വംശശുദ്ധിക്കായി മുസ്‌ലീംകളെ കൂട്ടക്കുരുതി നടത്തുന്ന മ്യാന്‍മാര്‍
Discourse
വംശശുദ്ധിക്കായി മുസ്‌ലീംകളെ കൂട്ടക്കുരുതി നടത്തുന്ന മ്യാന്‍മാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th July 2012, 9:42 am


പ്രവിശ്യയിലെ ഭൂരിപക്ഷ വിഭാഗം അരക്കന്‍ വംശജരായ ബുദ്ധമതക്കാരാണ്. അങ്ങേയറ്റത്തെ അസഹിഷ്ണുതയാണ് ഇവര്‍ പുറത്തെടുക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങിയ ആട്ടിയോടിക്കല്‍ ഇന്നും തുടരുകയാണ്. സമ്പൂര്‍ണ ശുദ്ധീകരണം സാധ്യമാകും വരെ കൊന്നും പീഡിപ്പിച്ചും ചൂഷണം ചെയ്തും അപമാനിച്ചും അപഹസിച്ചും റൊഹിംഗ്യാകളെ പുറന്തള്ളിക്കൊണ്ടിരിക്കുമെന്ന് ബുദ്ധ മതനേതൃത്വം പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. തീര്‍ച്ചയായും ഇത് വര്‍ഗീയമായ അജണ്ടയാണ്.


ലോകവിശേഷം/മുസ്തഫ പി. എറയ്ക്കല്‍

മ്യാന്‍മര്‍ വല്ലാതെ മാറിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് പുറം ലോകം മുഴുവന്‍ പറയുന്നത്. മനുഷ്യാവകാശങ്ങള്‍ക്ക് വില കല്‍പ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം  അനുവദിച്ചിരിക്കുന്നു. പട്ടാള ഭരണകൂടത്തിന്റെ ഇഷ്ട ദാസനായി തുടരുമ്പോഴും പ്രസിഡന്റ് തീന്‍ സീന്‍ പുരോഗമനപരമായ നിരവധി പരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഇതിന്റെയൊക്കെ ഭാഗമായി നൊബേല്‍ സമ്മാന ജേതാവും ജനാധിപത്യ നേതാവുമായ ആംഗ് സാന്‍ സൂക്കി പാര്‍ലിമെന്റംഗമായി. നൊബേല്‍ വാങ്ങാന്‍ പോലും രാജ്യം വിട്ട് പോകാന്‍ അനുവദമില്ലാതിരുന്ന അവര്‍ ബ്രിട്ടനടക്കമുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ആത്മ നിര്‍വൃതിയോടെ തിരിച്ചെത്തിയിരിക്കുകയാണ്. വളരെ നല്ലത്.

ലോകത്തെ ഏറ്റവും ക്രൂരമായ വംശശുദ്ധീകരണത്തിന്റെ ഇരുട്ട്  പക്ഷേ  ഈ വെളിച്ചങ്ങളെയാകെ മറയ്ക്കുകയാണ്. ഒരു രാജ്യത്തെ വിലയിരുത്തേണ്ടത് ആ രാജ്യം ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറുന്നുവെന്ന് നോക്കിയാണല്ലോ. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന രാകൈന്‍ പ്രവിശ്യയില്‍ വസിക്കുന്ന  റോഹിംഗ്യാ വംശജരായ മുസ്‌ലീംകളോട് മ്യാന്‍മര്‍ ഭരണകൂടവും പൊതു സമൂഹം ചെയ്യുന്നത് സമാനതകളില്ലാത്ത ക്രൂരതയാണ്. ആട്ടിയോടിക്കുക തന്നെ. പൗരത്വം വകവെച്ചു കൊടുക്കുന്നില്ല. സഞ്ചാര സ്വാതന്ത്ര്യമില്ല. കുട്ടികളെ പഠിപ്പിക്കാന്‍ സാധിക്കില്ല. സ്‌കൂളില്‍ ചേര്‍ക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡ് വേണം. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം പലവട്ടം ആവശ്യപ്പെട്ടു. ഒരു ഫലവുമില്ല.  ഏഴര ലക്ഷത്തോളം വരുന്ന  ഈ ജനതക്ക് പ്രഥാമികമായ അംഗീകാരം പോലും നല്‍കുന്നില്ല.

