പരാതിയില്ലെന്ന് അധ്യാപകന്റെ മൊഴി; മഹാരാജാസ് സംഭവത്തില്‍ പൊലീസ് കേസില്ല
കൊച്ചി: മഹാരാജാസ് കോളേജില്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ കേസെടുക്കില്ലെന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ്. പരാതിയില്ലെന്ന് അധ്യാപകന്‍ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. താന്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്റെ പരാതി കോളേജിന് അകത്ത് നിക്കണമെന്നുമാണ് അധ്യാപകന്‍ പൊലീസിനോട് ആവശ്യപ്പെട്ടത്.
ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമ പ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോളേജ് അധികൃതര്‍ സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു അധ്യാപകനായ പ്രിയേഷിനെ വിദ്യാര്‍ത്ഥികള്‍ കളിയാക്കുന്ന വീഡിയോ പുറത്ത് വന്നത്. സംഭവത്തില്‍ കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റടക്കമുള്ള ആറ് വിദ്യാര്‍ത്ഥികളെ കോളേജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവം അന്വേഷിക്കാന്‍ മൂന്നംഗ ആഭ്യന്തര സമിതിയെ കോളേജ് നിയോഗിക്കുകയും ചെയ്തു. ഇവരുടെ അന്വേഷണം നടന്നുവരികയാണ്. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കോളേജ് തുടര്‍നടപടികള്‍ സ്വീകരിക്കുക.
കോളേജിലെ മൂന്നാം വര്‍ഷ ബി.എ പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസിലെ വിദ്യാര്‍ത്ഥികളാണ് അധ്യാപകന്‍ പ്രിയേഷിനെ അപമാനിച്ചത്. എന്നാല്‍ അഞ്ച് പത്ത് സെക്കന്‍ഡ് മാത്രമുള്ള വീഡിയോ തെറ്റായിട്ടാണ് വ്യാഖ്യാനിക്കപ്പെട്ടതെന്ന് സംഭവത്തില്‍ ഉള്‍പ്പെട്ട കെ.എസ്.യു നേതാവ് മുഹമ്മദ് ഫാസില്‍ പറഞ്ഞു. ക്ലാസ് കഴിഞ്ഞതിന് ശേഷമുള്ള വീഡിയോയാണ് പുറത്ത് വന്നതെന്നും മുഹമ്മദ് അറിയിച്ചിരുന്നു. അറ്റന്റന്‍സ് മാറ്റര്‍ എന്ന തലക്കെട്ടിലായിരുന്നു വീഡിയോ പ്രചരിച്ചത്.
അതേസമയം, വീഡിയോ പുറത്ത് വന്ന സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കെ.എസ്.യു പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Content Highlights: The incident of insulting a teacher in Maharajas; Police will not file a case