ഷേ അതുകൊണ്ടൊന്നും അധികാര തര്‍ക്കം തീരില്ല.


അപ്പോള്‍ മെഫിസ്റ്റൊഫിലിസ് സ്വത്വങ്ങളും, മയങ്ങുന്ന സ്വത്വങ്ങളും ഒക്കെയുള്ള ഒരു വിശാല മേഖലയാണ് സ്വത്വരാഷ്ട്രീയം. പക്ഷേ മെഫിസ്റ്റോഫിലിസ് ആരെന്ന്, മയങ്ങുന്നതാരെന്ന് ആര് നിര്‍ണ്ണയിക്കും? അധികാരം എന്നതാണ് അതിന്റെ ഉത്തരം. അതായത് അധികാരം പറിക്കുന്ന ആണികള്‍ ഒക്കെയും വേണ്ടാത്തതാണെങ്കില്‍ അതിന് പുറത്ത് നില്‍ക്കുന്നവര്‍ പറിക്കുന്നതൊക്കെയും വാര്‍പ്പിനായി തട്ടില്‍ അടിച്ച “അനിവാര്യമായ” ആണികളാണ്. അത് പറിക്കുന്നവര്‍ പ്രതിരോധത്തിന്റെ ഘടനയെ മെഫിസ്റ്റോഫിലിസായൊ, ഉന്മാദ ബാധിതരായോ തകര്‍ക്കുന്നവരാണ് ശരി സാര്‍.


vishak-sanker-4

മുസ്‌ലീമിന്റെ കാര്യം മുകളില്‍ പറഞ്ഞത് പോലെയെങ്കില്‍ ദളിതന്റെ കാര്യവും  “ദലിത്-പിന്നോക്ക-ന്യൂനപക്ഷ” ഐക്യത്തിന്റെ പശ്ചാത്തലത്തില്‍ മറ്റൊന്നാവില്ലല്ലോ. അപ്പോള്‍ കേവലം ദളിത് പേരുണ്ടായി എന്നതുകൊണ്ട് ആരും ദളിതും ആവുന്നില്ല, പ്രത്യേകിച്ച് സ്ത്രീകള്‍. പ്രവീണ താലിയെ പരാമര്‍ശിച്ചുകൊണ്ട് ശ്രീ കെ.കെ ബാബുരാജ്  പറയുന്നു, “ഈ അധീശത്വ ലിംഗരാഷ്ട്രീയത്തെ അഴിച്ചുപണിയുന്നതില്‍ മറ്റുള്ളവര്‍ക്കൊപ്പം ദലിത് സ്ത്രീകളുടെയും പങ്കാളിത്തമില്ലെങ്കില്‍ അവര്‍ മയങ്ങുകയാണെന്ന് പറയേണ്ടി വരും; അത്രമാത്രം”

അപ്പോള്‍ മെഫിസ്റ്റൊഫിലിസ് സ്വത്വങ്ങളും, മയങ്ങുന്ന സ്വത്വങ്ങളും ഒക്കെയുള്ള ഒരു വിശാല മേഖലയാണ് സ്വത്വരാഷ്ട്രീയം. പക്ഷേ മെഫിസ്റ്റോഫിലിസ് ആരെന്ന്, മയങ്ങുന്നതാരെന്ന് ആര് നിര്‍ണ്ണയിക്കും? അധികാരം എന്നതാണ് അതിന്റെ ഉത്തരം. അതായത് അധികാരം പറിക്കുന്ന ആണികള്‍ ഒക്കെയും വേണ്ടാത്തതാണെങ്കില്‍ അതിന് പുറത്ത് നില്‍ക്കുന്നവര്‍ പറിക്കുന്നതൊക്കെയും വാര്‍പ്പിനായി തട്ടില്‍ അടിച്ച “അനിവാര്യമായ” ആണികളാണ്. അത് പറിക്കുന്നവര്‍ പ്രതിരോധത്തിന്റെ ഘടനയെ മെഫിസ്റ്റോഫിലിസായൊ, ഉന്മാദ ബാധിതരായോ തകര്‍ക്കുന്നവരാണ് ശരി സാര്‍.

ചെറുത്ത് നില്‍പ്പിന്റെ ഭാഷ അപഹാസ്യമാകുന്നതെങ്ങനെ?