വിവാഹം കഴിക്കാന്‍ സര്‍ക്കാറിന്റെ അനുമതി വേണം. അതിന് അപേക്ഷിക്കണമെങ്കില്‍ വന്‍ സമ്പത്തുണ്ടെന്ന് തെളിയിക്കണം.

വിവാഹം കഴിക്കാന്‍ സര്‍ക്കാറിന്റെ അനുമതി വേണം. അതിന് അപേക്ഷിക്കണമെങ്കില്‍ വന്‍ സമ്പത്തുണ്ടെന്ന് തെളിയിക്കണം. അല്ലെങ്കില്‍ പ്രത്യേക നൈപുണ്യങ്ങുള്ളയാളോ പരിശീലനം സിദ്ധിച്ചയാളോ   ആണെന്ന് രേഖാമൂലം തെളിയിക്കണം. പ്രവിശ്യയിലെ മറ്റുള്ളവരുടെ ജീവിതം സുഖസമ്പൂര്‍ണമാക്കാന്‍ ഉപകരുക്കുന്നവര്‍ മാത്രം വംശവര്‍ധനവ് വരുത്തിയാല്‍ മതിയെന്ന് ചുരുക്കം. അതുമല്ലെങ്കില്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനത്തിന് തയ്യാറാകണം.  അങ്ങനെ പരിവര്‍ത്തിതമായാല്‍ തന്നെ മൂന്നാം കിടക്കാരായി കാലാകാലം കഴിഞ്ഞു കൊള്ളണം. അനുമതിയില്ലാതെ നടക്കുന്ന വിവാഹങ്ങള്‍ നിയമവിരുദ്ധമാണ്. ഇവര്‍ക്കെതിരെ കേസെടുക്കും. അതില്‍ ജനിക്കുന്ന കുഞ്ഞിനെ നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കും. ഈ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാനാകില്ല. അവര്‍ക്ക് മനുഷ്യനെന്ന പരിഗണന പോലും ലഭിക്കില്ല.

[]

ഇവരുടെ ഭൂമിക്ക് ആധരമോ മറ്റ് രേഖകളോ ഇല്ല. ഏത് നിമിഷവും  അന്യാധീ നപ്പെട്ടേക്കാം. അത്തരം കൈയേറ്റ ങ്ങളുടെയും കുടിയൊഴി പ്പിക്കലു കളുടെയും ചരിത്രമാണ് രാകൈന്‍ പ്രവിശ്യക്ക് പറയാനുള്ളത്. അടിസ്ഥാനപരമായി ഇവര്‍ കൃഷിക്കാരാണ്. ഭൂമി മുഴുവന്‍ സര്‍ക്കാറോ ഭൂരിപക്ഷ വിഭാഗമോ കൈയടക്കിയതോടെ ആ പാരമ്പര്യം ഉപേക്ഷിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. മണ്ണില്ലാതെ എങ്ങനെ കൃഷി ചെയ്യും? മീന്‍ പിടിത്തമാണ് ഇപ്പോഴത്തെ മുഖ്യ തൊഴില്‍. പക്ഷേ അവിടെയുമുണ്ട് പ്രശ്‌നം. റോഹിംഗ്യാകള്‍ കൊണ്ടുവരുന്ന മീനിന് കമ്പോളത്തില്‍ ന്യായമായ വില കിട്ടില്ല. ഒരു തരം അടിമത്തമാണ് ഈ മനുഷ്യര്‍ അനുഭവിക്കുന്നത്. റോഡുകള്‍, റെയില്‍വേ, വൈദ്യുതി  നിലയങ്ങള്‍ തുടങ്ങിയ നിര്‍മാണത്തിന് റോഹിംഗ്യ യുവാക്കളെ പിടിച്ചു കൊണ്ടു പോകും. കുറഞ്ഞ കൂലിയേ നല്‍കൂ. ചൈനയുടെ സഹായത്തോടെ നടക്കുന്ന നിരവധി പ്രോജക്ടുകളില്‍ ഈ അടിമത്തം അരങ്ങേറുന്നു.

