തോല്‍പ്പെട്ടിയിലെ ആദിവാസി കുടിലുകള്‍ പൊളിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വനംമന്ത്രി
Kerala News
തോല്‍പ്പെട്ടിയിലെ ആദിവാസി കുടിലുകള്‍ പൊളിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വനംമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th November 2024, 6:54 pm

കല്‍പ്പറ്റ: മാനന്തവാടിയിലെ തോല്‍പ്പെട്ടിയില്‍ വനംവകുപ്പ് അധികൃതര്‍ മൂന്ന് ആദിവാസി കുടുംബങ്ങളെ കുടിയൊഴിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. വിഷയത്തില്‍ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ എടുക്കാനാണ് മന്ത്രി ഉത്തരവിട്ടിരിക്കുന്നത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് അന്വേഷണ ചുമതല.

സംഭവത്തില്‍ പ്രതിഷേധിച്ച് കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസി കുടുംബങ്ങള്‍ വനം വകുപ്പ് ഓഫീസിന് മുമ്പില്‍ സമരത്തിലാണ്. ബി.ജെ.പി, കോണ്‍ഗ്രസ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെയാണ് മാനന്തവാടി തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടിയില്‍ നിന്ന് മൂന്ന് ആദിവാസി കുടുംബങ്ങളെ വനം വകുപ്പ് അധികൃതര്‍ കുടിയൊഴിപ്പിച്ചത്. തോല്‍പ്പെട്ടിയിലെ കൊല്ലിമലയില്‍ 16 വര്‍ഷമായി താമസിക്കുന്ന കുടുംബത്തിനാണ് വീടുകള്‍ നഷ്ടമായത്. പകരം ബദല്‍ സംവിധാനങ്ങള്‍ ഒരുക്കി നല്‍കാമെന്ന് അധികൃതര്‍ വാക്ക് നല്‍കിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടിട്ടില്ലെന്നും കുടുംബങ്ങള്‍ ആരോപിച്ചു.

തോല്‍പ്പെട്ടി റേഞ്ചിലെ വന്യജീവി വകുപ്പിന്റെ കീഴിലുള്ള ഭൂമിയിലാണ് കുടിലുകള്‍ ഉണ്ടായിരുന്നത്. വന്യജീവി സങ്കേതത്തിന്റെ അകത്താണ് ഇവര്‍ കുടിലുകള്‍ സ്ഥാപിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മറ്റ് എവിടേക്കും പോവാന്‍ ഇടമില്ലാത്തതിനാല്‍ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബം ഇന്നലെ ഈ തകര്‍ന്ന കുടിലുകളില്‍ തന്നെയാണ് താമസിച്ചത്.

അതേസമയം പട്ടിക ജാതി-പട്ടിക വകുപ്പ് മന്ത്രിയായ ഒ.ആര്‍. കേളുവിന്റെ മണ്ഡലത്തില്‍ തന്നെ ആദിവാസി കുടുംബങ്ങള്‍ക്കെതിരെ ഇത്തരമൊരു അതിക്രമം ഉണ്ടായതിനാല്‍ കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കള്‍ ഈ വിഷയത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ഏറെ സങ്കടകരമായതും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമായ കാര്യമാണ് തോല്‍പ്പെട്ടിയില്‍ ഉണ്ടായതെന്നാണ് കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ദിഖ് ഈ വിഷയത്തില്‍ പ്രതികരിച്ചത്.

സംഭവിക്കാന്‍ പാടില്ലാത്ത അതീവ ഗുരുതരമായ കാര്യമാണ് തോല്‍പ്പെട്ടിയില്‍ സംഭവിച്ചതെന്നും മൂന്ന് ആദിവാസി കുടുംബങ്ങളും 16 കൊല്ലമായി അവിടെ താമസിച്ച് വരുകയാണെന്നും അങ്ങനെയിരിക്കെ ഒരു സുപ്രഭാതത്തില്‍ വീട്ടില്‍ നിന്ന് വലിച്ചെറിയാന്‍ ആരാണ് വനം വകുപ്പ് അധികൃതര്‍ക്ക് അനുമതി നല്‍കിയതെന്നും എം.എല്‍.എ ചോദിച്ചു.

Content Highlight: The incident of demolition of tribal huts in Tholpetty; The forest minister ordered an investigation