| Saturday, 27th August 2022, 12:16 pm

വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവം; നീറ്റ് പരീക്ഷ വീണ്ടും നടത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രമഴിച്ച് പരിശോധനക്ക് വിധേയരായ വിദ്യാര്‍ത്ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്തുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(NTA). കൊല്ലം എസ്.എന്‍ കോളേജില്‍ സെപ്റ്റംബര്‍ നാലിനാണ് പരീക്ഷ നടക്കുക.

പരീക്ഷാ നടത്തിപ്പില്‍ പരാതി ഉന്നയിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷയെഴുതുവാനുളള അവസരം. വീണ്ടും പരീക്ഷയെഴുതാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ മാത്രം എഴുതിയാല്‍ മതിയെന്നും ദേശീയ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.

ദേശീയ ടെസ്റ്റിങ് ഏജന്‍സിയുടെ പരീക്ഷ അറിയിപ്പ് കിട്ടിയതായും ഹാള്‍ ടിക്കറ്റ് ലഭിച്ചുതുടങ്ങിയതായും കുട്ടികളുടെ രക്ഷിതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു. പരീക്ഷ വീണ്ടും എഴുതാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് വിദ്യാര്‍ത്ഥിനികള്‍ അറിയിച്ചു.

കൊല്ലം ആയൂര്‍ മാര്‍ത്തോമ്മ കോളേജിലെ നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രമാണ് പരീക്ഷ നടത്തിപ്പുകാര്‍ അഴിച്ച് പരിശോധിച്ചത്. കുട്ടികളുടെ അടിവസ്ത്രത്തില്‍ ലോഹഭാഗങ്ങള്‍ ഉള്ളതിനാല്‍ അടിവസ്ത്രം അഴിച്ചു മാറ്റണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.

അടിവസ്ത്രം അഴിച്ച് അപമാനിക്കപ്പെട്ട സാഹചര്യത്തില്‍ വീണ്ടും പരീക്ഷ നടത്താന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

സംഭവത്തില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വാദിച്ചിരുന്നു. ഇതിന് പിന്നാലെ കേരളത്തില്‍ നിന്നുള്ള എം. പിമാര്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് ദേശീയ ടെസ്റ്റിങ് ഏജന്‍സി അന്വേഷണ കമ്മീഷനെ നിയോഗിച്ചു.

കമ്മീഷന്‍ കൊല്ലത്തെ പരീക്ഷാ സെന്ററിലെത്തുകയും പരാതിപ്പെട്ട വിദ്യാര്‍ത്ഥിനികളില്‍ നിന്നും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. വീണ്ടും പരീക്ഷ നടത്താന്‍ അവസരം നല്‍കണമെന്ന് കമ്മീഷനോട് വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, സംഭവത്തില്‍ ഏഴ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. പരീക്ഷാ കേന്ദ്രത്തിന്റെ ചുമതല വഹിച്ചിരുന്ന ഐസക് രാജു, ഒബ്സര്‍വര്‍ ഡോ. ഷംനാദ്, കരാര്‍ ജീവനക്കാരായ മൂന്ന് പേര്‍, രണ്ട് കോളേജ് ജീവനക്കാര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

Content Highlight: The Incident of students who were humiliated during exam; NEET Exam will be re-conducted

Latest Stories

We use cookies to give you the best possible experience. Learn more