വഞ്ചിയൂരില്‍ ഗതാഗതം തടസപ്പെടുത്തി സി.പിഐ.എം ഏരിയ സമ്മേളനം നടത്തിയ സംഭവം; ഏരിയ സെക്രട്ടറി ഒന്നാം പ്രതി
Kerala News
വഞ്ചിയൂരില്‍ ഗതാഗതം തടസപ്പെടുത്തി സി.പിഐ.എം ഏരിയ സമ്മേളനം നടത്തിയ സംഭവം; ഏരിയ സെക്രട്ടറി ഒന്നാം പ്രതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th December 2024, 11:00 am

തിരുവനന്തപുരം: പാളയത്തെ വഞ്ചിയൂരില്‍ റോഡ് തടസപ്പെടുത്തി സി.പിഐ.എം ഏരിയ സമ്മേളനം നടത്തിയ സംഭവത്തില്‍  പാളയം ഏരിയ കമ്മിറ്റി സെക്രട്ടറി വഞ്ചിയൂര്‍ ബാബുവിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലീസ്. ഇയാള്‍ ഉള്‍പ്പെടെ 31 പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

ഗതാഗതം തടസപ്പെടുത്തി സമ്മേളനം നടത്തിയ സംഭവത്തില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. മരട് സ്വദേശി നല്‍കിയ കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

സംഭവം നടന്നിട്ട് പൊലീസ് കേസെടുക്കാന്‍ വൈകിയെന്ന വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍ കേസ് എടുത്തപ്പോള്‍ കണ്ടാല്‍ അറിയാവുന്ന 100 പേര്‍ക്കെതിരെ എന്ന രീതിയില്‍ കേസ് ഫയല്‍ ചെയ്തതും ഏറെ വിവാദമായി.

ഏകദേശം ഒരു ദിവസത്തോളം വഞ്ചിയൂരിലെ ഗതാഗത തിരക്കുള്ള റോഡ് സമ്മേളനം കാരണം തടസപ്പെട്ടിരുന്നു. ഡിസംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വഞ്ചിയൂരിലെ കോടതിക്കും പൊലീസ് സ്റ്റേഷനും സമീപമായി റോഡിന് ഒരുവശം കെട്ടിയടച്ചാണ് സമ്മേളനം നടത്തിയത്‌. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനായിരുന്നു സമ്മേളനം ഉദ്ഘാടനം ചെയ്തത്.

തുടര്‍ന്നാണ് പൊതുഗതാഗതം തടസപ്പെടുത്തിയുള്ള യോഗങ്ങള്‍ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി മരട് സ്വദേശി ഹരജി ഫയല്‍ ചെയ്തത്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും ഡി.ജി.പിയെയും എതിര്‍ കക്ഷിയാക്കിയാണ് ഹരജി ഫയല്‍ ചെയ്തത്.

എന്നാല്‍ സ്റ്റേജ് കെട്ടാന്‍ അനുമതി വാങ്ങിയെന്നായിരുന്നു സി.പി.ഐ.എം പാളയം ഏരിയ സെക്രട്ടറി പി. ബാബു നല്‍കിയ വിശദീകരണം. മറ്റ് റോഡുകള്‍ ഉള്ളതുകൊണ്ട് ഗതാഗത സ്തംഭനം ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: The incident where the CPI(M) Area Conference held a traffic jam in Vanjiyur; Area Secretary first culprit