സ്ത്രീ, ദളിത്, പിന്നോക്ക, ന്യൂനപക്ഷ, ലൈംഗീകന്യൂനപക്ഷ ഐക്യം എന്നത് ഈ കാലത്ത് ചിന്തിക്കുന്ന ഒരു മനുഷ്യന് എത്തിച്ചേരാവുന്ന ഏറ്റവും മഹത്തായ ആദര്‍ശമാണ്. അതിന്റെ സാക്ഷാത്കാരത്തിനായി നിവര്‍ത്തിക്കപ്പെടുന്ന ഓരോ പ്രവര്‍ത്തിയും, ഉച്ചരിക്കപ്പെടുന്ന ഓരോ വാക്കും അതില്‍ തന്നെ മഹത്തരങ്ങളാണ്. പക്ഷേ അവയുടെ ഉള്ളടക്കത്തെ ഒറ്റിക്കൊടുക്കുന്ന വാക്കും, പ്രവര്‍ത്തിയുമോ?

സ്ത്രീയും ദളിതനും പിന്നോക്കക്കാരനും ന്യൂനപക്ഷങ്ങളും ലൈംഗീക ന്യൂനപക്ഷങ്ങളും ഒക്കെ ചേരുന്ന ഒരു സബാള്‍ട്ടേണ്‍ സ്വത്വത്തെ നിത്യേനെ  എങ്ങനെ ഇന്ത്യന്‍ സാമൂഹ്യ, സാംസ്‌കാരിക ഹെഗമണികള്‍ വേട്ടയാടുന്നു എന്നത് മനസിലാക്കാന്‍ കണ്ണ് തുറന്ന് വയ്ക്കുക എന്നതില്‍ അധികം വലിയ അദ്ധ്വാനമൊന്നും വേണ്ടതില്ല. അങ്ങനെയിരിക്കെയാണ് മദ്യപിച്ച് ലക്ക് കെട്ട് വാഹനം തെരുവോരത്ത് കിടന്നുറങ്ങുന്ന മനുഷ്യന്റെ ദേഹത്ത് ഓടിച്ച് കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ ശിക്ഷിക്കപ്പെടുന്നത്. പൊതുസമൂഹം അത് ഏറ്റെടുക്കുകയും, തെരുവ് മനുഷ്യര്‍ക്ക് ഉറങ്ങാനുള്ളതല്ല എന്ന തരം മൈനര്‍ വിഢിത്തങ്ങള്‍ ഒരു മേജര്‍ പറഞ്ഞതിനെ അപഹസിക്കുകയും ചെയ്തു.


ഏത്  സമഗ്രാധിപത്യ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളവും ലിബറലുകള്‍ മുഖ്യ ശത്രുവാകുന്നത് ഒരു സ്വാഭാവിക പ്രതിഭാസമാണ്. അത് തന്നെയാണ് സ്വത്വരാഷ്ട്രീയ സ്ഥാപനങ്ങളിലും സംഭവിക്കുന്നത്. സ്ഥാപനബന്ധിയായ അധികാരത്തിന്റെ ഭാഗമായി നിന്നുകൊണ്ട് അവര്‍ പറിക്കുന്ന ആണികളെല്ലാം വേണ്ടാത്തവയാണെന്ന് സമര്‍ത്ഥിക്കുക ആ അധികാരത്തിന്റെ ആവശ്യമാണ്. എന്നാല്‍ ഈ അജണ്ട അറിയാതെ ചുറ്റിക വീണു കിട്ടിയ സന്തോഷത്തില്‍ കണ്ണില്‍ കാണുന്നതെല്ലാം പറിക്കാന്‍ ഇറങ്ങുന്ന കുട്ടികളികളും ഉണ്ട് ഒപ്പം.


