തൃശൂര്‍: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ഡോക്ടറുടെ കുറ്റസമ്മത മൊഴിയെന്ന പേരില്‍ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് പൊലീസിനെതിരെ അന്വേഷണത്തിന് ഉത്തരവ്.
പൊലീസിന്റെ നടപടിക്ക് വിധേയനായ യുവ ഡോക്ടറുടെ ബന്ധുക്കള്‍ തൃശൂര്‍ സിറ്റി പോലീസ് കമീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്.
‘കേസന്വേഷണവുമായി ബന്ധപ്പെട്ട്, യാതൊരു വിധ വിവരങ്ങളും വെളിപ്പെടുത്താന്‍ പാടില്ല എന്നിരിക്കെ, ആയതിന് വിരുദ്ധമായി ഈ കേസിലെ പ്രതിയെ ചോദ്യം ചെയ്യുന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതാണ്.
ഇക്കാര്യത്തെക്കുറിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇതിനു ഉത്തരവാദികളായിട്ടുള്ളവരെ കണ്ടെത്തുന്നതിനായി അന്വേഷണം നടത്തുന്നതിന് തൃശൂര്‍ അസിസ്റ്റന്റ് കമ്മീഷണറെ ചുമതലപ്പെടുത്തി,’ തൃശൂര്‍ സിറ്റി പൊലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഡോക്ടറെ രാത്രി തൃശൂര്‍ മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ പി.പി. ജോയിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. മൊഴിയെടുക്കുന്ന രംഗങ്ങള്‍ വീഡിയോവില്‍ പകര്‍ത്തി തൃശൂരിലെ ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് പൊലീ കൈമാറുകയായിരുന്നു. ഇത് വലിയ വിവാദമായിരുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍ അഖില്‍ മുഹമ്മദ് ഹുസൈന്‍ ആണ് ലഹരിമരുന്നുകളുമായി കഴിഞ്ഞ ദിവസം പിടിയിലായത്.
മെഡിക്കല്‍ കോളേജിന് സമീപത്തുള്ള ഹോസ്റ്റലില്‍ താമസിച്ച് വരികയായിരുന്നു ഇയാള്‍. ഇവിടെ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുമായി ഇയാള്‍ പിടിയിലായത്.
ഷാഡോ പൊലീസും മെഡിക്കല്‍ കോളേജ് പൊലീസും നടത്തിയ പരിശോധനയിലാണ് മെഡിക്കല്‍ കോളേജ് പരിസരത്തെ ഒരു സ്വകാര്യ ഹോസ്റ്റലില്‍നിന്ന് എം.ഡി.എം.എയും ഹാഷിഷ് ഓയിലും പിടികൂടിയത്. 2.4 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. ബെംഗളൂരുവില്‍നിന്നാണ് ഇത് എത്തിച്ചതെന്നായിരുന്നു വിവരം.