സാമൂഹിക വിരുദ്ധരായ രാക്ഷസന്‍മാര്‍, തീവ്രവാദികള്‍, വൃത്തി കെട്ടവര്‍, രോഗാണുക്കള്‍ പേറുന്നവര്‍ എന്നൊക്കെയാണ് രോഹിംഗ്യാ മുസ് ലിംകളെ  വിശേഷിപ്പിക്കുന്നത്.

വീട് വെക്കാനുളള അവകാശം ഇവര്‍ക്കില്ല. ഉറപ്പുള്ള വീട് പണിതിട്ട് കാര്യമില്ല. അനുമതിയില്ലെന്ന് പറഞ്ഞ് പട്ടാളമെത്തി പൊളിച്ച് നീക്കും. “തീവ്രവാദികളായ” റോഹിംഗ്യാകള്‍ ചുമരു വെച്ച വീട്ടില്‍ താമസിക്കുന്നത് സുരക്ഷക്ക് ഭീഷണയാണത്രേ. ടെന്റുകളിലാണ് ഭൂരിപക്ഷം പേരും താമസിക്കുന്നത്. വെള്ളമോ വെളിച്ചമോ ഇവിടേക്ക് എത്തി നോക്കില്ല. പൗരത്വമില്ലാത്ത “സാമൂഹിക വിരുദ്ധരോട്” സര്‍ക്കാറിന് ഉത്തരവാദിത്വമൊന്നുമില്ലല്ലോ.

ഇപ്പറഞ്ഞതൊക്കെ അതിശയോക്തിപരമാണെന്ന് പുറത്തുള്ളവര്‍ക്ക് തോന്നിയേക്കാം. യു എന്‍ അടക്കമുള്ള അന്താരാഷ്ട്ര വേദികളില്‍ മ്യാന്‍മര്‍ പ്രതിനിധികള്‍ വാദിക്കുന്നതും അത് തന്നെയാണ്. സാമൂഹിക വിരുദ്ധരായ രാക്ഷസന്‍മാര്‍, തീവ്രവാദികള്‍, വൃത്തി കെട്ടവര്‍, രോഗാണുക്കള്‍ പേറുന്നവര്‍ എന്നൊക്കെയാണ് രോഹിംഗ്യാ മുസ് ലിംകളെ  വിശേഷിപ്പിക്കുന്നത്. ഇവരില്‍ ചിലര്‍ അക്രമാസക്തമായി പ്രതികരിക്കുന്നുണ്ടെന്നത് ശരിയാണ്. മരണത്തേക്കാള്‍ ഭീകരമായ വിവേചനവും പീഡനവും സഹിക്കവയ്യാതെ വരുമ്പോള്‍ നടക്കുന്ന സ്വാഭാവികമായ പ്രതികരണങ്ങളാണ് അവ; ദുര്‍ബലമായ ചെറുത്തു നില്‍പ്പുകള്‍. അപമാനിക്കപ്പെട്ടുകൊണ്ടേയിരിക്കുക, ആ അപമാനത്തെ  ചോദ്യം ചെയ്യുന്നവരെ തീവ്രവാദികളായി മുദ്രകുത്തുക. അക്രമിച്ചു കൊണ്ടേയിരിക്കുക, അക്രമത്തെ ചെറുക്കാന്‍ ശ്രമിക്കുന്നവരെ ഭീകരവാദികളാക്കുകയെന്ന തന്ത്രമാണ് രാകൈന്‍ പ്രവിശ്യയില്‍ വിജയകരമായി പുലരുന്നത്.

