പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ പള്ളികള്‍ കത്തിച്ച സംഭവം; 100ലധികം പേര്‍ അറസ്റ്റില്‍; 600 പേര്‍ക്കെതിരെ കേസ്
World News
പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ പള്ളികള്‍ കത്തിച്ച സംഭവം; 100ലധികം പേര്‍ അറസ്റ്റില്‍; 600 പേര്‍ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th August 2023, 9:34 am

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ കത്തിച്ച സംഭവത്തില്‍ നൂറിലധികം പേരെ അറസ്റ്റ് ചെയ്തു. 21 പള്ളികള്‍ കത്തിക്കുകയും നിരവധി വീടുകള്‍ ആക്രമിക്കുകയും ചെയ്ത സംഭവത്തിലാണ് നടപടി.

രണ്ട് ക്രിസ്ത്യാനികള്‍ ഖുറാന്‍ കീറിയതായി ആരോപിച്ചാണ് ബുധനാഴ്ച ഫൈസലാബാദ് ജില്ലയിലെ ജറന്‍വാല തഹ്സിലിലെ ക്രിസ്ത്യാനികളുടെ നിരവധി പള്ളികളും വീടുകളും ജനക്കൂട്ടം ആക്രമിച്ചത്. ജറന്‍വാലയിലെ സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച്, യുണൈറ്റഡ് പ്രിബൈസ്റ്റേറിയന്‍ ചര്‍ച്ച്, അലൈഡ് ഫൗണ്ടേഷന്‍ ചര്‍ച്ച്, ഷെറുണ്‍ വാല ചര്‍ച്ച് തുടങ്ങിയവയാണ് കത്തിച്ചത്.

മതനിന്ദ ആരോപിച്ച് ക്രിസ്ത്യാനികളുടെ വീടുകളും പള്ളികളും ആക്രമിച്ചതിന് തീവ്രവാദ ഗ്രൂപ്പായ തെഹ്രീക്-ഇ-ലബ്ബയ്ക് പാകിസ്ഥാന്‍ (ടി.എല്‍.പി) പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നൂറിലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു.

‘ജറന്‍വാലയിലെ ന്യൂനപക്ഷ സമുദായക്കാരുടെ പള്ളികള്‍ക്കും വീടുകള്‍ക്കും നേരെയുണ്ടായ അക്രമത്തില്‍ 100ലധികം അക്രമികളെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തീവ്രവാദം, മതനിന്ദ എന്നീ കുറ്റങ്ങള്‍ ചുമത്തി സംശയിക്കപ്പെടുന്ന 600 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

അക്രമം നടന്നയിടത്ത് സമാധാനം പുനഃസ്ഥാപിച്ചു. ന്യൂനപക്ഷ ക്രിസ്ത്യന്‍ സമൂഹത്തിന്റെ പള്ളികള്‍ക്കും വീടുകള്‍ക്കും പുറത്ത് പൊലീസിന്റെ കനത്ത സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്,’ പഞ്ചാബ് കെയര്‍ടേക്കര്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി അമീര്‍ മിര്‍ പറഞ്ഞു.

വിഷയത്തില്‍ ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ജറന്‍വാലയില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ ഒഴികെ എല്ലാ യോഗങ്ങളും നിരോധിച്ചുകൊണ്ട് ജില്ലാ ഭരണകൂടം ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ജറന്‍വാലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളും വ്യാഴാഴ്ച അടച്ചിടുമെന്നും റിപ്പോര്‍ട്ടുണ്ട്.

അക്രമികള്‍ 21 പള്ളികള്‍ കത്തിക്കുകയോ നശിപ്പിക്കുകയോ ചെയ്തുവെന്നും നൂറുകണക്കിന് ബൈബിളിന്റെ പകര്‍പ്പുകള്‍ കത്തിച്ചുവെന്നും ക്രിസ്ത്യന്‍ സാമുദായിക നേതാക്കള്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. ഒരു പാസ്റ്ററുടെ വസതിയുള്‍പ്പെടെ ക്രിസ്ത്യാനികളുടെ 35 വീടുകളും നശിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ പ്രദേശത്ത് സമാധാനം പുനഃസ്ഥാപിച്ചെങ്കിലും ഇസ്ലാമിസ്റ്റുകള്‍ വീണ്ടും ആക്രമണം നടത്തിയേക്കുമെന്ന് ക്രിസ്ത്യാനികള്‍ ഭയപ്പെടുന്നുവെന്നും സാമുദായിക നേതാക്കള്‍ പറയുന്നു.

