കൊല്ലം: കൊല്ലത്ത് റെയില്‍വേ ട്രാക്കില്‍ ടെലിഫോണ്‍ പോസ്റ്റ് വെച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുണ്‍ എന്നിവരാണ് പിടിയിലായത്.
സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിക്കപ്പെട്ടത്. ഇന്ന് (ശനി) പുലര്‍ച്ചയോടെയാണ് സംഭവം നടന്നത്. രാവിലെ പൊലീസ് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ ഉള്ളവര്‍ തന്നെയാണ് പിടിയിലായത്.
കുണ്ടറയില്‍ ഓള്‍ഡ് ഫയര്‍ ഫോഴ്സ് ജങ്ഷന് സമീപത്തെ ട്രാക്കില്‍ ടെലിഫോണ്‍ പോസ്റ്റ് കണ്ട പ്രദേശവാസിയായ ഒരു യുവാവ് റെയില്‍വേ ജീവനക്കാരെയും എഴുകോണ്‍ പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ട്രാക്കില്‍ നിന്ന് പോസ്റ്റ് നീക്കം ചെയ്തു. ട്രാക്കില്‍ രണ്ട് തവണ പോസ്റ്റ് വെച്ച് പ്രതികള്‍ അപകടമുണ്ടാക്കാന്‍ ശ്രമിച്ചതായാണ് വിവരം.
സമീപത്തായി റോഡരികില്‍ കിടന്ന പഴയ പോസ്റ്റാണ് പാളത്തില്‍ കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. നിലവില്‍ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.
സംഭവത്തില്‍, കുണ്ടറയില്‍ നടന്നത് ട്രെയിന്‍ അപകടം ഉണ്ടാക്കുവാനുള്ള ശ്രമമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് എം.എല്‍.എ വിഷ്ണുനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും കേരളവും കേന്ദ്ര ഏജന്‍സികളും അന്വേഷണം നടത്തണമെന്നും എം.എല്‍.എ പറഞ്ഞു.
പാലരുവി എക്‌സ്പ്രസിനെ അപായപ്പെടുത്താനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പ്രതികരിച്ച് കോണ്‍ഗ്രസ്-ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
Content Highlight: The incident of placing a telephone post on the railway track in Kollam; The accused are under arrest