പ്രവിശ്യയിലെ ഭൂരിപക്ഷ വിഭാഗം അരക്കന്‍ വംശജരായ ബുദ്ധമതക്കാരാണ്. അങ്ങേയറ്റത്തെ അസഹിഷ്ണുതയാണ് ഇവര്‍ പുറത്തെടുക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങിയ ആട്ടിയോടിക്കല്‍ ഇന്നും തുടരുകയാണ്. സമ്പൂര്‍ണ ശുദ്ധീകരണം സാധ്യമാകും വരെ   കൊന്നും പീഡിപ്പിച്ചും ചൂഷണം ചെയ്തും അപമാനിച്ചും അപഹസിച്ചും റൊഹിംഗ്യാകളെ പുറന്തള്ളിക്കൊണ്ടിരിക്കുമെന്ന് ബുദ്ധ മതനേതൃത്വം പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. തീര്‍ച്ചയായും ഇത് വര്‍ഗീയമായ അജണ്ടയാണ്.

റോഹിംഗ്യകള്‍  മുസ്‌ലിംകള്‍ ആയി തുടരുന്നു എന്നതാണ് ബുദ്ധമത മേലാളന്‍മാരെ പ്രകോപിപ്പിക്കുന്നത്. മതപരമായ ചടങ്ങുകള്‍ തടസ്സപ്പെടുത്തുകയെന്ന ക്രൂര വിനോദം ഇവിടെ അരങ്ങേറുന്നു. മതപഠനത്തിനുള്ള സാഹചര്യം അടയ്ക്കുന്നു. പലകാലങ്ങളിലായി വല്ല വിധേനയും രക്ഷപ്പെട്ട് പുറത്ത് പോയി ജീവിതവും മതവും പഠിച്ച് തിരിച്ചു വരുന്നവരെ പ്രവിശ്യയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കുന്നത് ഇതിന്റെ ഭാഗമായാണ്. ഈ കടന്നു കയറ്റങ്ങള്‍ക്കെല്ലാം  ഭരണകൂടത്തിന്റെ പിന്തുണയുണ്ട്.

ഭരണകൂടത്തിന്റെ മാത്രമല്ല, ജനാധിപത്യത്തിന്റെ കാവലാളായി വിശേഷിപ്പിക്കപ്പെടുന്ന ആംഗ് സാന്‍ സൂകിയുടെ പാര്‍ട്ടിയുടെ പോലും പിന്തുണയോടെയാണ് ഈ ശുദ്ധീകരണം നടക്കുന്നത്. ഈ പ്രശ്‌നത്തില്‍ കൃത്യമായി ഇടപെടാന്‍ അവര്‍ തയ്യാറായിട്ടില്ല. ബര്‍മീസ് ജീവിതത്തിലെ അധികപ്പറ്റാണ് റോഹിംഗ്യാകള്‍ എന്ന നിലപാടിലാണ് സൂകിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി.   രാകൈന്‍ പ്രവിശ്യയില്‍   ബുദ്ധമത വിശ്വാസിയായ ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം പൊട്ടിപ്പുറപ്പെട്ട കലാപത്തിന് ഇപ്പോഴും ശമനമായിട്ടില്ല.

ഭരണകൂടത്തിന്റെ മാത്രമല്ല, ജനാധിപത്യത്തിന്റെ കാവലാളായി വിശേഷിപ്പിക്കപ്പെടുന്ന ആംഗ് സാന്‍ സൂകിയുടെ പാര്‍ട്ടിയുടെ പോലും പിന്തുണയോടെയാണ് ഈ ശുദ്ധീകരണം നടക്കുന്നത്.  ബര്‍മീസ് ജീവിതത്തിലെ അധികപ്പറ്റാണ് റോഹിംഗ്യാകള്‍ എന്ന നിലപാടിലാണ് സൂകിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി.

