ബെംഗളൂരു: മസ്ജിദ് പരിസരത്ത് ജയ്ശ്രീം റാം വിളിച്ചതുമായി ബന്ധപ്പെട്ട് കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായി നല്‍കിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ദക്ഷിണ കന്നടയിലെ ബദ്രിയ ജുമാമസ്ജിദ് പരിസരത്ത് ജയ് ശ്രീറാം വിളിച്ചതിന് രണ്ട് പേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കിയ 2024 സെപ്റ്റംബര്‍ 13ലെ കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് ഹരജി .
മസ്ജിദില്‍ കയറുകയും പ്രകോപനപരമായി ജയ് ശ്രീറാം വിളിക്കുകയും ചെയ്ത രണ്ട് വ്യക്തികള്‍ക്കെതിരായ നടപടികള്‍ കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. പിന്നാലെ കര്‍ണാടക ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത അഭിഭാഷകന്‍ ജാവേദുര്‍ റഹ്‌മാന്‍ നല്‍കിയ ഹരജിയാണ് സുപ്രീം കോടതി പരിഗണിക്കുക.
ക്രിമിനല്‍ നടപടികളെ അപലപിച്ചിരുന്ന സുപ്രീം കോടതി വിധികളുടെ ലംഘനമാണ് കര്‍ണാടക ഹൈക്കോടതിയുടെ വിധിയെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. നടപടികള്‍ റദ്ദാക്കിയ വിധി സമൂഹത്തിലെ ന്യൂനപക്ഷങ്ങളെ ന്യായീകരിക്കാനും ചൂഷണം ചെയ്യാനും സഹായിക്കുമെന്നും ഹരജിയില്‍ പറയുന്നു.
കര്‍ണാടക ഹൈക്കോടതി വിധിയില്‍ ജയ്ശ്രീ റാം വിളിക്കുന്നത് മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് കരുതുന്നില്ല എന്ന് പറഞ്ഞതിനെയും ഹരജിയില്‍ വിമര്‍ശിക്കുന്നുണ്ട്. ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങള്‍ നേരിടുന്ന യാഥാര്‍ത്ഥ്യങ്ങളെ തള്ളിക്കളയുന്നതാണ് ഇത്തരം പരാമര്‍ശങ്ങളെന്നും ഹരജിയില്‍ പറയുന്നു.
ദക്ഷിണ കന്നഡ ജില്ലയിലെ കഡബ പൊലീസ് സ്റ്റേഷനില്‍ 2023 സെപ്റ്റംബര്‍ 25 ന് ഹെയ്ദര്‍ അലി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കീര്‍ത്തന്‍ കുമാറിനും സച്ചിന്‍ കുമാര്‍ എന്‍.എമ്മിനുമെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറും ക്രിമിനല്‍ നടപടികളും ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ആരെങ്കിലും ‘ജയ് ശ്രീറാം’ എന്ന് വിളിച്ചാല്‍ അത് ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തുമെന്ന് മനസ്സിലാക്കാന്‍ കഴിയില്ലെന്നായിരുന്നു ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പറഞ്ഞത്.
Content Highlight: The incident of Jaishream calling in the mosque; The Supreme Court will consider the plea against the Karnataka High Court verdict