ലഖ്നൗ: സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കിയ പരസ്യം വിവാദത്തിലായ സംഭവത്തില്‍ ഖേദം രേഖപ്പെടുത്തി ദി ഇന്ത്യന്‍ എക്‌സ്പ്രസ്. പരസ്യത്തില്‍ മറ്റു സംസ്ഥാനങ്ങളിലെ പാലങ്ങളടക്കമുള്ളവ കടന്നുവന്നത് പത്രത്തിന്റെ ഭാഗത്തുനിന്നും വന്ന പിഴവാണെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പറഞ്ഞത്.
ഉത്തര്‍പ്രദേശിനുള്ള പരസ്യത്തില്‍ തെറ്റായ ചിത്രം കടന്നുകൂടിയത് മാര്‍ക്കറ്റിങ്ങ് വിഭാഗത്തിന് വന്ന പിഴവാണ്. പത്രത്തിന്റെ ഡിജിറ്റല്‍ എഡിഷനുകളില്‍ നിന്ന് ഈ ചിത്രം മാറ്റിയിട്ടുണ്ടെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചു.
യു.പിയില്‍ നടത്തിയ വികസനമെന്ന രീതിയില്‍ പരസ്യത്തില്‍ യോഗി നല്‍കിയ ഫ്ളൈ ഓവറിന്റെ ചിത്രം ബംഗാളിലേതാണെന്ന് ചൂണ്ടിക്കാണിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയതോടെയാണ് യോഗി സര്‍ക്കാരിന്റെ പരസ്യം വിവാദത്തിലായത്. ഫുള്‍ പേജ് പരസ്യമായിരുന്നു യോഗി സര്‍ക്കാര്‍ പത്രത്തില്‍ നല്‍കിയിരുന്നത്.
പരസ്യത്തിന് താഴെയുള്ള കൊളാഷിലാണ് കൊല്‍ക്കത്തയിലെ ഫ്ളൈ ഓവര്‍ ഉള്ളത്. നീലയും-വെള്ളയും കലര്‍ന്ന പെയിന്റും മഞ്ഞ ടാക്സികളും ഉള്ള ഫ്ളൈ ഓവര്‍ മമത ബാനര്‍ജിയുടെ സര്‍ക്കാര്‍ നിര്‍മ്മിച്ച സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ‘മാ ഫ്ളൈ ഓവര്‍’ ആണെന്ന് പല സോഷ്യല്‍ മീഡിയ ഉപയോക്താക്കളും തിരിച്ചറിഞ്ഞിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ ബി.ജെ.പിയേയും യോഗിയേയും പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി രംഗത്തെത്തി.
യോഗി ആദിത്യനാഥിനായി യു.പിയെ മാറ്റുകയെന്നാല്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ബംഗാളില്‍ ഉണ്ടാക്കിയ വികസനങ്ങളുടെ ചിത്രങ്ങള്‍ മോഷ്ടിച്ച് അവരുടേത് പോലെ ഉപയോഗിക്കുകയാണോ എന്ന് അദ്ദേഹം ചോദിച്ചു.
ഇന്ത്യന്‍ എക്‌സ്പ്രസ് സംഭവത്തില്‍ മാപ്പ് പറഞ്ഞെതിനെതിരെയും വിമര്‍ശനമുയരുന്നുണ്ട്. സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള പുതിയ ശ്രമമാണിതെന്നാണ് പലരും പത്രത്തിന്റെ ട്വീറ്റിന് താഴെ കമന്റ് ചെയ്യുന്നത്.
പ്രസിദ്ധീകരിക്കും മുന്‍പ് സര്‍ക്കാര്‍ പ്രതിനിധികളാരും കാണുകയോ അനുമതി നല്‍കുകയോ ചെയ്തിരുന്നില്ലേയെന്നും ചോദ്യങ്ങളുയരുന്നുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: The Indian Express apologises for the controversial advertorial of UP govt