| Wednesday, 16th February 2022, 4:23 pm

എ.പി. അബ്ദുല്‍ വഹാബിനെതിരെ നടപടിക്കാനൊരുങ്ങി ഐ.എന്‍.എല്‍ അഡ്‌ഹോക്ക് കമ്മിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഐ.എന്‍.എല്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുല്‍ വഹാബിനെതിരെ നടപടിയെടുക്കണമെന്ന് അഡ്‌ഹോക്ക് കമ്മിറ്റി. ഇക്കാര്യം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷനായ അഡ്‌ഹോക്ക് കമ്മിറ്റി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടും.

ദേശീയ നേതൃത്വത്തെ അംഗീകരിക്കാത്തവര്‍ക്ക് ഐ.എന്‍.എല്ലില്‍ തുടരാനാവില്ലെന്ന് അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റിയും സംസ്ഥാന കൗണ്‍സിലും സംസ്ഥാന സെക്രട്ടറിയേറ്റും പിരിച്ചുവിടുന്നതിന് മുമ്പ് ചേര്‍ന്ന ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ എ.പി. അബ്ദുല്‍ വഹാബ് പങ്കെടുത്തിരുന്നില്ല. പറയാനുള്ള കാര്യങ്ങള്‍ ദേശീയ പ്രസിഡന്റിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് എ.പി. അബ്ദുല്‍ വഹാബ് അറിയിക്കുകയായിരുന്നു.

എന്നാല്‍ അഡ്‌ഹോക്ക് കമ്മിറ്റിക്കെതിരെ സംസ്ഥാന കൗണ്‍സില്‍ വിളിച്ച് മുന്നോട്ടുപോകാനാണ് അബ്ദുല്‍ വഹാബിന്റെ തീരുമാനം. ഐ.എന്‍.എല്‍ എന്ന പേരില്‍ തന്നെ പാര്‍ട്ടിയുമായി മുന്നോട്ട് പോകുമെന്നും വഹാബ് പറഞ്ഞിരുന്നു.

ഐ.എന്‍.എല്‍ നേതാവ് കാസിം ഇരിക്കൂര്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥ പാലിച്ചില്ലെന്ന് എ.പി. അബ്ദുല്‍ വഹാബ് ആരോപിച്ചിരുന്നു. ദേശീയ നേതൃത്വത്തിന്റെ ഏകാധിപത്യ പ്രവണതയെ എതിര്‍ത്തിനാല്‍ തങ്ങളോട് വൈരാഗ്യമാണെന്നും സംസ്ഥാന കൗണ്‍സില്‍ യോഗം ഉടന്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റിയും സംസ്ഥാന കൗണ്‍സിലും സംസ്ഥാന സെക്രട്ടറിയേറ്റും പിരിച്ചുവിട്ടത്. പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവിന്റേതാണ് തീരുമാനം. ഇതോടെയാണ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷനായി അഡ്‌ഹോക് കമ്മിറ്റി നിലവില്‍ വന്നത്. ഏഴംഗങ്ങളാണ് അഡ്ഹോക് കമ്മിറ്റിയിലുള്ളത്.

നിലവിലെ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി. അബ്ദുല്‍ വഹാബും സെക്രട്ടറി കാസിം ഇരിക്കൂറും അഡ്‌ഹോക്ക് കമ്മിറ്റിയിലുണ്ട്. മാര്‍ച്ച് 31ന് മുമ്പ് അംഗത്വ വിതരണവും ഭാരവാഹി തെരഞ്ഞെടുപ്പും പൂര്‍ത്തിയാക്കാനും തീരുമാനിച്ചു.

അതേസമയം, കാസിം ഇരിക്കൂറിനൊപ്പം നില്‍ക്കുന്ന ദേശീയ നേത്യത്വം വഹാബിനേയും ഒപ്പമുള്ളവരേയും പൂര്‍ണ്ണമായും മാറ്റി നിര്‍ത്താനാണ് തീരുമാനിച്ചിരുന്നത്. നേരത്തെ പിളര്‍പ്പുണ്ടായിരുന്നെങ്കിലും സി.പി.ഐ.എം അന്ത്യശാസനം മാനിച്ച് ഇരുവിഭാഗവും യോജിച്ച് പോവുകയായിരുന്നു. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനവും മറ്റു പദവികള്‍ പങ്കിടുന്നതായിരുന്നു തര്‍ക്കത്തിന് പിന്നിലെ പ്രധാന കാരണങ്ങളായിട്ടുണ്ടായിരുന്നത്.

നേരത്തെ കാസര്‍കോഡ് ജില്ലയിലെ ഐ.എന്‍.എല്‍ അംഗത്വ വിതരണോദ്ഘാടനത്തിനിടെ ഇരുവിഭാഗവും തമ്മില്‍ ചേരിത്തിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു.


Content Highlights: The INL Ad hoc Committee is preparing to take action against  A.P.  Abdul Wahab

We use cookies to give you the best possible experience. Learn more