ന്യൂദല്‍ഹി: 2024 കേന്ദ്ര ബജറ്റിനെതിരെ പാര്‍ലമെന്റിന് മുമ്പില്‍ പ്രതിഷേധിക്കാനൊരുങ്ങി ഇന്ത്യാ സഖ്യം. നാളെ (ബുധനാഴ്ച) പാര്‍ലമെന്റിന് മുമ്പില്‍ പ്രതിഷേധിക്കാനാണ് ഇന്ത്യാ സഖ്യം തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിലാണ് തീരുമാനം.
കേന്ദ്ര ബജറ്റിനെതിരെ ലോക്‌സഭയിലും രാജ്യസഭയിലും പ്രതിഷേധിക്കുമെന്നും ഇന്ത്യാ സഖ്യം അറിയിച്ചു. പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്ര ബജറ്റ് അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുക്കുമെന്നും ഇന്ത്യാ സഖ്യം വ്യക്തമാക്കി.
രണ്ട് നികുതി ഭരണം മോശം ആശയമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരം പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന് ഇരട്ട നയമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശും പറഞ്ഞു. തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ ബി.ജെ.പി പറയുന്നത് ഒന്ന്, പാര്‍ലമെന്റിലെത്തിയതിന് ശേഷം ചെയ്യുന്നത് മറ്റൊന്നാണെന്നും ജയറാം രമേഷ് ചൂണ്ടിക്കാട്ടി.
കേന്ദ്ര ബജറ്റ് ഇന്ത്യക്ക് വേണ്ടിയുള്ളതല്ല, പകരം ബി.ജെ.പിക്കുള്ളതാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനമുയര്‍ത്തി. ഇതൊരു ‘കുര്‍സി ബച്ചാവോ ബജറ്റ്’ (കസേര സംരക്ഷിക്കാനുള്ള ബജറ്റ്) ആണെന്നായിരുന്നു ടി.എം.സി എം.പി കല്യാണ്‍ ബാനര്‍ജിയുടെ പ്രതികരണം. കേന്ദ്ര ബജറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദവി സംരക്ഷിക്കാനുള്ള തന്ത്രമാണെന്നും കല്യാണ്‍ ബാനര്‍ജി പറഞ്ഞു.
കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധിച്ചുകൊണ്ട് കേരളത്തിലെ ഇടതു എം.പിമാര്‍ പാര്‍ലമെറ്റില്‍ നിന്ന് ഇറങ്ങിപോയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി.
തൊഴിലില്ലായ്മ, പണപ്പെരുപ്പം, വിദ്യാഭ്യാസം, വിദ്യാഭ്യാസ വായ്പ, ആരോഗ്യം, വരുമാനം, കൃഷി, അഗ്‌നിപഥ് തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര ബജറ്റ് നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഇക്കാര്യങ്ങളെ കേന്ദ്ര ബജറ്റ് കണ്ണടച്ച് തള്ളിക്കളയുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചു.
Content Highlight: The India Alliance is preparing to protest against the 2024 Union Budget in front of the Parliament