hitler-668

ആ പശ്ചാത്തലത്തിലാണ് ഒരു സ്വത്വരാഷ്ട്രീയ ബുദ്ധിജീവി  അംബാനിയുടെ മകന്‍ ഇതുപോലൊരു കൃത്യം ചെയ്തിട്ട് മാധ്യമങ്ങള്‍ ശ്രദ്ധിച്ചില്ല, സല്മാനെ വേട്ടയാടുന്നു, സംഭവം ഇസ്‌ലാമോഫോബിയ തന്നെ എന്ന് ലേഖനപ്പെടുത്തുന്നത്. സല്മാന്‍ ഖാന്‍ എന്ന താരം ശ്രദ്ധിക്കപ്പെടുന്നത് അദ്ദേഹം ഒരു താരമായതുകൊണ്ടാണ് എന്നത് പ്രബന്ധം എഴുതി തെളിയിക്കേണ്ട കാര്യമൊന്നുമല്ല. തോക്ക് കൈവശം വച്ചതിന് അറസ്റ്റ് ചെയ്യപ്പെടുക എന്നത് ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. പക്ഷെ അത്തരം ഒരു അറസ്റ്റില്‍ സഞ്ജയ് ദത്ത് മാത്രം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടത് അയാള്‍ ഹിന്ദുവായതുകൊണ്ടാണെന്ന് ആരെങ്കിലും പറയുമെങ്കില്‍ അത് വെള്ളാപ്പള്ളിയെ പോലെ ഉള്ള ഒരാളായിരിക്കും. രശ്മിയും രാഹുല്‍ പശുപാലനും ലൈംഗീകവിപണനം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ ഭാര്യാ ഭര്‍ത്താക്കന്മാരല്ല. ആ കേസ് ദിവസങ്ങളോളം ചര്‍ച്ചയായത് അവരുടെ ന്യൂനപക്ഷസ്വത്വത്തെയോ ദളിത് സ്വത്വത്തെയോ അധികരിച്ചായിരുന്നുവോ?

പാരഡിയാവുന്ന ഭാഷ

പാര്‍ശ്വവല്‍ക്കരണം എന്ന സാമൂഹ്യസത്യത്തെ പ്രശ്‌നവല്‍ക്കരിക്കാന്‍ ഇത്തരം ദുര്‍ബലമായ പാരഡി യുക്തികളുടെ ആവശ്യമില്ല എന്നതാണ് വസ്തുത. നമ്പൂതിരി മുതല്‍ നായാടിവരെ ഉള്‍ക്കൊള്ളുന്ന ഒരു ഹിന്ദുവിനെ ഉണ്ടാക്കാന്‍ വെള്ളാപ്പള്ളി നടേശനും, ബി.ജെ.പിക്കും കള്ളങ്ങളെ ആവര്‍ത്തിച്ച് പറഞ്ഞ് സത്യമാക്കുക എന്ന ഗീബല്‍സിയന്‍ തന്ത്രം അവലംബിക്കേണ്ടിവരും. കീഴാള ചെറുത്ത് നില്‍പ്പുകള്‍ക്ക് അത്തരം ഒന്നിന്റെ ആവശ്യമില്ല. കാരണം അവര്‍ ഉന്നയിക്കുന്നത് അധികാര താല്പര്യം പ്രത്യേകം  ഡിസൈന്‍ ചെയ്ത ഒരു വ്യാജയുക്തിയല്ല എന്നതാണ്. എന്നാല്‍ സ്വത്വരാഷ്ട്രീയം അങ്ങനെയല്ല. അവര്‍ക്ക് അധികാരബന്ധിയായ അജണ്ടകളുണ്ട്. അതുകൊണ്ടാണ് സമരം പുറത്തേക്ക് എന്നതില്‍ ഉപരി അവര്‍ക്ക് അകത്ത് നടത്തേണ്ടിവരുന്നത്.

ഏത്  സമഗ്രാധിപത്യ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളവും ലിബറലുകള്‍ മുഖ്യ ശത്രുവാകുന്നത് ഒരു സ്വാഭാവിക പ്രതിഭാസമാണ്. അത് തന്നെയാണ് സ്വത്വരാഷ്ട്രീയ സ്ഥാപനങ്ങളിലും സംഭവിക്കുന്നത്. സ്ഥാപനബന്ധിയായ അധികാരത്തിന്റെ ഭാഗമായി നിന്നുകൊണ്ട് അവര്‍ പറിക്കുന്ന ആണികളെല്ലാം വേണ്ടാത്തവയാണെന്ന് സമര്‍ത്ഥിക്കുക ആ അധികാരത്തിന്റെ ആവശ്യമാണ്. എന്നാല്‍ ഈ അജണ്ട അറിയാതെ ചുറ്റിക വീണു കിട്ടിയ സന്തോഷത്തില്‍ കണ്ണില്‍ കാണുന്നതെല്ലാം പറിക്കാന്‍ ഇറങ്ങുന്ന കുട്ടികളികളും ഉണ്ട് ഒപ്പം. ഇവിടെ ആരാണ് കുട്ടി, ആരാണ് മുതിര്‍ന്നത്, ഏതാണ് പറിക്കേണ്ട ആണി, ഏതാണ് വേണ്ടത് എന്ന ചോദ്യം പിന്നെയും ഉയര്‍ന്ന് വരും. അതിന് ഒരുത്തരമേ ഉള്ളു. പറിക്കുന്നത് ആശാരി ആയതുകൊണ്ട് അടരുന്ന ആണിയെല്ലാം വേണ്ടാത്തതാവില്ല. ഓരോന്നും സമഗ്രമായ വിശകലനത്തിന് വിധേയമാകേണ്ടതുണ്ട് എന്നതാണ് പ്രശ്‌നം

