|

രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവം; പൊലീസ് നോട്ടീസ് നല്‍കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒളിവില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ പൊലീസ് നോട്ടീസ് നല്‍കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒളിവില്‍. ചോദ്യം ചെയ്യലിനായി ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഹാജരാകാനായി അഞ്ച് പേര്‍ക്കാണ് പൊലീസ് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എല്ലാവരും ഒളിവില്‍ പോയി.

തുടര്‍ന്നും ഇവര്‍ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവര്‍ക്കാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ശക്തമായ തെളിവുകളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്.

ബഫര്‍സോണ്‍ വിഷയത്തില്‍ എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭിത്തിയിലുണ്ടായിരുന്ന ഗാന്ധി ചിത്രം തകര്‍ത്തതെന്നാണ് നിഗമനം. ഇതിന്റെ ചിത്രമടക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളില്‍ എസ്.എഫ്.ഐക്കെതിരെയുള്ള പ്രചരണത്തിനായി ഉപയോഗിച്ചിരുന്നു.

എന്നാല്‍ വിദ്യാര്‍ഥി മാര്‍ച്ചിന് ശേഷവും ഗാന്ധി ചിത്രം ഓഫീസിലെ ചുമരിലുണ്ടായിരുന്നത് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നു. ചിത്രം തകര്‍ത്തത് എസ്.എഫ്.ഐക്കാരല്ലെന്ന് പൊലീസ് അന്വേഷണത്തിലും കണ്ടെത്തി. ഗാന്ധിയുടെ ചിത്രം താഴെയിട്ട് പൊട്ടിച്ച് സംസ്ഥാന വ്യാപക കലാപത്തിന് നീക്കം നടത്തിയതായി എ.ഡി.ജിപി മനോജ് അബ്രഹാം സര്‍ക്കാരിന് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.

ഉന്നത ഗൂഢാലോചനയുടെ ഭാഗമായാണ് രാഷ്ട്രപിതാവിന്റെ ചിത്രം തകര്‍ത്തന്നും, രാഷ്ട്രപിതാവിനെ കരുവാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് സി.പി.ഐ.എമ്മും ആരോപിച്ചിരുന്നു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ വയനാട് എം.പി ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസുകാരെ പ്രതിയാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ദീഖ് പറഞ്ഞു. നിരപരാധികളുടെ വീടുവളഞ്ഞ് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.

എന്തിനാണ് വീടുവളഞ്ഞ് ചോദ്യം ചെയ്യലിന് പൊലീസ് നോട്ടീസ് നല്‍കുന്നതെന്നും, കേസിലെ യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും പുറത്ത് നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എ.കെ.ജി സെന്റര്‍ ആക്രമണത്തിന്റെ ശ്രദ്ധതിരിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും ഭരണതലത്തില്‍ വലിയ ഗൂഢാലോചന നടക്കുകയാണെന്നും സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു.

Content Highlight: The incident of vandalizing Gandhi’s picture in Rahul Gandhi’s office; The Youth Congress workers, who were given a police notice, went into hiding