| Monday, 16th December 2024, 2:04 pm

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; കാര്‍ പിടിച്ചെടുത്തു, പ്രതികളെ തിരിച്ചറിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഘത്തിന്റെ കാര്‍ കണ്ടെത്തി. സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായും കാര്‍ കസ്റ്റഡിയിലെടുത്തായുമാണ് റിപ്പോര്‍ട്ടുകള്‍.

കണിയാമ്പറ്റയില്‍ നിന്നാണ്  കാര്‍ കണ്ടെത്തിയത്. വയനാട് സ്വദേശി ഹര്‍ഷിദും സുഹൃത്തുക്കളുമാണ് പ്രതികള്‍.

പ്രതികള്‍ സഞ്ചരിച്ചിരുന്ന KL52 H 8733 എന്ന കാര്‍ മാനന്തവാടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു യുവാവിനെ അരക്കിലോമീറ്ററോളം വാഹനത്തിന്റെ ഡോറില്‍ കുരുക്കി വലിച്ചിഴച്ചത്. കൂടല്‍ കടവ് ചെമ്മാട് നഗറിലെ മാതനെയാണ് റോഡിലൂടെ വലിച്ചിഴച്ചത്.

സംഭവത്തില്‍ അരയ്ക്കും കൈകാലുകള്‍ക്കും സാരമായി പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കൂടല്‍ കടവ് ചെക്ക് ഡാം കാണാന്‍ എത്തിയ വിനോദ സഞ്ചാരികളുമായുണ്ടായ വാക്ക് തര്‍ക്കമാണ് മാതനെ റോഡിലൂടെ വലിച്ചിഴക്കാന്‍ കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. രണ്ട് കാറുകളില്‍ എത്തിയ വിനോദ സഞ്ചാരികളാണ് വലിച്ചിഴച്ചതെന്നും നാട്ടുകാര്‍ പറയുന്നു.

മാനന്തവാടി-പുല്‍പ്പള്ളി റോഡിലൂടെ അരക്കിലോമീറ്ററോളം ദൂരം വലിച്ചിഴയക്കുകയായിരുന്നു. പിന്നാലെ നാട്ടുകാര്‍ ഇടപെട്ടതോടെ കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു.

Content Highlight: The incident where the tribal youth was dragged along the road; The car was impounded and the accused identified

We use cookies to give you the best possible experience. Learn more