പാരഡിയുടെ പാരഡി

ഒരു മതവും അംഗീകരിക്കാത്ത ലൈംഗീക ന്യൂനപക്ഷത്തിന്റെ ഭാഗത്ത് നിന്നുകൊണ്ടുള്ള ക്യൂര്‍ പ്രൈഡ് എന്ന ഇവന്റ് സംഘടിപ്പിക്കുമ്പൊഴും മനുഷ്യരുടെ സൗകര്യത്തിനപ്പുറം മതാചാരങ്ങള്‍ പരിഗണിച്ച് ദിവസം കണ്ടെത്തണം, ഇല്ലെങ്കില്‍ അത് മതേതര ഹിംസയാവും എന്നതും, ഫിലിം ഫെസ്റ്റിവലിന് റിസര്‍വേഷന്‍ ഏര്‍പ്പെടുത്തിയത് ഇന്റര്‍നെറ്റ് ലഭ്യതയില്ലാത്ത കീഴാളവിഭാഗത്തെ സാംസ്‌കാരികമായി ഹിംസിച്ചുകൊണ്ട് ചലച്ചിത്ര മേളകളെ വരേണ്യവല്‍ക്കരിക്കാനാണെന്നും ഒക്കെയുള്ള വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ മനപൂര്‍വ്വമായാലും അല്ലെങ്കിലും ചെയ്യുന്നത്  തങ്ങള്‍ പ്രതിനിധീകരിക്കുന്ന ഗൗരവമുള്ള വിഷയങ്ങളെ വെറും പാരഡികളാക്കി മാറ്റുക എന്നതാണ്.


സ്വയം പാരഡിയായി നിലനില്‍ക്കുന്ന ആവിഷ്‌കാരങ്ങളോട് പ്രതികരിക്കാന്‍ പാരഡിയുടെ പാരഡി  ഉണ്ടാക്കുമ്പോഴും ഉണ്ട് ഒരു അപകടം. അവയെ  അതിന്റെ കൃത്യമായ പശ്ചാത്തലം വ്യക്തമാക്കിക്കൊണ്ട് വിമര്‍ശിച്ചില്ലെങ്കില്‍ അത് എന്തിന്റെ ഹാസ്യാനുകരണമാണ്  എന്നത് ഒരു പുതുവായനക്കാരന് അറിയാന്‍ കഴിയാതെ പോകും. സന്ദര്‍ഭം അറിഞ്ഞുകൊണ്ട് വ്യക്തികളുടെ ഒരു ചെറുകൂട്ടത്തില്‍ വികസിക്കുന്ന ചര്‍ച്ചകളെ, അത് അപഹസിക്കുന്ന വസ്തിനിഷ്ഠ സന്ദര്‍ഭത്തെ വ്യക്തമാക്കാതെ ഒരു പൊതുസ്ഥലത്ത് പ്രതിഷ്ഠിച്ചാല്‍ സംഭവിക്കുന്നത് അത് എന്തിനെ പരിഹസിക്കാന്‍ ഉദ്ദേശിച്ചോ അതിനെ വിട്ട് ഒറിജിനല്‍ ടെക്സ്റ്റിനെ പരിഹസിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കും എന്നതാണ്.


