പ്രധാനമന്ത്രി താമസിച്ച ഹോട്ടലിന്റെ ബില്‍ കുടിശ്ശികയായ സംഭവം; പണം കര്‍ണാടക സര്‍ക്കാര്‍ നല്‍കും
national news
പ്രധാനമന്ത്രി താമസിച്ച ഹോട്ടലിന്റെ ബില്‍ കുടിശ്ശികയായ സംഭവം; പണം കര്‍ണാടക സര്‍ക്കാര്‍ നല്‍കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th May 2024, 8:44 pm

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി താമസിച്ച ഹോട്ടലിന്റെ ബില്‍ കുടിശ്ശികയായ സംഭവത്തില്‍ പരിഹാരവുമായി കര്‍ണാടക സര്‍ക്കാര്‍. ഹോട്ടലിലെ ബില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് കര്‍ണാടക വനംവകുപ്പ് മന്ത്രി ഈശ്വര്‍ ബിന്ദ്ര അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പ്രധാനമന്ത്രി മൈസൂര്‍ സന്ദര്‍ശിച്ചപ്പോള്‍ താമസിച്ച ഹോട്ടലിനാണ് പണം നല്‍കാനുണ്ടായിരുന്നത്. 80 ലക്ഷം രൂപയായിരുന്നു ബില്‍. ഈ പണമാണ് കര്‍ണാടക സര്‍ക്കാര്‍ നല്‍കുക. ഇത് കുടിശ്ശികയായതോടെ ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ രൂക്ഷമായ പരിഹാസവും വിമര്‍ശനങ്ങളും ഏല്‍ക്കേണ്ടി വന്നിരുന്നു.

പ്രകാശ് രാജ് ഉള്‍പ്പടെയുള്ളവര്‍ ബി.ജെ.പിയെ പരിഹസിച്ചിരുന്നു. ദൈവം നേരിട്ട് ഭൂമിയിലേക്ക് അയച്ച ആളില്‍ നിന്നും താമസത്തിന് പണം ചോദിക്കാന്‍ എങ്ങനെയാണ് മനുഷ്യന് ധൈര്യം വന്നത് എന്നായിരുന്നു പ്രകാശ് രാജിന്റെ പരിഹാസം.

കേന്ദ്ര സഹയാത്തോടെയ നടപ്പിലാക്കുന്ന നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ പ്രൊജക്ട് ടൈഗര്‍ ഇവന്റിന്റെ 50ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനായിരുന്നു പ്രധാനമന്ത്രി മൈസൂരുവിലെത്തിയിരുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശാനുസരണം 2023 ഏപ്രില്‍ 9 മുതല്‍ 11 വരെയായിരുന്നു പരിപാടി.

പരിപാടിയിലുടനീളം കേന്ദ്രസര്‍ക്കാറിന്റെ സഹായമുണ്ടാകുമെന്നും വാഗ്ദാനമുണ്ടായിരുന്നു. പരിപാടിയുടെ നടത്തിപ്പിനായി 3 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്ന് നടത്തിയ പരിപാടിയായതിനാല്‍ ചെലവ് ഇരട്ടിയാകുകയും ചെയ്തു.

സാധാരണ ഗതിയില്‍ രാഷ്ട്രപ്രതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ വരുമ്പോള്‍ സ്വീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാറിന്റെ മര്യാദയാണെങ്കിലും കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലനിന്നിരുന്നു. അതിനാല്‍ തന്നെ പരിപാടിയുടെ നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാറിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ലെന്നും കര്‍ണാടക വനം വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പ്രധാനമന്ത്രി താമസിച്ച ഹോട്ടലിന്റെ ബില്‍ കുടിശ്ശികയായത് സംബന്ധിച്ച് സംസ്ഥാന വനംവകുപ്പ് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിക്ക് കത്തയച്ചിരുന്നെങ്കിലും ബില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ അടക്കണമെന്നാണ് മറുപടി ലഭിച്ചത്. ഈ സാഹചര്യത്തിലാണ് പണം അടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്.

ജൂണ്‍ 1നകം പണമടച്ചില്ലെങ്കില്‍ നിയമനടപടികളിലേക്ക് നീങ്ങുമെന്ന് ഹോട്ടല്‍ അധികൃതര്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. പണമടക്കാന്‍ വൈകുന്നപക്ഷം പലിശയിനത്തില്‍ 12.09 ലക്ഷം രൂപ കൂടി അധികം നല്‍കേണ്ടി വരുമെന്നും ഹോട്ടല്‍ അധികൃതര്‍ നല്‍കിയ നോട്ടീസില്‍ പറഞ്ഞിരുന്നു.

CONTENT HIGHLIGHTS: The incident where the bill of the hotel where the Prime Minister stayed was due; The money will be provided by the Government of Karnataka