ആന്റണി പെരുമ്പാവൂരുമായുള്ള സാമ്പത്തിക ഇടപാട്; മോഹന്‍ലാലിന്റെ മൊഴിയെടുത്ത് ആദായ നികുതി വകുപ്പ്
Entertainment news
ആന്റണി പെരുമ്പാവൂരുമായുള്ള സാമ്പത്തിക ഇടപാട്; മോഹന്‍ലാലിന്റെ മൊഴിയെടുത്ത് ആദായ നികുതി വകുപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 17th February 2023, 6:49 pm

മോഹന്‍ലാലിന്റെ മൊഴിയെടുത്ത് ആദായ നികുതി വകുപ്പ്. രണ്ട് മാസം മുമ്പ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പരിശോധനയുടെ ബാക്കിയായാണ് ഇപ്പോള്‍ മോഹന്‍ലാലിന്റെയും മൊഴിയെടുത്തിരിക്കുന്നത്. ചില സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത നേടാനാണ് പരിശോധനയെന്നാണ് ഇ.ഡി വൃത്തങ്ങള്‍ പറയുന്നത്.

മോഹന്‍ലാലിന്റെ കുണ്ടന്നൂരിലുള്ള ഫ്‌ളാറ്റിലെത്തിയാണ് ഇ.ഡി താരത്തിന്റെ മൊഴി രേഖപ്പെടുത്തിയത്. പരിശോധന നാലര മണിക്കൂറിലധികം നീണ്ടു നിന്നെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇതിന് മുമ്പ് 2011 ലും താരത്തിന്റെ വീട്ടില്‍ ആധായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

ചില പ്രമുഖ മലയാള നടന്‍മാരുടെ വിദേശ ബാങ്ക് അകൗണ്ടുകളും ഇ.ഡി പരിശോധന നടത്തുന്നുണ്ട്. നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട് രാജ്യത്തെ പ്രവര്‍ത്തനവും വരുമാനവും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നാണ് കണ്ടെത്തല്‍. പരിശോധന തുടരുമെന്നും അവര്‍ പറഞ്ഞു.

രണ്ട് മാസം മുമ്പാണ് നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റില്‍ സ്റ്റീഫന്‍ എന്നിവരുടെയും, നടന്‍ പൃഥ്വിരാജിന്റെയും വീടുകളിലും ഓഫീസിലും ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ പരിശോധന നടന്നത്.

സിനിമയില്‍ നിന്നുള്ള വരുമാന രേഖകള്‍ പരിശോധിച്ച് ചില രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടിയെന്നാണ് പുറത്ത് വരുന്ന വിവരം.

CONTENT HIGHLIGHT: The Income Tax Department took Mohanlal’s statement