|

നവരാത്രി സ്റ്റാളുകളിലെ കാവിക്കൊടി കെട്ടല്‍; വി.എച്ച്.പി നേതാക്കള്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മംഗളൂരു: മംഗളാദേവി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിനായി ഒരുക്കിയ സ്റ്റാളുകളില്‍ കാവിക്കൊടി കെട്ടിയ വി.എച്ച്.പി (വിശ്വ ഹിന്ദു പരിഷത്ത്) നേതാക്കള്‍ക്കെതിരെ മംഗളൂരു സൗത്ത് സ്റ്റേഷന്‍ പൊലീസ് കേസെടുത്തു.

ഉത്സവുമായി ബന്ധപ്പെട്ട് ഒരുക്കിയ സ്റ്റാളുകളില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് വി.എച്ച്.പി നേതാക്കള്‍ കാവിക്കൊടി കെട്ടിയത്. ഹിന്ദു വ്യാപാരികളെ തിരിച്ചറിയാന്‍ വേണ്ടിയാണ് കൊടികള്‍ കെട്ടിയതെന്നും ഹിന്ദുക്കളായ വ്യപാരികള്‍ മാത്രം ഈ സ്റ്റാളുകളില്‍ വ്യാപാരം നടത്തണമെന്നും നേതാക്കള്‍ ആഹ്വനം ചെയ്തു.

സംഭവത്തില്‍ സൗത്ത് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ വിവരങ്ങള്‍ ശേഖരിച്ച് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.

വി.എച്ച്.പി ദക്ഷിണ കന്നഡ-ഉഡുപ്പി മേഖലയുടെ സെക്രട്ടറി ശരണ്‍ പമ്പുവെലിനും മറ്റ് നേതാക്കള്‍ക്കെതിരെയുമാണ് കേസ് എടുത്തിരിക്കുന്നതെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.

മംഗളൂരുവില്‍ ആദ്യമായി മുസ്ലിം വ്യാപാരികളെ ഒഴിവാക്കി ഒമ്പതു ലക്ഷം രൂപക്ക് 71 സ്റ്റാളുകള്‍ ക്ഷേത്ര കമ്മിറ്റി ലേലം ചെയ്തു. ക്ഷേത്ര പരിസരത്തു നിന്ന് അകലെയുള്ള 11 സ്റ്റാളുകകളുടെ ലേലം നടത്തിയതില്‍ ആറ് സ്റ്റാളുകള്‍ മുസ്ലിം വ്യാപാരികള്‍ക്ക് ലഭിച്ചിരുന്നു.

എന്നാല്‍ കാവിക്കൊടികള്‍ കെട്ടിയത് മുസ്ലിം വ്യാപാരികളെ വേര്‍തിരിച്ചു നിര്‍ത്താനും പൊതുതെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ ബി.ജെ.പി സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്നതുമാണെന്നും ആക്ഷേപം ഉയര്‍ന്നു.

സംഭവത്തിനെതിരെ ഡി.വൈ.എഫ്.ഐ കര്‍ണാടക സ്റ്റേറ്റ് അധ്യക്ഷനും സി.പി.ഐ.എം കമ്മിറ്റി മെമ്പറുമായ മുനീര്‍ കാട്ടിപ്പള്ള രംഗത്ത് വന്നിരുന്നു. കൂടാതെ ദളിത് സംഘര്‍ഷ സമിതി നേതാക്കളായ കെ.ദേവദാസ്, രഘു എന്നിവര്‍ വി.എച്ച്.പി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Content Highlight: The incident of tying saffron flags in Navaratri stalls: case against V.H.P leaders