ബുധനാഴ്ച നടന്ന കലാപത്തെത്തുടര്‍ന്ന് മൂവായിരത്തിലധികം പൊലീസുകാരെയും രണ്ട് കമ്പനി പാകിസ്ഥാന്‍ റേഞ്ചേഴ്‌സിനെയുമാണ് ജറന്‍വാലയില്‍ വിന്യസിച്ചിട്ടുള്ളത്.

ക്രിസ്ത്യാനിയായ ഷൗക്കത്ത് മസിഹ് ജറന്‍വാലയിലെ അസിസ്റ്റന്റ് കമ്മീഷണറായത് മുതല്‍ ചില പ്രാദേശിക മുസ്‌ലിങ്ങള്‍ക്ക് പ്രശ്‌നമുണ്ടായെന്ന് പാക് സെന്റര്‍ ഫോര്‍ ലോ ആന്‍ഡ് ജസ്റ്റിസ് നെപ്പോളിയന്‍ ഖയ്യൂം പറഞ്ഞു.

‘ദൈവനിന്ദയുടെ പേരില്‍ അവര്‍ ആദ്യം എ.സിയുടെ ഓഫീസ് അക്രമിക്കാനാണ് നീങ്ങിയത്. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.

ക്രിസ്ത്യാനികള്‍ക്കും അവരുടെ പുണ്യസ്ഥലങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടവരെ പാകിസ്ഥാന്‍ അധികാരികള്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നിരുന്നുവെങ്കില്‍, ജരന്‍വാല സംഭവം ഒഴിവാക്കാമായിരുന്നു,’ അദ്ദേഹം പറഞ്ഞു.

ഇസ്‌ലാം ഒഴികെയുള്ള മതങ്ങള്‍ പിന്തുടരുന്ന ആളുകളുടെ ആരാധനാലയങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പാകിസ്ഥാന്‍ ഭരണകൂടം പരാജയപ്പെട്ടെന്ന് പാകിസ്ഥാനിലെ സഭ ബിഷപ്പ് ആസാദ് മാര്‍ഷലും പറഞ്ഞു.

കലാപത്തെ തുടര്‍ന്ന് ഭൂരിഭാഗം ക്രിസ്ത്യാനികളും ബുധനാഴ്ച തന്നെ പ്രദേശം വിട്ടിട്ടുണ്ടെന്നാണ് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാര്‍ തങ്ങള്‍ക്ക് സുരക്ഷ നല്‍കുകയും വീടുകളും പള്ളികളും ആക്രമിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നത് വരെയും ഞങ്ങള്‍ക്ക് ഞങ്ങളുടെ വീടുകളിലേക്ക് മടങ്ങാന്‍ സാധിക്കില്ലെന്ന് സംഘര്‍ഷത്തെ തുടര്‍ന്ന് പലായനം ചെയ്ത ക്രിസ്ത്യന്‍ കുടുംബങ്ങള്‍ പറഞ്ഞു.

എന്നാല്‍ ബുധനാഴ്ച നടന്ന കലാപത്തെത്തുടര്‍ന്ന് മൂവായിരത്തിലധികം പൊലീസുകാരെയും രണ്ട് കമ്പനി പാകിസ്ഥാന്‍ റേഞ്ചേഴ്‌സിനെയുമാണ് ജറന്‍വാലയില്‍ വിന്യസിച്ചിട്ടുള്ളത്. ന്യൂനപക്ഷ സമുദായങ്ങളുടെയും കമ്യൂണിറ്റികളുടെയും 70 പൊലീസുകാരെ ഉള്‍പ്പെടുത്തി ഇസ്‌ലാമാബാദ് പൊലീസ് ന്യൂനപക്ഷ സംരക്ഷണ യൂണിറ്റ് രൂപീകരിച്ചിട്ടുണ്ട്.

പാകിസ്ഥാനില്‍ പള്ളികള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് അമേരിക്ക അറിയിച്ചു. ന്യൂനപക്ഷ ക്രിസ്ത്യന്‍ സമൂഹത്തിന്റെ സംരക്ഷണം അധികാരികള്‍ ഉറപ്പാക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

content highlights: The incident of burning Christian churches in Pakistan; More than 100 people were arrested; Case against 600 people