| Friday, 22nd November 2024, 11:09 am

ദാരിദ്ര്യത്തെ തുടര്‍ന്ന് കുഞ്ഞുങ്ങളെ വിറ്റ സംഭവം; നിയമനടപടിക്കൊരുങ്ങി ഒഡീഷ സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വര്‍: ദാരിദ്ര്യം മൂലം കുട്ടികളെ വിറ്റ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഒഡീഷ സര്‍ക്കാര്‍. രായഗഡ, ബൊലാംഗിര്‍ എന്നീ ജില്ലകളില്‍ നിന്ന് രണ്ട് കുട്ടികളെയാണ് മാതാപിതാക്കള്‍ കൈമാറിയത്.

കുട്ടികളെ കാണാതായെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ട് പേരെയും ആന്ധ്രാപ്രദേശില്‍ നിന്ന് കണ്ടെത്തി. ആന്ധ്രായിലെ കുട്ടികളില്ലാത്ത ദമ്പതികള്‍ക്കാണ് ഒഡീഷ രായഗഡ സ്വദേശികള്‍ കുട്ടികളെ നല്‍കിയത്.

ചൊവ്വാഴ്ച സംസ്ഥാന സര്‍ക്കാരിന് ദാരിദ്ര്യത്തെ തുടര്‍ന്ന് രണ്ട് കുട്ടികളെ രക്ഷിതാക്കള്‍ വിറ്റുവെന്ന പരാതി ലഭിക്കുകയായിരുന്നു. രായഗഡ സ്വദേശികളുടെ കുഞ്ഞിനെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് സമീപത്തുള്ള ആശ വര്‍ക്കര്‍മാരാണ് പരാതി നല്‍കിയത്.

പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. ആന്ധ്രാപ്രദേശില്‍ നിന്ന് കണ്ടെടുത്ത കുഞ്ഞിന് ഒമ്പത് ദിവസം മാത്രമേ പ്രായമുള്ളൂ. നിലവില്‍ കുഞ്ഞിനെ റായഗഡയിലെ ഒരു ആരോഗ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ചതായി ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ബിചിത്ര സേത്തി പറഞ്ഞു.

മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ വിട്ടുകൊടുക്കണോ വേണ്ടയോ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്നും ബിച്ചിത്ര അറിയിച്ചു. കൂടാതെ ആന്ധ്രാപ്രദേശില്‍ നിന്നുള്ള ദമ്പതികള്‍ കുഞ്ഞിനെ നിയമപരമായി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതായും ഡി.സി.പി.ഒ പറഞ്ഞു.

20,000 രൂപയ്ക്കാണ് ഒമ്പത് ദിവസം പ്രായമുള്ള കുഞ്ഞിനെ രക്ഷിതാക്കള്‍ വിറ്റത്. സ്റ്റാമ്പ് ഒട്ടിച്ച കരാര്‍ മുഖേന രക്ഷിതാക്കള്‍ കുഞ്ഞിനെ വില്‍ക്കുകയായിരുന്നു. രക്ഷിതാക്കള്‍ പണം സ്വീകരിച്ചിട്ടില്ലെന്നും എന്നാല്‍ പണമിടപാട് നടന്നിട്ടുണ്ടെന്നും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് അംഗം നിറകര്‍ പാധി പ്രതികരിച്ചു.

നുവാപദ സ്വദേശികളായ കുമുദ് ഗന്ത, രാഹുല്‍ ധന്ബേഡ എന്നിവരാണ് കുഞ്ഞിനെ നിയമവിരുദ്ധമായി കൈമാറിയത്. ഇവര്‍ക്ക് മൂന്ന് വയസുള്ള ഒരു മകളുണ്ടെന്നാണ് വിവരം.

അതേസമയം ദാരിദ്ര്യത്തെ തുടര്‍ന്ന് നവജാത ശിശുവിനെ വിറ്റെന്ന ബൊലാംഗിരില്‍ നിന്നുള്ള പരാതിയില്‍ ഉപമുഖ്യമന്ത്രി കെ.വി. സിങ് ദിയോ അന്വേഷണത്തിന് ഉത്തരവിട്ടു. കുഞ്ഞിന്റെ അമ്മയായ അരുണാബതി നാഗിന് കൈമാറ്റം ചെയ്ത കുട്ടിയെ കൂടാതെ അഞ്ച് കുട്ടികളുണ്ട്.

ആറ് കുട്ടികളെയും ഒരേപോലെ നോക്കാന്‍ കഴിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് അരുണാബതി കുഞ്ഞിനെ കൈമാറിയത്. അരുണാബതി സമ്മാനമെന്ന നിലയില്‍ കുഞ്ഞിനെ കൈമാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നിയവിരുദ്ധമായി കുഞ്ഞുങ്ങളെ കൈമാറിയ സംഭവത്തില്‍ ഉത്തരവാദികളായ മുഴുവന്‍ ആളുകള്‍ക്ക് നേരെയും നിയമനടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി അറിയിച്ചു.

Content Highlight: The incident of selling babies due to poverty; Odisha government prepared for legal action

We use cookies to give you the best possible experience. Learn more