മൂന്ന് റോഹിംഗ്യാ മുസ്‌ലിംകളില്‍ കുറ്റം കെട്ടിവെച്ചു. ഇവരെ അറസ്റ്റ് ചെയ്തു. അവിടെ തീര്‍ന്നില്ല. അന്ന് തന്നെ പത്ത് റോംഹിംഗ്യാകളെ ചുട്ടുകൊന്നു.  അവസരത്തിന് തക്കം പാര്‍ത്തിരിക്കുകയായിരുന്നു ബുദ്ധ തീവ്രവാദി ഗ്രൂപ്പുകള്‍. റോഹിംഗ്യാ വാസസ്ഥലങ്ങള്‍ വ്യാപകമായി കൈയേറുകയാണ്. എത്ര പേര്‍ മരിച്ചുവെന്ന് ഒരു മാധ്യമത്തിനും റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്നില്ല. ഈ വിഷയത്തില്‍ സൂക്കി ഒരക്ഷരം മിണ്ടിയിട്ടില്ല. അവര്‍ വിദേശപര്യടനത്തിന്റെ പൊങ്ങച്ചങ്ങളില്‍ അഭിരമിക്കുകയായിരുന്നു. വംശശുദ്ധിയുടെ കാര്യം വരുമ്പോള്‍ പുരോഗമനവാദം കാല്‍പ്പനികമായ വംശാഭിമാനത്തിന് വഴി മാറുന്നത് എങ്ങനെയെന്നറിയാന്‍ സൂക്കിയെയും സംഘത്തെയും ഉദാഹരിക്കാം. അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജനിക്കുന്നത് എങ്ങനെയാണെന്നും അവരെ കണ്ട് പഠിക്കാം.

പടിഞ്ഞാറന്‍ ബര്‍മയില്‍ ആദ്യത്തെ റോഹിംഗ്യാ സംഘം വന്നത് ഏഴാം നൂറ്റാണ്ടിലാണെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. അറബ്  നാവികരുടെ പിന്‍മുറക്കാരാണ് ഇവരെന്നാണ് പണ്ഡിത മതം. ഈ സമൂഹം വളര്‍ന്ന് ഒരു രാജ്യമായി മാറി. 1700കള്‍ വരെ ഈ രാജവംശം ശക്തമായിരുന്നു. പിന്നീട് ബര്‍മീസ് രാജാവ് അവരെ തകര്‍ത്ത് അധികാരം പിടിച്ചതോടെ റോഹിംഗ്യകളുടെ അഭിമാനകരമായ നിലനില്‍പ്പ് അപകടത്തിലായി. പിന്നെ ബ്രിട്ടീഷ് അധിനിവേശ കാലത്തും സ്വതന്ത്ര ബര്‍മ പിറന്നപ്പോഴും റോഹിംഗ്യകളെ ഉന്‍മൂലനം ചെയ്യാനുള്ള സംഘടിത ശ്രമങ്ങള്‍ നടന്നു. കൊന്നിട്ടും ആട്ടിപ്പായിച്ചിട്ടും അവര്‍ സമ്പൂര്‍ണമായി തീര്‍ന്നില്ല. രാഷ്ട്രമില്ലാത്ത, പൗരത്വമില്ലാത്ത മനുഷ്യരായി അവരുടെ പിന്‍മുറക്കാര്‍ ജീവിക്കുന്നു.