അതായത് ഇവിടെ ഹിംസ, വരേണ്യവല്ക്കരണം തുടങ്ങിയ പ്രയോഗങ്ങളെ അവയുടെ ആശയബന്ധിയായ സാമൂഹ്യ പശ്ചാത്തലത്തെ ഗൗരവമായി പരിഗണിക്കാതെ കേവലം പ്രയോഗങ്ങള്‍ എന്ന നിലയ്ക്ക്  ഉല്പാദിപ്പിക്കുന്ന കൗതുകത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ എടുത്ത് അലക്കുന്നവര്‍ ആ ആശയങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്നുണ്ടോ എന്നതാണ്. അത് തന്നെയാണ് ആ  സമൂഹങ്ങള്‍ക്ക് ഉള്ളില്‍ നിന്ന് തന്നെ അവര്‍ക്ക് എതിരേ പ്രശ്‌നാധിഷ്ഠിതമായി ഉയര്‍ന്ന് വരുന്ന എതിര്‍പ്പുകളുടെ ഉള്ളടക്കം സൂചിപ്പിക്കുന്നത്.

kk-baburajസ്വയം പാരഡിയായി നിലനില്‍ക്കുന്ന ആവിഷ്‌കാരങ്ങളോട് പ്രതികരിക്കാന്‍ പാരഡിയുടെ പാരഡി  ഉണ്ടാക്കുമ്പോഴും ഉണ്ട് ഒരു അപകടം. അവയെ  അതിന്റെ കൃത്യമായ പശ്ചാത്തലം വ്യക്തമാക്കിക്കൊണ്ട് വിമര്‍ശിച്ചില്ലെങ്കില്‍ അത് എന്തിന്റെ ഹാസ്യാനുകരണമാണ്  എന്നത് ഒരു പുതുവായനക്കാരന് അറിയാന്‍ കഴിയാതെ പോകും. സന്ദര്‍ഭം അറിഞ്ഞുകൊണ്ട് വ്യക്തികളുടെ ഒരു ചെറുകൂട്ടത്തില്‍ വികസിക്കുന്ന ചര്‍ച്ചകളെ, അത് അപഹസിക്കുന്ന വസ്തിനിഷ്ഠ സന്ദര്‍ഭത്തെ വ്യക്തമാക്കാതെ ഒരു പൊതുസ്ഥലത്ത് പ്രതിഷ്ഠിച്ചാല്‍ സംഭവിക്കുന്നത് അത് എന്തിനെ പരിഹസിക്കാന്‍ ഉദ്ദേശിച്ചോ അതിനെ വിട്ട് ഒറിജിനല്‍ ടെക്സ്റ്റിനെ പരിഹസിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കും എന്നതാണ്.

ഈ വിഷയത്തില്‍ അനില ബാലകൃഷ്ണന്‍ പറഞ്ഞ അഭിപ്രായം പ്രസക്തമാണെന്ന് തോന്നുന്നു. “ആ വാക്കുകള്‍ ആരെങ്കിലും പ്രയോഗിക്കുന്ന സന്ദര്‍ഭത്തോട് വിയോജിപ്പുണ്ടെങ്കില്‍ അതിനോട് മാത്രം വിയോജിക്കുക.” കാരണം ഇത്തരം അനൈച്ഛികമായ പാരഡികളുടെ ഐച്ഛികമായ പാരഡികള്‍  വ്യക്തികളുടെ അവധാനതയില്ലായ്മയെ പ്രശ്‌നവല്‍ക്കരിക്കുന്നതിനൊപ്പം ആ ആശയങ്ങളുടെ അപഹാസ്യവല്‍ക്കരണത്തിലേയ്ക്കും വഴിവച്ചേയ്ക്കാം എന്ന സാദ്ധ്യതയാണ്. പക്ഷെ, അപ്പോഴും നാം ആദ്യം തിരിച്ചറിയേണ്ടത് നമ്മള്‍ ഗൗരവമായി കാണുന്ന ആശയങ്ങളെ(?) അനൈച്ഛികമായി പാരഡി വല്ക്കരിക്കുന്ന നമ്മുടെ തന്നെ  ആഖ്യാനങ്ങള്‍ ഉണ്ടാക്കുന്ന കേടുപാടുകള്‍ ആണ്. അതില്‍ ഒരു നിയന്ത്രണം നമ്മള്‍ സ്വയം ഉണ്ടാക്കേണ്ടതുണ്ട്.