Sports News
പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡ് കിട്ടേണ്ടിയിരുന്നത് ആ ഇന്ത്യന്‍ താരത്തിന്; തുറന്ന് പറഞ്ഞ് അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 11, 06:33 am
Tuesday, 11th March 2025, 12:03 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചത്. ആറ് പന്ത് ബാക്കി നില്‍ക്കെയായിരുന്നു രോഹിത്തിന്റെയും സംഘത്തിന്റെയും വിജയം.

ഫൈനലില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് ഇന്ത്യക്കെതിരെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് ഉയര്‍ത്തിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യയുടെ വിജയം.

രോഹിത് ശര്‍മ മത്സരത്തിലെ താരമായപ്പോള്‍ ന്യൂസിലാന്‍ഡ് യുവ താരം രചിന്‍ രവീന്ദ്ര പ്ലെയെര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍, ചാമ്പ്യന്‍സ് ട്രോഫിയിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്കാണ് ലഭിക്കേണ്ടിയിരുന്നതെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍.

ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും വരുണ്‍ കളിച്ചിരുന്നില്ലെങ്കിലും മത്സരങ്ങളില്‍ വലിയ മാറ്റമാണ് താരം കൊണ്ടുവന്നതെന്നും വരുണില്ലായിരുന്നെങ്കില്‍ മത്സരം മറ്റൊരു രീതിയിലാകുമായിരുന്നെന്നും അശ്വിന്‍ പറഞ്ഞു. ന്യൂസിലാന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്പിനെതിരെ വരുണ്‍ പന്തെറിഞ്ഞ രീതിയെ പ്രശംസിക്കുകയും ടൂര്‍ണമെന്റിന്റെ ഗതി തന്നെ മാറ്റിമറിച്ച താരത്തിന് അവാര്‍ഡ് നല്‍കേണ്ടിയിരുന്നതെന്നും മുന്‍ സ്പിന്നര്‍ കൂട്ടിച്ചേര്‍ത്തു. താരത്തിന്റെ യൂട്യൂബ് ചാനലായ ‘ആഷ് കി ബാത്തിലാണ്’ അശ്വിന്‍ അഭിപ്രായം പറഞ്ഞത്.

varun chakravarthy

വരുണ്‍ ചക്രവര്‍ത്തി

‘എന്റെ അഭിപ്രായത്തില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡ് കിട്ടേണ്ടിയിരുന്നത് വരുണ്‍ ചക്രവര്‍ത്തിക്കായിരുന്നു. ടൂര്‍ണമെന്റില്‍ എല്ലാ മത്സരങ്ങളും കളിച്ചില്ലെങ്കിലും, അവന്‍ മത്സരങ്ങളില്‍ വലിയ മാറ്റമാണ് കൊണ്ടുവന്നത്. വരുണ്‍ കളിച്ചിരുന്നില്ലെങ്കില്‍ മത്സരം വളരെ വ്യത്യസ്തമാകുമായിരുന്നു. അവന്‍ എക്സ്-ഫാക്ടറും പുതുമയും കൊണ്ടുവന്നു.

ഗ്ലെന്‍ ഫിലിപ്സിനെ അവന്‍ എങ്ങനെയാണ് പുറത്താക്കിയെന്ന് നോക്കൂ. അദ്ദേഹം സ്റ്റമ്പ് കവര്‍ ചെയ്തിരുന്നില്ല, അതിനാല്‍ വരുണ്‍ ക്രീസിന് പുറത്തേക്ക് പോയി ഗൂഗ്ലി എറിഞ്ഞു. എന്റെ അഭിപ്രായത്തില്‍ ഏറ്റവും വലിയ വ്യത്യാസം വരുത്തിയ ഒരാള്‍ക്കാണ് അവാര്‍ഡ് നല്‍കേണ്ടത്. ഞാന്‍ ജഡ്ജിയായിരുന്നെങ്കില്‍, അത് വരുണിന് നല്‍കുമായിരുന്നു. അവനത് അര്‍ഹിച്ചിരുന്നു. അദ്ദേഹമായിരുന്നു ഏറ്റവും വലിയ മാറ്റം കൊണ്ടുവന്നത്,’ അശ്വിന്‍ പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ വരുണ്‍ ചക്രവര്‍ത്തിക്ക് ആദ്യ രണ്ടു മത്സരങ്ങളില്‍ അവസരം കിട്ടിയിരുന്നില്ല. ന്യൂസിലാന്‍ഡിനെതിരെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിലായിരുന്നു വരുണ്‍ കളത്തിലിറങ്ങിയത്. മത്സരത്തില്‍ അഞ്ച് വിക്കറ്റെടുത്ത വരുണിന്റെ പ്രകടനം നിര്‍ണായകമായിരുന്നു.

ടൂര്‍ണമെന്റില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നായി 4.53 എക്കോണമിയില്‍ പന്തെറിഞ്ഞ് താരം ഒമ്പത് വിക്കറ്റെടുത്തിട്ടുണ്ട്. അതേസമയം ന്യൂസിലാന്‍ഡിന്റെ യുവ താരം രചിന്‍ രവീന്ദ്രയാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. നാല് മത്സരങ്ങളില്‍ നിന്ന് 65.75 ആവറേജില്‍ 263 റണ്‍സാണ് താരം നേടിയത്.

content highlights: The Indian player should have got the player of the tournament award; Ashwin said openly