ബെംഗളൂരു: പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലൈന്‍സ്’ (INDIA)യുടെ അടുത്ത യോഗം മുംബൈയില്‍ വെച്ച് നടക്കും. ഇന്ന് ബെംഗളൂരുവില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനമെടുത്തത്.
മുന്നണിയുടെ തെരഞ്ഞെടുപ്പ് ക്യാമ്പെയ്ന്‍ മാനേജ്‌മെന്റിനായി ദല്‍ഹിയില്‍ ഒരു സെക്രട്ടറിയേറ്റ് ആരംഭിക്കാനും ഇന്ന് തീരുമാനമായി. 11 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്നും അവരുടെ പേരുകള്‍ അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു.
LIVE: Press briefing by united like-minded opposition parties in Bengaluru, Karnataka. https://t.co/5kM0qsDsgu
രാജ്യത്തിന്റെ ഭരണഘടനയേയും ജനാധിപത്യത്തേയും സംരക്ഷിക്കാനും ഈ നാട്ടിലെ ജനങ്ങളുടെ വൈവിധ്യപൂര്‍ണമായ അഭിപ്രായങ്ങളെ സംരക്ഷിക്കാനുമാണ് ഒറ്റക്കെട്ടായ ശബ്ദത്തോടെ ഞങ്ങള്‍ മുന്നണി രൂപീകരിച്ചതെന്ന് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ പറഞ്ഞു. വിവിധ അഭിപ്രായങ്ങളും ഒറ്റക്കെട്ടായ ശബ്ദത്തേയും പ്രതിനിധാനം ചെയ്യുന്നൊരു ഇതിന്റെ ഭാഗമായി ഒരു പ്രമേയം പാസാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
’11 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും. ഞങ്ങള്‍ വീണ്ടും മുംബൈയില്‍ യോഗം ചേരാന്‍ പോകുന്നു, അവിടെ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളുടെ പേരുകള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യും. തീയതി ഉടന്‍ പ്രഖ്യാപിക്കും,’ സംയുക്ത പത്രസമ്മേളനത്തില്‍ ഖാര്‍ഗെ പറഞ്ഞു.
ഞങ്ങള്‍ ഇതുവരെ കേള്‍ക്കാത്ത പല പാര്‍ട്ടികളുടെയും പേരുകള്‍ എന്‍.ഡി.എയുടെ 30 അംഗങ്ങളുടെ യോഗത്തില്‍ കേട്ടതായി ഖാര്‍ഗെ പറഞ്ഞു. ’30 പാര്‍ട്ടികളുമായി എന്‍.ഡി.എ യോഗം ചേരുന്നുണ്ട്. ഇന്ത്യയില്‍ ഇത്രയധികം പാര്‍ട്ടികളെ കുറിച്ച് ഞാന്‍ കേട്ടിട്ടില്ല.
നേരത്തെ അവര്‍ യോഗങ്ങളൊന്നും നടത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എന്‍.ഡി.എ ഓരോന്നായി പാര്‍ട്ടികളുമായി കൂടിക്കാഴ്ച നടത്തുകയാണ്. പ്രധാനമന്ത്രി മോദിക്ക് ഇപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഭയമാണ്. ജനാധിപത്യത്തെയും ഭരണഘടനയെയും രക്ഷിക്കാനാണ് ഞങ്ങള്‍ ഇവിടെ ഒത്തുകൂടിയത്,’ ഖാര്‍ഗെ പറഞ്ഞു.
അതേസമയം, പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടിക്കാഴ്ച ഫലവത്തായെന്നും ബി.ജെ.പിയുടെ ആശയങ്ങള്‍ക്കെതിരായ പോരാട്ടമാണ് നടക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ‘ഞങ്ങള്‍ നമ്മുടെ മഹത്തായ ഇന്ത്യ എന്ന ആശയത്തെ പ്രതിരോധിക്കുകയാണ്. നിങ്ങള്‍ക്ക് ചരിത്രം പരിശോധിച്ച് ഇന്ത്യ എന്ന ആശയത്തെ പരാജയപ്പെടുത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന് പറയാനാകും,’ രാഹുല്‍ പറഞ്ഞു.
Content Highlights: the Indian National Democratic Inclusive Alliance’s next meeting on mumbai