തിരുവനന്തപുരം: കട്ടിപ്പാറയില്‍ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. അധ്യാപികയുടെ മരണത്തില്‍ രണ്ടാഴ്ചക്കകം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
മാര്‍ച്ച് 26ന് കോഴിക്കോട് നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കുമെന്നും കമ്മീഷന്‍ പറഞ്ഞു. അധ്യാപികയുടെ മരണത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. നിലവില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് താമരശ്ശേരി എ.ഇ.ഒ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഇന്നലെ (ബുധന്‍) ഉച്ചയ്ക്ക് 3.30 ഓടെയാണ് അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിപ്പാറ സ്വദേശി അലീന ബെന്നി (29)യാണ് മരിച്ചത്. കോടഞ്ചേരി സെന്റ് ജോസഫ് എല്‍.പി സ്‌കൂളിലെ അധ്യാപികയായിരുന്നു അലീന.
ആറ് വര്‍ഷമായി ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമമാണ് അലീനയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. നേരത്തെ താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജ്മെന്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എല്‍.പി സ്‌കൂളിലാണ് അലീന ജോലി ചെയ്തിരുന്നത്.
ഇവിടെ അഞ്ച് വര്‍ഷക്കാലം അലീന അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. ആറ് വര്‍ഷം മുമ്പ് ജോലിക്കായി 13 ലക്ഷം രൂപ താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന് അലീന നല്‍കിയിട്ടുണ്ടെന്നും കുടുംബം പറയുന്നു. ഇക്കാരണങ്ങള്‍ അലീനയെ ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ശമ്പളം വേണ്ടെന്ന് നിര്‍ബന്ധിതമായി എഴുതി വാങ്ങിയെന്നും ആരോപണമുണ്ട്.
സ്ഥിരനിയമനം ലഭിക്കുമെന്ന് കാണിച്ചാണ് അധ്യാപികയെ കട്ടിപ്പാറ ഹോളി ഫാമിലി എല്‍.പി സ്‌കൂളില്‍ മാനേജ്മെന്റ് നിയമിക്കുന്നത്. എന്നാല്‍ ദീഘകാല അവധിയില്‍ പ്രവേശിച്ച മറ്റൊരു അധ്യാപികയുടെ ഒഴിവിലേക്കാണ് അലീനയെ നിയമിച്ചത്.
ഈ അധ്യാപിക അവധിയുടെ കാലാവധി പൂര്‍ത്തിയായ ശേഷം തിരിച്ചെത്തിയപ്പോള്‍ അലീനയെ കോടഞ്ചേരിയിലേക്ക് സ്ഥലം മാറ്റുകയാണ് ചെയ്തത്. സ്ഥിരനിയമനം കിട്ടുമെന്ന് കാണിച്ചാണ് അലീനയെ സ്ഥലം മാറ്റിയത്. എന്നാല്‍ കോടഞ്ചേരി സ്‌കൂളില്‍ നിന്നും അധ്യാപികക്ക് ശമ്പളം ലഭിച്ചിരുന്നില്ലെന്നാണ് വിവരം.
എന്നാല്‍ മാനേജ്‌മെന്റിന് എതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് താമരശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് പറഞ്ഞു. ഭിന്നശേഷി സംവരണത്തിലെ സാങ്കേതിക തടസങ്ങള്‍ മൂലമാണ് അധ്യാപികക്ക് സ്ഥിരം നിയമനം ലഭിക്കാതിരുന്നതെന്നാണ് വിശദീകരണം.
Content Highlight: The incident where the teacher committed suicide in Kattipara; Human Rights Commission filed a case