നാലാം ടെസ്റ്റിലെ പിച്ച് വെല്ലുവിളി നിറഞ്ഞത്; ഇന്ത്യന്‍ ബാറ്റിങ് കോച്ച്
Sports News
നാലാം ടെസ്റ്റിലെ പിച്ച് വെല്ലുവിളി നിറഞ്ഞത്; ഇന്ത്യന്‍ ബാറ്റിങ് കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 22nd February 2024, 5:15 pm

ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ 2-1 എന്ന നിലയില്‍ ഇന്ത്യയാണ് മുന്നില്‍. മൂന്നാം ടെസ്റ്റില്‍ 434 റണ്‍സിനാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. രണ്ടാമത്തെ ടെസ്റ്റില്‍ 106 റണ്‍സിന്റെ വിജയവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ 28 റണ്‍സിന്റെ വിജയം സ്വന്തമാക്കിയത് ഇംഗ്ലണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് ഫെബ്രുവരി 23 മുതല്‍ 27 വരെ റാഞ്ചി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുക.

എന്നാല്‍ റാഞ്ചിയിലെ ജെ.എസ്.സി.എ സ്റ്റേഡിയത്തിലെ പിച്ച് വെല്ലുവിളി ഉയര്‍ത്തുമെന്നാണ് ഇന്ത്യന്‍ ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍ പറയുന്നത്. പിച്ച് സ്പിന്‍ ബൗളിങ്ങിന് മികച്ചതാണെന്നാണ് വിക്രം അഭിപ്രായപ്പെട്ടത്. ഈ പിച്ച് സ്പിന്നര്‍മാരെ വളരെയധികം സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഇന്ത്യയില്‍ ആളുകള്‍ എപ്പോഴും പിച്ചിനെക്കുറിച്ചാണ് സംസാരിക്കുന്നത്. റാഞ്ചിയിലും ഒരു സാധാരണ ഇന്ത്യന്‍ പിച്ച് പോലെയാണ്, എന്നാല്‍ അത് കൂടുതല്‍ സ്പിന്‍ ചെയ്യാന്‍ സാധ്യതയുണ്ട്. സ്പിന്നിന്റെ വ്യാപ്തിയെക്കുറിച്ചോ സമയത്തെക്കുറിച്ചോ എനിക്ക് ഉറപ്പില്ല. ഏത് സാഹചര്യവും കൈകാര്യം ചെയ്യാന്‍ ഞങ്ങളുടെ ടീമില്‍ കൃത്യമായ കളിക്കാരുണ്ട്,’ നാലാം ടെസ്റ്റിന് മുന്നോടിയായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ നാലാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ഇലവന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ പേസര്‍ ജസ്പ്രീത് ബുംറക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. പ്ലെയിങ് ഇലവനില്‍ തീര്‍ച്ചയായും ഇന്ത്യ മാറ്റങ്ങള്‍ വരുത്തിയാകും ഇറങ്ങുന്നത്.

നാലാം ടെസ്റ്റിലെ ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, രജത് പതിദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്.

നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍:

ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ ഫോക്സ് (വിക്കറ്റ് കീപ്പര്‍), ടോം ഹാര്‍ട്ട്ലി, ഒല്ലി റോബിന്‍സണ്‍, ജെയിംസ് ആന്‍ഡേഴ്സണ്‍, ഷോയിബ് ബഷീര്‍.

Content Highlight: The Indian batting coach said that the pitch in the fourth Test was challenging