സ്ത്രീകളെയാണ് പട്ടാള ഭരണകൂടത്തിന്റെ അനുഗ്രഹാശിസ്സുകളോടെ ബുദ്ധതീവ്രവാദികള്‍ ലക്ഷ്യം വെക്കാറുള്ളത്. ഒരു സമൂഹത്തെ അപമാനിക്കാനുള്ള ഏറ്റവും നല്ല വഴി അവരിലെ സ്ത്രീകളെ അപമാനിക്കലാണല്ലോ. നില്‍ക്കക്കള്ളിയില്ലാതെ വരുമ്പോള്‍ ചിലര്‍ പാലായനത്തിന് മുതിരും. ലോകത്തെ ഏറ്റവും അപകടകരമായ പലായനമാണ് ഇത്. കടല്‍ വഴി തായ്‌ലാന്‍ഡിലേക്കും മലേഷ്യയിലേക്കും നടത്തുന്ന യാത്രകള്‍ വെറും യന്ത്രരഹിത ബോട്ടുകളിലാണ്. മരണത്തിന്റെ കൈപിടിച്ചുള്ള ഈ യാത്രകള്‍ പലതും കടലില്‍ ഒടുങ്ങുകയാണ് ചെയ്യാറുള്ളത്. ദുരിതക്കടല്‍ താണ്ടി തായ് തീരത്തെത്തുമ്പോഴാണ് ഏറ്റവും വലിയ ദുരന്തം സംഭവിക്കുക. അവിടെ തായ് തീരസേന സര്‍വായുധ സജ്ജരായി നില്‍ക്കുന്നുണ്ടാകും, തിരിച്ചയക്കാന്‍. കൈയിലുള്ള വിലപിടിപ്പുള്ളതെല്ലാം നല്‍കും കൈക്കൂലിയായി.സ്ത്രീകളെപ്പോലും കാഴ്ച വെക്കേണ്ടി വരും. ഇതൊക്കെ നല്‍കിയാലും സൈന്യം വഴങ്ങില്ല. വീണ്ടും കടലിലേക്ക്. ആട്ടിയിറക്കപ്പെട്ട മണ്ണിലേക്ക് വീണ്ടും.

റോഹിംഗ്യാ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ യു എന്‍ ബംഗ്ലാദേശിനും മലേഷ്യക്കും തായ്‌ലാന്‍ഡിനും വന്‍ തുക സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. 30,000 റോഹിംഗ്യാകള്‍ ബംഗ്ലാദേശിലെ ക്യാമ്പിലുണ്ടെന്നാണ് കണക്ക്. ദുരിതപൂര്‍ണമാണ് ഇവരുടെ ജീവിതം. പുതിയ അഭയാര്‍ഥികളെ സ്വീകരിക്കാനാകില്ലെന്ന് ബംഗ്ലാദേശ് തീര്‍ത്ത് പറഞ്ഞിരിക്കുന്നു. മലേഷ്യയും തായ്‌ലാന്‍ഡും ഇതേ നിലപാടിലാണ്.

രാജ്യവും പൗരത്വവും അസ്തിത്വത്തിന്റെ ആത്മവിശ്വാസവുമുള്ളവരുടെ എടങ്ങേറുകളെക്കുറിച്ചാണ് ലോകത്തിന്റെ വേവലാതി മുഴുവന്‍. രാഷ്ട്രമേയില്ലാത്ത ഈ മനുഷ്യര്‍ വേവലാതിയുടെയും    ചര്‍ച്ചകളുടെയും അന്താരാഷ്ട്ര നിയമപരിരക്ഷകളുടെയും കണ്ണില്‍ പെടുന്നേയില്ല. ഇവരെക്കുറിച്ച് അറിയാന്‍ ശ്രമിക്കകയെങ്കിലും ചെയ്യുന്നത് വലിയ ഐക്യദാര്‍ഢ്യമായിരിക്കും. വിവിധ രാജ്യങ്ങളില്‍ എത്തിപ്പെട്ട റോഹിംഗ്യകള്‍ വെബ്‌സൈറ്റുകളും പ്രസിദ്ധീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. അവ സന്ദര്‍ശിച്ചും വായിച്ചും അവരുടെ സത്യം അനുഭവിക്കുന്നത് വിപ്ലവകരമായ പ്രവൃത്തിയായിരിക്കും.

കടപ്പാട് : സിറാജ് ദിനപത്രം