കോഴിക്കോട്: ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ശശി തരൂര്‍ എഴുതിയ ലേഖനത്തിലെ വിവരങ്ങള്‍ അവാസ്തവവും അടിസ്ഥാനമില്ലാത്തതാണെന്നും യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ഗ്രൗണ്ട് റിയാലിറ്റി എന്താണെന്ന് തരൂരിന് അറിയില്ലെന്നും സ്വന്തം ആളുകളുടെ മണ്ഡലത്തിലെ ആളുകളോട് സംസാരിച്ചതിന് ശേഷമാണ് അദ്ദേഹം ഈ ലേഖനം എഴുതിയിരുന്നതെങ്കില്‍ തങ്ങള്‍ അതിന് വില കൊടുത്തേനെയെന്നും ഹസന്‍ പറഞ്ഞു.
മണ്ഡലത്തിലെ ആളുകളോട് സംസാരിച്ചിരുന്നുവെങ്കില്‍ വ്യവസായം നടത്താന്‍ അപേക്ഷ നല്‍കി കാലങ്ങളായി കാത്തുനില്‍ക്കുന്നവരെ കുറിച്ച് അറിയാന്‍ കഴിഞ്ഞേനെയെന്നും എം.എം. ഹസന്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് മിനിറ്റ് കൊണ്ട് ഒരു വ്യവസായം തുടങ്ങാമെന്നാണ് ശശി തരൂര്‍ പറയുന്നത്. അങ്ങനെയൊരു അവസ്ഥയാണ് കേരളത്തില്‍ ഉള്ളതെങ്കില്‍ എത്ര നന്നായേനെയെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ പങ്കാളി ചെയര്‍പേഴ്‌സണായിരിക്കുന്ന ആന്തൂര്‍ നഗരസഭയില്‍, വ്യവസായം തുടങ്ങാന്‍ അപേക്ഷ നല്‍കി രണ്ട് വര്‍ഷത്തോളം കാത്തിരുന്നതിന് ശേഷം ആത്മഹത്യ ചെയ്ത ഒരു പ്രവാസി മലയാളിയെ തരൂര്‍ മറന്നിട്ടുണ്ടാകുമെന്നും ഹസന്‍ പറഞ്ഞു.
അതേസമയം തന്റെ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന പ്രതികരണമാണ് ശശി തരൂരിന്റെ ഭാഗത്ത് നിന്നുണ്ടായത്. തിരുത്തി പറയണമെങ്കില്‍ ലേഖനത്തിലുള്ള തെറ്റ് ചൂണ്ടിക്കാട്ടണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.
ഇനിയും അഭിപ്രായം പറയുമെന്നും എഴുതുമെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചല്ല ലേഖനത്തില്‍ പറയുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.
താന്‍ ഒരുകാര്യത്തിലും അടിസ്ഥാനമില്ലാതെ സംസാരിക്കില്ലെന്നും ലേഖനത്തില്‍ സി.പി.ഐ.എമ്മിന്റെ പേര് എവിടെയും പരാമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാര്‍ട്ടപ്പ് മേഖലയുടെ വളര്‍ച്ചയിലൂടെ കാണുന്ന വ്യവസായപരിസ്ഥിതിയിലെ മാറ്റത്തെക്കുറിച്ചാണ് താന്‍ ലേഖനത്തില്‍ പറയുന്നതെന്നും അതിന് ആരംഭം കുറിച്ചത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നും അതില്‍ കോണ്‍ഗ്രസുകാരനെന്ന നിലയില്‍ തനിക്ക് അഭിമാനമുണ്ടെന്നും ശശി തരൂര്‍ ഫേസ്ബുക്കിലൂടെ വിശദീകരണം നല്‍കിയിട്ടുണ്ട്.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടക്കം കുറിച്ച വികസനത്തെ ഇപ്പോഴത്തെ സര്‍ക്കാര്‍ സ്വാഭാവികമായി മുന്നോട്ട് കൊണ്ടുപോയിട്ടുണ്ടെന്നും തരൂര്‍ കുറിപ്പില്‍ പറയുന്നു.
Content Highlight: The information in the article by Shashi Tharoor is baseless: MM Hassan