ഇടുക്കി: ആദിവാസി യുവാവ് സരുണ്‍ സജിയെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ വനം വകുപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍. ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ബി.സി. ലെനിലിനെയാണ് പീരുമേട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഇടുക്കി കണ്ണമ്പടി ആദിവാസി ഊരിലെ സരുണിനെ കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ച കേസിലാണ് അറസ്റ്റ്.
സരുണ്‍ സജയ് നല്‍കിയ പരാതിയിലാണ് നടപടിയുണ്ടായിരിക്കുന്നത്. കേസില്‍ മൂന്ന് പേര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പ്രധാന പ്രതിയായ ഫോറസ്റ്റര്‍ അനില്‍ കുമാര്‍, ഫോറസ്റ്റ് ഡ്രൈവര്‍ ജിമ്മി, ബി.സി. ലെനില്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തള്ളിയത്.
ഇതില്‍ ലെനിലിനെയാണ് പീരുമേട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പുലര്‍ച്ചെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ ഒപ്പുത്തറ പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. കേസില്‍ ഇന്ന് വീണ്ടും അറസ്റ്റുകളുണ്ടാകാമെന്നാണ് റിപ്പോര്‍ട്ട്.
കേസില്‍ മൊത്തം 12 പ്രതികളാണുള്ളത്. അതില്‍ താല്‍ക്കാലിക ജീവനക്കാരായിട്ടുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
2020 സെപ്തംബര്‍ 20നായിരുന്നു സരുണ്‍ സജിക്കെതിരെ വനപാലകര്‍ കേസെടുത്തത്.
ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തിയെന്നാരോപിച്ചായിരുന്നു സരുണ്‍ സജിയെ കിഴുകാനം ഫോറസ്റ്റര്‍ അനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സരുണ്‍ ആദിവാസി സംഘടനയുടെ നേതൃത്വത്തില്‍ നിരാഹാരസമരം നടത്തിയതോടെ വനംവകുപ്പ് സി.സി.എ അന്വേഷണം ആരംഭിക്കുകയായിരുന്നു.