കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – ഓസ്‌ട്രേലിയ മത്സരം അന്താരാഷ്ട്ര തലത്തില്‍ പോലും ശ്രദ്ധ നേടിയിരുന്നു. മികച്ച നിമിഷങ്ങളും അതിനേക്കാളേറെ വിവാദങ്ങളും നിറഞ്ഞതായിരുന്നു ഇന്ത്യ – ഓസ്‌ട്രേലിയ ഫൈനല്‍ മത്സരം.
കൊവിഡ് പോസിറ്റീവായ താരത്തെ കളത്തിലിറക്കിയ ഓസീസിന്റെ ഇരട്ടത്താപ്പ് നയം ലോകമെമ്പാടും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഓസീസ് താരം ടാഹ്‌ലിയ മഗ്രാത്തായിരുന്നു കൊവിഡ് പോസിറ്റീവായ ശേഷവും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അനുമതിയോടെ കളത്തിലിറങ്ങിയത്.
നാല് പന്തില്‍ രണ്ട് റണ്ണുമായി കളം വിട്ട മഗ്രാത്ത് ഫീല്‍ഡിങ്ങിനും ഇറങ്ങിയിരുന്നു. ഇതായിരുന്നു ക്രിക്കറ്റ് ലോകത്തിന്റെ അമര്‍ഷമൊന്നാകെ കോമണ്‍വെല്‍ത്തിന്റെ ഫൈനല്‍ മത്സരത്തിലേക്കെത്തിച്ചത്.
എന്നാല്‍ ഇതിനേക്കാളേറെ ക്രിക്കറ്റ് ലോകത്തെ ചിരിപ്പിച്ച ഒരു സംഭവവും മത്സരത്തില്‍ അരങ്ങേറിയിരുന്നു. ഇന്ത്യന്‍ താരം യാഷ്ടിക ഭാട്ടിയയുടെ ‘പതനം’ കണ്ടിട്ടായിരുന്നു ക്രിക്കറ്റ് ലോകം ഒന്നാകെ ചിരിച്ചത്. കൂട്ടത്തില്‍ ഏറ്റവും ചിരിച്ചതാകട്ടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും.
ഇന്ത്യയ്ക്ക് വേണ്ടി ഒമ്പതാമതായി ബാറ്റിങ്ങിനിറങ്ങിയ യാഷ്ടിക ഗ്രൗണ്ടിലേക്കിറങ്ങുന്നതിനിടെ അഡ്വട്ടൈസിങ് ബോര്‍ഡില്‍ തട്ടി വീഴുകയായിരുന്നു. ടീം അംഗങ്ങളുടെ മുമ്പില്‍ വെച്ചുതന്നെയായിരുന്നു താരത്തിന്റെ വീഴ്ച. ഇതുകണ്ട് ഇന്ത്യന്‍ താരങ്ങളെല്ലാം തന്നെ പൊട്ടിച്ചിരിക്കുകയായിരുന്നു.
ക്രീസിലേക്കെത്തിയ യാഷ്ടിക അധികം വൈകാതെ തിരിച്ചെത്തിയിരുന്നു. അഞ്ച് പന്തില്‍ നിന്നും രണ്ട് റണ്‍സായിരുന്നു താരം സ്വന്തമാക്കിയത്.
അതേസമയം, സ്വര്‍ണപ്പോരാട്ടത്തില്‍ ഇന്ത്യ 9 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ഓസീസ് ഉയര്‍ത്തിയ 162 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാനാവാതെ ഇന്ത്യ ഒമ്പത് റണ്‍സകലെ കാലിടറി വീഴുകയായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 161 എന്ന നിലയിലായിരുന്നു. ബെത് മൂണിയും മെഗ് ലാന്നിങ്ങുമായിരുന്നു ഓസീസിന്റെ ടോപ് സ്‌കോറര്‍മാര്‍.
41 പന്തില്‍ നിന്നും 61 റണ്‍സുമായി മൂണിയും 26 പന്തില്‍ നിന്നും 36 റണ്‍സുമായി ലാന്നിങ്ങും തിളങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം മികച്ചതായിരുന്നില്ല. ഇന്ത്യന്‍ ടീമിന്റെ സൂപ്പര്‍ സ്റ്റാര്‍ സ്മൃതി മന്ദാനയെ തുടക്കത്തിലേ നഷ്ടമായെങ്കിലും ജെമിയ റോഡ്രിഗസും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും പൊരുതി.
33 പന്തില്‍ നിന്നും 33 റണ്‍സുമായി ജെമിയയും 43 പന്തില്‍ നിന്നും 65 റണ്‍സുമായി കൗറും ചെറുത്തുനിന്നെങ്കിലും ആ പ്രകടനം തോല്‍വി ഒഴിവാക്കാന്‍ പോന്നതായിരുന്നില്ല. കൗര്‍ പുറത്തായതോടെ പിന്നെല്ലാം ചടങ്ങ് മാത്രമായി.
ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ മുന്‍ ഇന്ത്യന്‍ നായകന്‍ അസറുദീന്‍ വിമര്‍ശനവുമായെത്തിയിരുന്നു. ജയിക്കാവുന്ന മത്സരം തുലച്ചുകളയുകയായിരുന്നു എന്നായിരുന്നു അസറിന്റെ വിമര്‍ശനം.
Content highlight: The Indian team burst into laughter after Yashtika Bhatia’s fall