ലഖ്നൗ: സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കിയ പരസ്യം വിവാദത്തിലായ സംഭവത്തില്‍ ഖേദം രേഖപ്പെടുത്തി ദി ഇന്ത്യന്‍ എക്‌സ്പ്രസ്. പരസ്യത്തില്‍ മറ്റു സംസ്ഥാനങ്ങളിലെ പാലങ്ങളടക്കമുള്ളവ കടന്നുവന്നത് പത്രത്തിന്റെ ഭാഗത്തുനിന്നും വന്ന പിഴവാണെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പറഞ്ഞത്.
ഉത്തര്‍പ്രദേശിനുള്ള പരസ്യത്തില്‍ തെറ്റായ ചിത്രം കടന്നുകൂടിയത് മാര്‍ക്കറ്റിങ്ങ് വിഭാഗത്തിന് വന്ന പിഴവാണ്. പത്രത്തിന്റെ ഡിജിറ്റല്‍ എഡിഷനുകളില്‍ നിന്ന് ഈ ചിത്രം മാറ്റിയിട്ടുണ്ടെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചു.
യു.പിയില്‍ നടത്തിയ വികസനമെന്ന രീതിയില്‍ പരസ്യത്തില്‍ യോഗി നല്‍കിയ ഫ്ളൈ ഓവറിന്റെ ചിത്രം ബംഗാളിലേതാണെന്ന് ചൂണ്ടിക്കാണിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയതോടെയാണ് യോഗി സര്‍ക്കാരിന്റെ പരസ്യം വിവാദത്തിലായത്. ഫുള്‍ പേജ് പരസ്യമായിരുന്നു യോഗി സര്‍ക്കാര്‍ പത്രത്തില്‍ നല്‍കിയിരുന്നത്.
പരസ്യത്തിന് താഴെയുള്ള കൊളാഷിലാണ് കൊല്‍ക്കത്തയിലെ ഫ്ളൈ ഓവര്‍ ഉള്ളത്. നീലയും-വെള്ളയും കലര്‍ന്ന പെയിന്റും മഞ്ഞ ടാക്സികളും ഉള്ള ഫ്ളൈ ഓവര്‍ മമത ബാനര്‍ജിയുടെ സര്‍ക്കാര്‍ നിര്‍മ്മിച്ച സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ‘മാ ഫ്ളൈ ഓവര്‍’ ആണെന്ന് പല സോഷ്യല്‍ മീഡിയ ഉപയോക്താക്കളും തിരിച്ചറിഞ്ഞിട്ടുണ്ട്.